ശാലിനിയെ ചേർത്ത് നിന്ന് ചുംബിച്ച് അജിത്ത്; മുൻ കാമുകിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വൈറലായി അജിത്തിന്റെയും ശാലിനിയുടെയും വീഡിയോ

പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് ശാലിനി വിവാഹിതയായതും സിനിമാ രംഗം വിട്ടതും. പിന്നീട് പൊതുവേദികളിൽ ശാലിനിയെ അധികം കണ്ടിട്ടില്ല. അനൗഷ്‌ക, ആദ്വിക് എന്നിവരാണ് അജിത്തിന്റെയും ശാലിനിയുടെയും മക്കൾ. മഞ്ജു വാര്യർ, ജ്യോതിക ഉൾപ്പെടെയുള്ള നടിമാർ സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയപ്പോഴും ശാലിനി തിരിച്ചു വരവിന് തയ്യാറായിട്ടില്ല.

അടുത്തിടെയാണ് ശാലിനി സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത് തന്നെ. അജിത്തിനെ പോലെ സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ നൽകാനാണ് ശാലിനിക്ക് താൽപര്യം. ശാലിനി സിനിമാ രംഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. സൂപ്പർ നായികയാണെങ്കിലും വിവാഹശേഷം അഭിനയിക്കരുതെന്ന് അജിത്ത് ശാലിനിയ്ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്നാണ് ചില റിപ്പോർട്ടുൾ. നടി അത് അംഗീകരിക്കുകയും ചെയ്തു.

ശാലിനിയ്‌ക്കൊപ്പം ദാമ്പത്യ ജീവിതത്തിന്റെ ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ് അജിത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള കഥകൾ ആദ്യം പുറത്ത് വരുന്നത്. പിന്നാലെ നടന്റെ മുൻകാമുകിയും നടിയുമായിരുന്ന ഹീര രാജഗോപാലിന്റെ ബ്ലോഗും ചർച്ചയായിമാറിയിരുന്നു. ആദ്യ പ്രണയബന്ധത്തെ കുറിച്ച് ഹീര എഴുതിയ ഞെട്ടിക്കുന്ന കുറിപ്പുകൾ അജിത്തിനെ കുറിച്ചാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. ഇതിനിടെയാണ് അജിത്ത് പത്മപുരസ്‌കാരം രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങുന്നതും.

പിന്നാലെ നടൻ ആശുപത്രിയിലുമായി. കാലിനേറ്റ പരിക്കിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി ഡൽഹിയിൽ നിന്നു തിരിച്ചെത്തിയതായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽ കുടുംബത്തോടൊപ്പം വന്നിറങ്ങിയ നടനെ ആരാധകർ വളഞ്ഞിരുന്നു. ഇതിനിടെയാണ് നടന്റെ കാലിന് പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഫിസിയോതെറാപ്പി ചികിത്സ നൽകുകയും ചെയ്തു.

അങ്ങനെ ഒരു വശത്ത് സന്തോഷങ്ങൾ നിറയുന്നതിനൊപ്പം മറുവശത്ത് വിമർശനങ്ങളും പരിഹാസങ്ങളും ആയിരുന്നു അജിത്തിന് നേരിടേണ്ടി വന്നിരുന്നത്. ഹീരയുടെ കുറിപ്പിലെ പ്രധാനപ്പെട്ടൊരു ഡയലോഗ് വേലക്കാരിയെ പോലൊരുത്തിയ വിവാഹം കഴിക്കാൻ പോവുകയാണെന്നും അവളെ വേറെയാരും നോക്കില്ല എന്നതുമായിരുന്നു.

ഇത് നടി ശാലിനിയെ ഉദ്ദേശിച്ചാണെന്നും വ്യാഖ്യാനിക്കപ്പെട്ടു. എന്നാൽ അജിത്തിന് ഭാര്യയായ ശാലിനി എത്രത്തോളം പ്രിയങ്കരിയാണെന്നും അവരുടെ ദാമ്പത്യ ജീവിതം എത്ര സന്തുഷ്ടമാണെന്നും തെളിയിക്കുന്നൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

പത്മപുരസ്‌കാരം വാങ്ങിക്കുന്നതിനായി ഭാര്യ ശാലിനിയുടെയും മക്കളുടെയും കൂടെയാണ് അജിത്ത് എത്തിയിരുന്നത്. ശേഷം നടൻ തനിയെ കാറിൽ വന്നിറങ്ങി വേദിയിലേക്ക് നടന്ന് വരുമ്പോൾ ശാലിനി അവിടെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. തന്നെ കാണാതെ നടന്ന് നീങ്ങവേ നടി ഭർത്താവിന്റെ കൈയ്യിൽ ചാടി പിടിച്ചു. ഒരു നോട്ടത്തിൽ ശാലിനിയാണെന്ന് മനസിലായതോടെ അജിത്ത് അവരെ ചേർത്ത് നിർത്തുകയും തലയിലൊരു ചുംബനം നൽകുകയും ചെയ്തു. ശേഷം ഒന്നും സംഭവിക്കാത്ത രീതിയിൽ ഇരുവരും കൈകൾ വിടുകയും മുന്നോട്ട് പോവുകയും ചെയ്തു.

