പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് ശാലിനി വിവാഹിതയായതും സിനിമാ രംഗം വിട്ടതും. പിന്നീട് പൊതുവേദികളിൽ ശാലിനിയെ അധികം കണ്ടിട്ടില്ല. അനൗഷ്‌ക, ആദ്വിക് എന്നിവരാണ് അജിത്തിന്റെയും ശാലിനിയുടെയും മക്കൾ.
മഞ്ജു വാര്യർ, ജ്യോതിക ഉൾപ്പെടെയുള്ള നടിമാർ സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയപ്പോഴും ശാലിനി തിരിച്ചു വരവിന് തയ്യാറായിട്ടില്ല. അടുത്തിടെയാണ് ശാലിനി സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത് തന്നെ. അജിത്തിനെ പോലെ സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ നൽകാനാണ് ശാലിനിക്ക് താൽപര്യം. ശാലിനി സിനിമാ രംഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.
മലയാളത്തിൽ നിരവധി ബാലതാരങ്ങൾ വന്നിട്ടുണ്ടെങ്കിലും ബേബി ശാലിനിക്ക് ലഭിച്ച അത്രത്തോളം ആരാധക വൃന്ദം മറ്റേതെങ്കിലും ഒരു ബാലതാരത്തിന് ലഭിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. അത്ര മനോഹരമായാണ് ഡബിൾ റോളുകൾ പോലും ചെറിയ പ്രായത്തിൽ ശാലിനി ചെയ്തിരുന്നത്. കുടുംബപ്രേക്ഷകരെ ഒരു കാലത്ത് തിയേറ്ററിലേക്ക് എത്തിച്ചിരുന്നതും ബേബി ശാലിനി സിനിമകളായിരുന്നു. 1983 മുതലാണ് ശാലിനി ബാലതാരമായി അഭിനയിച്ച് തുടങ്ങിയത്.
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ആയിരുന്നു ആദ്യ സിനിമ. പിന്നീട് 1991വരെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ബാലതാരമായി അഭിനയിച്ചു. പിന്നീട് ഇടവേളയെടുത്ത ശാലിനി 1997ൽ അനിയത്തിപ്രാവ് എന്ന സിനിമയിൽ നായിക വേഷം ചെയ്ത് രണ്ടാം വരവ് നടത്തി. ബേബി ശാലിനിക്ക് ലഭിച്ച അതേ സ്നേഹവും സ്വീകാര്യതയും നായികയായ ശാലിനിക്കും ലഭിച്ചു.
നടൻ അജിത്തുമായുള്ള വിവാഹശേഷമാണ് അഭിനയത്തിൽ നിന്നും സിനിമയിൽ നിന്നും ശാലിനി വിട്ട് നിന്നത്. സിനിമ ഉപേക്ഷിച്ച് അജിത്തിന്റെ ഭാര്യ ജീവിതം ആരംഭിക്കുമ്പോൾ വെറും ഇരുപത്തിയൊന്ന് വയസ് മാത്രമായിരുന്നു നടിയുടെ പ്രായം. വിവാഹശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് തന്നെ വിളിച്ച് പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തുകയാണിപ്പോൾ സംവിധായകൻ കമൽ.
അതുകൊണ്ട് തന്നെ കമലിന്റെ സംവിധാനത്തിൽ ശാലിനി അഭിനയിച്ച അവസാന സിനിമ പിരിയാത വരം വേണ്ടുമിന്റെ ഷൂട്ടിങ് സമയത്ത് ഒരുപാട് പ്രഷർ അനുഭവിച്ചിരുന്നുവെന്നുമാണ് മുമ്പൊരു അഭിമുഖത്തിൽ കമൽ പറഞ്ഞത്. അജിത്ത് നേരിട്ട് വിളിച്ച് എന്നോട് ആവശ്യപ്പെട്ട കാര്യമാണ്… കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്നത്. വ്യക്തിപരമായി പുള്ളിക്ക് ചില പ്രശ്നങ്ങളുണ്ടെന്നാണ് പറഞ്ഞത്. അതുകൊണ്ട് ഒന്നും തോന്നരുത്. അതിന് മുമ്പ് ഷൂട്ടിങ് തീർക്കണം എന്നാണ് പറഞ്ഞത്.
