തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാന്‍ കഴിഞ്ഞ ഈ താരത്തിന് ആരാധകര്‍ ഏറെയാണ്. കാതല്‍ കോട്ടൈ, ധീന തുടങ്ങിയ ആദ്യകാല ചിത്രങ്ങളിലാണ് അജിത് കുമാര്‍ എന്ന നടനെ പ്രേക്ഷകര്‍ സ്‌നേഹിക്കാന്‍ ആരംഭിച്ചത്. സിക്‌സ് പാക്കോ ഞെട്ടിക്കുന്ന ഡയലോഗുകളോ ത്രസിപ്പിയ്ക്കുന്ന ആക്ഷന്‍ രംഗങ്ങളോ ഒന്നുമല്ല, നിഷ്‌കളങ്കമായ ചിരിയും തന്മയത്വത്തോടെയുള്ള അഭിനയവുമാണ് അജിത്തിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. നരകയറിയ തലയാണ് ഈ ‘തല’യുടെ മറ്റൊരു അടയാളം.
മോട്ടര്‍ മെക്കാനിക്കായി 1995ല്‍ തുടങ്ങിയ അഭിനയം, സഹനടനായി നടനായി ഇപ്പോള്‍ തമിഴകത്തെ മുടിചൂടാ മന്നനുമായി നില്‍ക്കുന്നു. ആരാധകര്‍ക്ക് തല വെറുമൊരു താരമല്ല, അവരിലൊരാളാണ്. ഒരു ഫേസ്ബുക്ക് പേജോ വെബ് സൈറ്റോ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും അജിത്ത് തരംഗമാണ്. മറ്റു നായകന്മാരുമായുള്ള താരതമ്യത്തിനും ഇവിടെ പ്രസക്തിയില്ല. ‘തല’ തലമാത്രമാണ് ആരാധകര്‍ക്ക്. അജിത്തെന്ന അഭിനേതാവിനേക്കാളുപരി അവര്‍ ആരാധിക്കുന്നത് അജിത്തെന്ന പച്ച മനുഷ്യനെയാണ്.
എന്നാല്‍ അഭിനയജീവിതത്തില്‍ തന്റേതായ വെല്ലുവിളികള്‍ അദ്ദേഹം നേരിടുകയും ചെയ്തിരുന്നു. അക്കാര്യം ഒരുപക്ഷെ പുറത്താരും അറിഞ്ഞിരിക്കാന്‍ സാധ്യതയുമില്ല. അജിത്തിന്റെ ആദ്യ ചിത്രം എന്ന നിലയില്‍ രേഖപ്പെടുത്താവുന്ന സിനിമയാണ് ‘അമരാവതി’. റൊമാന്റിക് ഡ്രാമാ ചിത്രമാണിത്. പക്ഷേ ഇതിനു ശേഷം അജിത് ജീവിതത്തിലെ ഒരു വലിയ വെല്ലുവിളിയിലൂടെ കടന്നുപോയ വിവരം ഒരുപക്ഷേ പലരും അറിഞ്ഞിരിക്കില്ല. അജിത്തിന്റെ ആദ്യ സുപ്രധാന റിലീസ് ചിത്രമായിരുന്നു ‘അമരാവതി’.
ഒരു കാര്‍ അപകടം ഏല്‍പിച്ച ആഘാതത്തില്‍ അദ്ദേഹം രണ്ട് വര്‍ഷത്തോളം കിടന്ന കിടപ്പിലാകേണ്ടി വന്നു എന്ന് റിപോര്‍ട്ടുകള്‍ രേഖപ്പെടുത്തുന്നു. ഇതിനു ശേഷം മാനസികമായും അജിത്കുമാര്‍ ഏറെ തകര്‍ന്നുവത്രെ. മൂന്ന് പ്രധാന സര്‍ജറികള്‍ അജിത്തിന് വേണ്ടിവന്നു. കരിയര്‍ തുടങ്ങിയ വേളയില്‍ സംഭവിച്ച കാര്യമായിരുന്നു ഇത്. എന്നാല്‍ ഇതിലൊന്നും തളരാതെ അദ്ദേഹം 1995ലെ ‘ആസൈ’ എന്ന സിനിമയിലൂടെ തിരികെയെത്തി. ഈ ചിത്രം ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റായിരുന്നു. അദ്ദേഹത്തിന്റെ കരിയറില്‍ ചിത്രം നിര്‍ണായകമായി മാറി.