പ്ലാനിങ്ങുകളൊന്നും ചെയ്യാതെ വളരെ സാധാരണമായ കൂടികാഴ്ചയിൽ നടന്ന സംഭവങ്ങളാണ് ഇതെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്. അജിത്തിന് ശാലിനി അത്രത്തോളം പ്രധാന്യമുള്ളത് കൊണ്ടാവുമല്ലോ ഇങ്ങനെ സ്‌നേഹം പ്രകടിപ്പിക്കാൻ സാധിച്ചതെന്ന് പറയുകയാണ് ആരാധകർ.അജിത്തിന്റെയും ശാലിനിയുടെയും വീഡിയോയുടെ താഴെ നൂറുക്കണക്കിന് കമന്റുകളാണ് വരുന്നത്.

അജിത്ത് എന്ന നടനെ ആകർഷിച്ചത് ശാലിനിയുടെ പണമോ പ്രശസ്തിയോ ഒന്നുമായിരുന്നില്ല. സ്വഭാവശുദ്ധിയും വ്യക്തിപ്രഭാവവുമായിരുന്നു. സെറ്റിൽ വന്നാൽ ഷോട്ട് കഴിഞ്ഞ് ഒരിടത്ത് മാറിയിരുന്ന് പുസ്തകങ്ങളിൽ മുഖം പുഴ്ത്തുന്ന നടി. ആരോടും ആവശ്യമില്ലാതെ സംസാരിക്കാൻ പോലും നിൽക്കില്ല. അങ്ങനെയൊരു പെൺകുട്ടിയോട് അടുക്കാൻ ശ്രമിക്കും തോറും അകന്ന് പോകും പോലെയാണ് ശാലിനി പെരുമാറിയത്. ആരുടെയും സ്‌നേഹവലയത്തിൽ വീഴുന്ന കൂട്ടത്തിലല്ല ശാലിനിയെന്ന് അജിത്തിന് ബോധ്യമായി.

അപ്രാപ്യമായ ഒരു പുഷ്പത്തെ അടുപ്പിക്കാനുളള വാശിയും അതിനോട് തോന്നുന്ന ആകർഷണവുമാണ് അജിത്തിന്റെ മനസിൽ ശാലിനിയോടുളള പ്രണയമായി വളർന്നതെന്ന് പിന്നീട് പലരും പറഞ്ഞു. ആലപ്പുഴയിൽ ഷൂട്ടിങ് നടക്കുമ്പോൾ നടിയുടെ അച്ഛൻ ബാബു അവിടെയുളള പ്രശസ്തനായ ഒരു ജ്യോതിഷനെ കണ്ട് ജാതകങ്ങൾ തമ്മിൽ ഒത്തുനോക്കി. എല്ലാ പൊരുത്തങ്ങളുമുണ്ട്. അതോടെ മുന്നോട്ട് പോകാൻ ധൈര്യമായി. വിവാഹം എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിനിടയിൽ ഒരു ദിവസം അജിത്ത് ബാബുവിനെ വിളിച്ച് ചോദിച്ചു.

‘ഇപ്പോൾ ഏറ്റെടുത്ത പടങ്ങൾ കഴിഞ്ഞ് ശാലു സിനിമ ചെയ്യുന്നുണ്ടോ?’