പക്ഷെ ഞങ്ങളുടെ ആ പടത്തിലെ ഹീറോ പ്രശാന്ത്… അവർ തമ്മിലുള്ള ഈഗോ ക്ലാഷായിരിക്കാം. അല്ലെങ്കിൽ പ്രൊഫഷണലി ഉള്ള വൈര്യമായിരിക്കാം… പ്രശാന്ത് മനപൂർവം ഡേറ്റ് തരാതെ ഞങ്ങളെ ഇട്ട് പ്രശ്നമാക്കി. വിവാഹശേഷം ശാലിനിയെ അഭിനയിപ്പിക്കണമെന്ന വാശി പ്രശാന്തിന് ഉള്ളതുപോലെ എനിക്ക് തോന്നിയിരുന്നു എന്നാണ് കമൽ പറഞ്ഞത്. കമലിന്റെ വെളിപ്പെടുത്തൽ വൈറലായതോടെ അജിത്തിന് ഇങ്ങനൊരു മുഖമുണ്ടെന്ന് അറിയില്ലായിരുന്നുവെന്നാണ് പലരും പറയുന്നത്.
വിവാഹശേഷം അഭിനയിക്കുന്നില്ലെന്നത് അജിത്തിന്റെ തീരുമാനം ആയിരുന്നുവല്ലേ… ശാലിനി സ്വമേധയ എടുത്തതാണെന്നാണ് കരുതിയത്, അഭിനയം തുടർന്നിരുന്നെങ്കിൽ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ശാലിനി മനോഹരമായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയുമായിരുന്നു. നല്ല ഒരു നടിയായിരുന്നു. അജിത്തിനെ വിവാഹം ചെയ്തതോടെ വീട്ടുതടങ്കലിലായി എന്നെല്ലാം ചിലർ കമന്റുകളായി രേഖപ്പെടുത്തുന്നുണ്ട്.
ഭാര്യ ഇനി അഭിനയിക്കേണ്ടെന്ന അജിത്തിന്റെ തീരുമാനം കൊണ്ട് കുടുംബം രക്ഷപെട്ടു. അവരുടെ ജീവിതം ഇപ്പോഴും നല്ല രീതിയിൽ പോകുന്നു. കുടുംബമായി ജീവിച്ചത് കൊണ്ട് ചെറിയ പ്രായത്തിൽ കിട്ടിയ വാത്സല്യം ഇപ്പോഴും ലഭിക്കുന്നു. പിന്നീട് അഭിനയിച്ചിരുന്നെങ്കിൽ വിവാഹബന്ധം എന്നേ വേർപെട്ടേനേ, 99% സിനിമയിൽ ഉള്ളവർ തമ്മിൽ വിവാഹം കഴിച്ചാൽ ഇങ്ങനെ അല്ലേ? സിനിമ ഷൂട്ടിങ്ങിൽ എന്ത് നടക്കുന്നു എന്ന് കൃത്യമായി ഭർത്താക്കമ്മാർക്ക് അറിയാം. ഭാര്യ അഭിനയിക്കുന്നതേ അവർക്ക് പ്രശ്‌നം ഉള്ളൂ.
ശാലിനി കുടുംബം നോക്കട്ടെ, കുടുംബം കഴിയാൻ അവരുടെ സമ്പാദ്യം തന്നെ വേണമെന്നില്ലല്ലോ. അജിത്ത് തന്നെ നല്ലോണം കാശ് സമ്പാദിക്കുന്നുണ്ട്. 10 തലമുറയ്ക്ക് ജീവിക്കാൻ ഉളള പണം അജിത്തിന് തന്നെ ഉണ്ട. പിന്നെ എന്തിന് ഭാര്യ അഭിനയിക്കണം. സിനിമയും സംതൃപ്തവും നിഷ്‌ക്കളങ്കവുമായ കുടുംബ ജീവിതവും ഒന്നിച്ച് കൊണ്ട് പോകാനാവില്ലെന്ന് അജിത്തിന് അറിയാം. അദ്ദേഹം സിനിമയുടെ പിൻവശം അടുത്ത് കണ്ട ആളാണ്. ബിജു മേനോൻ സംയുക്തയും അങ്ങനെ ആണ്… എന്നിങ്ങനെ താരദമ്പതിമാരുടെ തീരുമാനത്തെ അനുകൂലിക്കുന്നവരും കുറവല്ല.
