വിടാ മുയര്‍ച്ചിയുടെ ഷൂട്ടിംഗ് പുനരാരംഭിക്കും മുമ്പ് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അജിത്ത്

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാന്‍ കഴിഞ്ഞ ഈ താരത്തിന് ആരാധകര്‍ ഏറെയാണ്.

കാതല്‍ കോട്ടൈ, ധീന തുടങ്ങിയ ആദ്യകാല ചിത്രങ്ങളിലാണ് അജിത് കുമാര്‍ എന്ന നടനെ പ്രേക്ഷകര്‍ സ്‌നേഹിക്കാന്‍ ആരംഭിച്ചത്. സിക്‌സ് പാക്കോ ഞെട്ടിക്കുന്ന ഡയലോഗുകളോ ത്രസിപ്പിയ്ക്കുന്ന ആക്ഷന്‍ രംഗങ്ങളോ ഒന്നുമല്ല, നിഷ്‌കളങ്കമായ ചിരിയും തന്മയത്വത്തോടെയുള്ള അഭിനയവുമാണ് അജിത്തിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

ഇപ്പോഴിതാ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് താരം. ക്ഷേത്രത്തില്‍ രാവിലെയാണ് അജിത്ത് ദര്‍ശന്തതിനെത്തിയത്. വെള്ള ഷര്‍ട്ടും മുണ്ടും ആയിരുന്നു വേഷം. അദ്ദേഹത്തെ തിരിച്ചറിഞ്ഞ ആരാധകന്‍ വെങ്കിടേശ്വര വിഗ്രഹം അജിത്തിന് സമ്മാനിക്കുകയും ചെയ്തു.

കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു സംവിധായകന്‍ ആദിക് രവിചന്ദ്രന്റെ ‘ഗുഡ് ബാഡ് അഗ്ലി’യുടെ ആദ്യ ഷെഡ്യൂള്‍ അജിത് പൂര്‍ത്തിയാക്കിയത്. ‘വിടാ മുയാര്‍ച്ചി’യുടെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നതിന് മുന്‍പായാണ് അദ്ദേഹത്തിന്റെ ക്ഷേത്രദര്‍ശനം.

ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ വിടാ മുയര്‍ച്ചിയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് മഗിഴ് തിരുമേനിയാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ചിത്രത്തിലെ ചില സംഘടന രംഗങ്ങളുടെ വീഡിയോ വൈറലായിരുന്നു.

അജിത്തും നടന്‍ ആരവുമാണ് ദൃശ്യങ്ങളിലുളളത്. കാറോടിച്ചുകൊണ്ടിരിക്കുന്ന അജിത്തിനരികിലായി ആരവ് ഇരിക്കുന്നതും അമിതവേഗത്തില്‍ ഓടുന്ന കാര്‍ പൊടുന്നനെ തലകീഴായി മറിയുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

കാറിനകത്ത് നിന്നുളള ദൃശ്യങ്ങളും പുറത്ത് നിന്നുളള ദൃശ്യങ്ങളും ലൈക്ക പ്രൊഡക്ഷന്‍സ് പങ്കുവച്ച വീഡിയോയിലുണ്ടായിരുന്നു.

സിനിമയ്ക്കായി ചിത്രീകരിച്ച ആക്ഷന്‍ സ്റ്റണ്ട് സീനില്‍ ഡ്യൂപ്പ് ഇല്ലാതെയാണ് അജിത്ത് അഭിനയിച്ചിരിക്കുന്നത്. വാഹനം തലകീഴായി മറിഞ്ഞ ഉടനെ വണ്ടിക്കരുകിലേക്ക് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഓടിയെത്തുന്നതും ഓക്കേ ആണോ സാര്‍ എന്ന് ചോദിക്കുന്നതും വിഡിയോയില്‍ കാണാം.

വിടാ മുയര്‍ച്ചിയില്‍ തൃഷയാണ് അജിത്തിന്റെ നായികയായെത്തുന്നത്. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ആരവ്, റെജീന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

Vijayasree Vijayasree :