ബാബുവിന്റെ മറുപടി ഇതായിരുന്നു. ‘അത് തീരുമാനിക്കേണ്ടത് ഞാനല്ല മോളാണ്. അഭിനയിക്കാൻ ഒരിക്കലും ഞാൻ നിർബന്ധിക്കില്ല’

ഒടുവിൽ അജിത്തും ശാലിനിയും സംസാരിച്ച് ധാരണയായി. ശാലിനി പറഞ്ഞു. ‘എനിക്ക് എല്ലാം തന്നത് സിനിമയാണ്. പക്ഷേ ഇനി കുടുംബജീവിതത്തിൽ ഒതുങ്ങിക്കൂടാനാണ് എനിക്കിഷ്ടം’

അപ്പോഴേക്കും അജിത്ത് കോടികൾ പ്രതിഫലം വാങ്ങുന്ന നായകനായി വളർന്നിരുന്നു. അസാമാന്യമാം വിധം ഭാഗ്യജാതകമായിരുന്നു ശാലിനിയുടേത്. ആ വ്യക്തിയോട്

അടുത്തു നിൽക്കുന്നവർക്ക് പോലും വാരിക്കോരി ഭാഗ്യവർഷം ലഭിക്കുന്ന ജാതകം. തുടക്കത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ അജിത്തിന് ശാലിനിയുമായി പ്രണയത്തിലായ ശേഷം നല്ലകാലം വന്ന് തുടങ്ങി. തുടർച്ചയായി വൻഹിറ്റുകൾ. അജിത്തിന്റെ താരമൂല്യം സങ്കൽപ്പിക്കാനാവാത്ത വിധം കുതിച്ചുയർന്നു. ചെന്നൈ കണ്ട ഏറ്റവും വലിയ വിവാഹച്ചടങ്ങായിരുന്നു ശാലിനി-അജിത്തിന്റേത്. ജയലളിത, കരുണാനിധി, ശിവാജി, രജനി, കമൽ, വിജയ് …തുടങ്ങിയ പ്രമുഖരെല്ലാം തന്നെ സംബന്ധിച്ചു. ടാജ് കണ്ണിമാറയിൽ മൂന്ന് ദിവസം നീണ്ടുനിന്ന റിസപ്ഷൻ ആയിരുന്നു.

അജിത്തിന്റെ സ്‌നേഹവും കരുതലുമാണ് ഇതര സിനിമാ ദാമ്പത്യങ്ങളിൽ നിന്ന് വിഭിന്നമായി അദ്ദേഹത്തിന്റെ കുടുംബജീവിതം ഭദ്രമായി നിലനിർത്തുന്നത്. പരസ്പരം ഒന്നും അടിച്ചേൽപ്പിക്കുന്ന ദമ്പതികളല്ല അവർ. ശാലിനിക്ക് താത്പര്യമെങ്കിൽ അവർ അഭിനയം തുടരുന്നതിനും അജിത്ത് എതിരല്ല. പക്ഷെ അഭിനയത്തേക്കാൾ താൻ ആസ്വദിക്കുന്നത് കുടുംബജീവിതമാണെന്ന് ശാലിനി തന്നെ പറയുന്നു. ബാഡ്മിന്റൺ കളിയിൽ സ്‌റ്റേറ്റ് ലെവൽ ചാമ്പ്യനായിരുന്ന ശാലിനിയുടെ അത്തരം താത്പര്യങ്ങൾക്കൊന്നും അജിത്ത് എതിര് നിൽക്കാറില്ല.

ശാലിനി ഇപ്പോഴും അതിലെല്ലാം സജീവമാണ്. അനൗഷ്‌ക, ആദ്‌വിക് എന്നിങ്ങനെ രണ്ട് കുട്ടികളാണ് ഈ ദമ്പതികൾക്ക്. മക്കളുടെ വെക്കേഷൻ സമയത്ത് അജിത്ത് സിനിമകളിൽ അഭിനയിക്കാറില്ല. ആ സമയത്ത് തനിക്കും വെക്കേഷനാണെന്ന് അദ്ദേഹം പറയും. എത്ര തിരക്കുളളപ്പോഴും ഓരോ മാസവും നിശ്ചിത ദിവസങ്ങൾ അദ്ദേഹം കുടുംബത്തിനായി മാറ്റി വയ്ക്കാറുണ്ട്. അതനുസരിച്ച് ഷൂട്ടിങ് ഷെഡ്യൂൾ പ്ലാൻ ചെയ്യും. സിനിമയിൽ അപൂർവമായ ഈ സന്തുഷ്ട ദാമ്പത്യത്തിന് പിന്നിൽ പ്രത്യേക രഹസ്യങ്ങളൊന്നുമില്ല. പരസ്പരം മാനിക്കുന്ന രണ്ട് വ്യക്തികൾ. ആരും ആരെയൂം നിയന്ത്രിക്കാൻ ശ്രമിക്കാതെ സ്വാതന്ത്ര്യം നൽകുന്നു.