നടി സുവലക്ഷ്മി, പ്രകാശ് രാജ്, രോഹിണി, വടിവേലു തുടങ്ങിയവരും സിനിമയില്‍ വേഷമിട്ടു. ഈ ചിത്രത്തിന് ശേഷം അജിത്തിന് തിരഞ്ഞു നോക്കേണ്ടിവന്നില്ല. ഇതിനു ശേഷവും പലതവണ ഷൂട്ടിങ്ങിനിടെ അദ്ദേഹത്തിന് ശസ്ത്രക്രിയകള്‍ വേണ്ടിവരികയുണ്ടായി. ‘വലിമൈ’ എന്ന സിനിമയുടെ ഷൂട്ടിംഗ് വേളയിലും അജിത്തിന് ചെറിയ രീതിയില്‍ പരിക്കേറ്റിരുന്നു. അജിത്തിന്റെ ഓര്‍ത്തോപീഡിക് സര്‍ജന്‍ നരേഷ് പത്മനാഭന്‍ പറയുന്നതനുസരിച്ച് കഴിഞ്ഞ 15 വര്‍ഷത്തിനിടെ സ്റ്റണ്ട് ചെയ്യുന്നതിനിടെയുണ്ടായ പരിക്കുകള്‍ക്ക് നട്ടെല്ല്, തോളുകള്‍, കാലുകള്‍ എന്നിവയില്‍ അജിത്കുമാര്‍ നിരവധി ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്.
തന്റെ സിനിമയില്‍ നായികയായ ശാലിനിയെയാണ് അജിത്കുമാര്‍ വിവാഹം ചെയ്തത്. 2000ത്തിലായിരുന്നു ഇവരുടെ വിവാഹം. അനോഷ്‌ക, ആദ്‌വിക് എന്നിവര്‍ മക്കളാണ്. ഹൈദരാബാദില്‍ ജനിച്ച അജിത്തിന്റെ അമ്മ ബംഗാളിയാണ്. കരിയറിന്റെ തുടക്കത്തില്‍ തമിഴ് സംസാരിക്കാന്‍ അജിത്ത് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അജിത്തിന്റെ മൂത്ത ജ്യേഷ്ഠന്‍ ന്യൂയോര്‍ക്കില്‍ ഒരു സ്‌റ്റോക്ക് ബ്രോക്കറായി പ്രവര്‍ത്തിച്ചു വരികയാണ്. ഐ ഐ ടി മദ്രാസില്‍ നിന്ന് ബിരുദം നേടിയിട്ടുള്ള ഇളയ അനിയന്‍ സിയാറ്റിലില്‍ ജീവിക്കുന്നു. അജിത്തിന് രണ്ട് ഇരട്ട സഹോദരികള്‍ കൂടി ഉണ്ടായിരുന്നു. അവര്‍ ചെറുപ്പത്തില്‍ തന്നെ മരിച്ചുപോയി.
അമര്‍കളം എന്ന സിനിമയില്‍ തന്റെ കൂടെ അഭിനയിച്ച ശാലിനിയുമായി 1999ലാണ് അജിത്ത് പ്രണയത്തിലാകുന്നത്. ഇരു കുടുംബങ്ങളുടെയും ആശിര്‍വാദങ്ങളോടെ അവര്‍ 2000ത്തില്‍ വിവാഹം കഴിക്കുകയായിരുന്നു. ലാളിത്യത്തിന്റെ പ്രതീകമായി അജിത്ത് പൊതുവെ അറിയപ്പെടാറുണ്ട്.
ഒരു താരത്തില്‍ നിന്ന് പ്രതീക്ഷിക്കാത്ത പ്രവൃത്തികളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് അദ്ദേഹം. ഒരു അഭിനേതാവാവുക എന്നതിനേക്കാള്‍ അജിത്ത് ആഗ്രഹിച്ചിരുന്നത് ഒരു റെയ്‌സ്‌കാര്‍ െ്രെഡവര്‍ ആവാനായിരുന്നു.
ഒരു പ്രൊഫഷണല്‍ കാര്‍ െ്രെഡവര്‍ ആകാനുള്ള പരിശീലനത്തിന് വേണ്ടിയാണ് അദ്ദേഹം മോഡലിങിനെ ഒരു വരുമാന മാര്‍ഗമായി അവലംബിച്ചത്. 1993ല്‍ അമരാവതി എന്ന ചിത്രത്തില്‍ ആദ്യമായി നായകവേഷത്തില്‍ എത്തിയതിന് ശേഷവും അദ്ദേഹം ആ ആഗ്രഹം ഉപേക്ഷിച്ചിരുന്നില്ല. എന്നാല്‍, ഒരു അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റതിനു ശേഷം അജിത്ത് കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പല അന്താരാഷ്ട്ര റെയ്‌സുകളിലും അജിത്ത് പങ്കെടുത്തിട്ടുണ്ട്.
ഫാന്‍സ് അസോസിയേഷനുകള്‍ പിരിച്ചുവിടാന്‍ മുന്‍കൈയെടുത്ത ആദ്യത്തെ തമിഴ് നടനാണ് അജിത്ത്. തന്റെ ഫാന്‍ ക്ലബ്ബുകള്‍ ധനസമാഹരണം നടത്താനായി തന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി ബോധ്യപ്പെട്ട അജിത്ത് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, അതുകൊണ്ട് കാര്യമായ മാറ്റം ഉണ്ടാകാതെ വന്നപ്പോള്‍ 2011ല്‍ തന്റെ 40ാംജന്മദിനത്തില്‍ എല്ലാ ഫാന്‍സ് അസോസിയേഷനുകളും പിരിച്ചുവിടാന്‍ തീരുമാനിക്കുകയായിരുന്നു.