തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തമിഴ് സൂപ്പർ താരമാണ് തലയെന്ന് സിനിമാപ്രേമികൾ വിശേഷിപ്പിക്കുന്ന നടൻ അജിത്ത് കുമാർ. ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ മാത്രം നടനാവുകയും അല്ലാത്തപ്പോൾ ഒരു സാധാരണക്കാരനെപ്പോലെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനുമാണ് അജിത്തിന് ഇഷ്ടം.
സ്റ്റാർഡം തലയ്ക്ക് പിടിക്കാത്ത ചുരുക്കം ചില നടന്മാരിൽ ഒരാൾ കൂടിയാണ് അജിത്ത് കുമാർ. വളരെ വിരളമായി മാത്രമാണ് അജിത്ത് കുമാർ ഇപ്പോൾ സിനിമകൾ ചെയ്യുന്നത്. അല്ലാത്തപ്പോഴെല്ലാം താരം ബൈക്ക് റൈഡിങും മറ്റുമായി ലോകം ചുറ്റുകയാണ്. ഇപ്പോഴിതാ വീണ്ടും വലിയ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടിരിക്കുകയാണ് നടൻ.
ഒരു മാസത്തിനിടെ തന്റെ റേസിംഗ് കരിയറിൽ ഉണ്ടായ രണ്ടാമത്തെ വലിയ അപകടമാണിത്. സ്പെയിനിലെ വലൻസിയയിൽ ടീമിനായി പോർഷെ സ്പ്രിന്റ് ചലഞ്ചിൽ പങ്കെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അജിത്തിന്റെ കാർ മറ്റൊരു റേസറെ പിന്നിലാക്കി കുതിക്കുന്നതിനിടെ മുന്നിലെ കാറിലിടിച്ച് നിയന്ത്രണം നഷ്ടമാകുന്നതും പിന്നീട് പലതവണ മറിയുകയുമായിരുന്നു.
ശനിയാഴ്ച അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് അപകടത്തിന്റെ വീഡിയോ എക്‌സിൽ പങ്കുവെച്ചത്. സ്പെയിനിലെ വലൻസിയയിൽ നടന്ന മത്സരത്തിൽ അഞ്ചാം റൗണ്ട് അജിത് കുമാറിന് മികച്ചതായിരുന്നു. എല്ലാവരുടെയും അഭിനന്ദനം നേടിയ അദ്ദേഹം 14-ാം സ്ഥാനം നേടി. എന്നാൽ ആറാം റൗണ്ട് നിർഭാഗ്യകരമായിരുന്നു. മറ്റ് കാറുകൾ അദ്ദേഹത്തിന്റേതുമായി രണ്ട് തവണ കൂട്ടിയിടിച്ചു.
വീഡിയോയിൽ അദ്ദേഹം തെറ്റുകാരനല്ലെന്ന് വ്യക്തമായി കാണാം. അപകടമുണ്ടായിട്ടും അദ്ദേഹം പിറ്റിൽ തിരിച്ചെത്തി നന്നായി മത്സരിച്ചു. രണ്ടാം തവണയും അപകടം സംഭവിച്ചപ്പോഴാണ് കാർ രണ്ടുതവണ മറിഞ്ഞുവീണത്. അജിത്ത് പരിക്കേൽക്കാതെ പുറത്തുവന്നു. ആശംസകൾക്കും പ്രാർത്ഥനകൾക്കും നന്ദി. എകെ സുഖമായിരിക്കുന്നുവെന്നുമാണ് മാനേജർ എക്‌സിൽ കുറിച്ചത്.
അജിത് കുമാർ ഒരു വലിയ മോട്ടോർ സ്‌പോർട് പ്രേമിയാണ്. ബൈക്കിൽ ലോകം ചുറ്റൽ, കാർ റേസിംഗ് എന്നിങ്ങനെയുള്ള സാഹസികതകളോടെല്ലാം വലിയ പ്രിയമാണ് അജിത്തിന്. അതേസമയം, മകനാവട്ടെ ഫുട്‌ബോളിനോടാണ് ഇഷ്ടം. അടുത്തിടെ, ജൂനിയർ ഫുട്‌ബോൾ ടൂർണമെന്റിൽ സ്വർണ മെഡൽ നേടിയ ആദ്‌വിക്കിന്റെ ചിത്രങ്ങളും അടുത്തിടെ ഇന്റർനെറ്റിൽ വൈറലായിരുന്നു. ചെന്നൈയിലെ പോപ്പുലർ ആയ ഒരു ക്ലബ്ബിലെ ജൂനിയർ ഫുട്ബാൾ ടീമിൽ അംഗമാണ് ആദ്‌വിക്ക്.