പൊളിറ്റിക്കലി കറക്ടാകാൻ വേണ്ടി പറയുന്നതല്ല. എല്ലാവർക്കും അറിയാവുന്നത് പോലെ ശാലിനി ഒരുപാട് ആരാധകരുള്ള നടിയായിരുന്നു. അതിപ്രശസ്തയായിരുന്നു. എന്നിട്ടും അവൾ കരിയറിൽ ഒരു ബാക്ക് സീറ്റെടുത്തു. എന്റെ എല്ലാ തീരുമാനങ്ങൾക്കും ഒപ്പം നിന്നു. ജീവിതത്തിൽ ഞാനെടുത്ത തീരുമാനങ്ങൾ തെറ്റിപ്പോയ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ അപ്പോഴും അവൾ എനിക്കൊപ്പം നിന്നു. ഞാൻ ജീവിതത്തിൽ നേടിയ എല്ലാ നേട്ടങ്ങളിലും അവൾക്ക് വലിയ പങ്കുണ്ടെന്നാണ് അജിത്ത് പറഞ്ഞിരുന്നത്.

നേരത്തെ, റേസിംഗ് പരിശീലനത്തിനിടെ അജിതിന്റെ വാഹനം അപകടത്തിൽപെട്ടുവെന്നുള്ള വാർത്തകളും പുറത്ത് വന്നിരുന്നു. ഹൈ സ്പീഡ് പരിശീലന സെഷനിലാണ് അപകടമുണ്ടായത്. അജിത് ഓടിച്ചിരുന്ന വാഹനം ഭാഗികമായി തകർന്നു. പോർച്ചുഗലിലെ എസ്റ്റോറിൽ നടക്കുന്ന പ്രധാന മോട്ടോർ സ്പോർട്സ് ഇവന്റിലെ റേസിംഗിന് വേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു താരം.

അപകടത്തിൽ നിന്ന് അത്ഭുതകരമായാണ് അജിത് രക്ഷപ്പെട്ടതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടവാർത്തയെ കുറിച്ച് അജിത് തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. ചെറിയ അപകടമുണ്ടായിയെന്നും പക്ഷേ, എല്ലാവരും സുരക്ഷിതരാണെന്നും അജിത് പറഞ്ഞു. തനിക്ക് ആരാധകർ നൽകുന്ന സ്നേഹത്തിനും പിന്തുണക്കും ഹൃദയംഗമമായ നന്ദി. വരുന്ന കാർ റേസിംഗിലും നമ്മൾ വിജയിക്കും. കൂടെ നിൽക്കുന്ന സുഹൃത്തുക്കൾക്കും കുടുംബത്തിനും നന്ദിയെന്നുമായിരുന്നു അജിതിന്റെ വാക്കുകൾ.

ഇത് രണ്ടാം തവണയാണ് റേസിംഗിനിടെ അജിത് അപകടത്തിൽപെടുന്നത്. നേരത്തെ, ദുബായിൽ വെച്ചാണ് അപകടം സംഭവിച്ചത്. പരിശീലന ട്രാക്കിലായിരുന്നു അപകടം. വരുന്ന റേസിംഗ് ചാമ്പ്യൻഷിപ്പിൽ താരം പങ്കെടുക്കുന്നുണ്ട്. ട്രാക്കിൽ വച്ച് നിയന്ത്രണം വിട്ട കാർ സംരംക്ഷണ ഭിത്തിയിൽ ഇടിച്ച് തകരുകയായിരുന്നു. അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. അതേസമയം, അപകടത്തിന് ശേഷം താരം പരിശീലനം തുടർന്നുവെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു.

അജിത് കുമാർ ഒരു വലിയ മോട്ടോർ സ്‌പോർട് പ്രേമിയാണ്. ബൈക്കിൽ ലോകം ചുറ്റൽ, കാർ റേസിംഗ് എന്നിങ്ങനെയുള്ള സാഹസികതകളോടെല്ലാം വലിയ പ്രിയമാണ് അജിത്തിന്. അതേസമയം, മകനാവട്ടെ ഫുട്‌ബോളിനോടാണ് ഇഷ്ടം. അടുത്തിടെ, ജൂനിയർ ഫുട്‌ബോൾ ടൂർണമെന്റിൽ സ്വർണ മെഡൽ നേടിയ ആദ്‌വിക്കിന്റെ ചിത്രങ്ങളും അടുത്തിടെ ഇന്റർനെറ്റിൽ വൈറലായിരുന്നു. ചെന്നൈയിലെ പോപ്പുലർ ആയ ഒരു ക്ലബ്ബിലെ ജൂനിയർ ഫുട്ബാൾ ടീമിൽ അംഗമാണ് ആദ്‌വിക്ക്.

Vijayasree Vijayasree :