ശാലിനിയ്‌ക്കൊപ്പം ദാമ്പത്യ ജീവിതത്തിന്റെ ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ് അജിത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള കഥകൾ ആദ്യം പുറത്ത് വരുന്നത്. പിന്നാലെ നടന്റെ മുൻകാമുകിയും നടിയുമായിരുന്ന ഹീര രാജഗോപാലിന്റെ ബ്ലോഗും ചർച്ചയായിമാറിയിരുന്നു. ആദ്യ പ്രണയബന്ധത്തെ കുറിച്ച് ഹീര എഴുതിയ ഞെട്ടിക്കുന്ന കുറിപ്പുകൾ അജിത്തിനെ കുറിച്ചാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. ഇതിനിടെയാണ് അജിത്ത് പത്മപുരസ്‌കാരം രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങുന്നതും.
പിന്നാലെ നടൻ ആശുപത്രിയിലുമായി. കാലിനേറ്റ പരിക്കിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി ഡൽഹിയിൽ നിന്നു തിരിച്ചെത്തിയതായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽ കുടുംബത്തോടൊപ്പം വന്നിറങ്ങിയ നടനെ ആരാധകർ വളഞ്ഞിരുന്നു. ഇതിനിടെയാണ് നടന്റെ കാലിന് പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഫിസിയോതെറാപ്പി ചികിത്സ നൽകുകയും ചെയ്തു.
അങ്ങനെ ഒരു വശത്ത് സന്തോഷങ്ങൾ നിറയുന്നതിനൊപ്പം മറുവശത്ത് വിമർശനങ്ങളും പരിഹാസങ്ങളും ആയിരുന്നു അജിത്തിന് നേരിടേണ്ടി വന്നിരുന്നത്. ഹീരയുടെ കുറിപ്പിലെ പ്രധാനപ്പെട്ടൊരു ഡയലോഗ് വേലക്കാരിയെ പോലൊരുത്തിയ വിവാഹം കഴിക്കാൻ പോവുകയാണെന്നും അവളെ വേറെയാരും നോക്കില്ല എന്നതുമായിരുന്നു. ഇത് നടി ശാലിനിയെ ഉദ്ദേശിച്ചാണെന്നും വ്യാഖ്യാനിക്കപ്പെട്ടു. എന്നാൽ അജിത്തിന് ഭാര്യയായ ശാലിനി എത്രത്തോളം പ്രിയങ്കരിയാണെന്നും അവരുടെ ദാമ്പത്യ ജീവിതം എത്ര സന്തുഷ്ടമാണെന്നും തെളിയിക്കുന്നൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
പത്മപുരസ്‌കാരം വാങ്ങിക്കുന്നതിനായി ഭാര്യ ശാലിനിയുടെയും മക്കളുടെയും കൂടെയാണ് അജിത്ത് എത്തിയിരുന്നത്. ശേഷം നടൻ തനിയെ കാറിൽ വന്നിറങ്ങി വേദിയിലേക്ക് നടന്ന് വരുമ്പോൾ ശാലിനി അവിടെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. തന്നെ കാണാതെ നടന്ന് നീങ്ങവേ നടി ഭർത്താവിന്റെ കൈയ്യിൽ ചാടി പിടിച്ചു. ഒരു നോട്ടത്തിൽ ശാലിനിയാണെന്ന് മനസിലായതോടെ അജിത്ത് അവരെ ചേർത്ത് നിർത്തുകയും തലയിലൊരു ചുംബനം നൽകുകയും ചെയ്തു. ശേഷം ഒന്നും സംഭവിക്കാത്ത രീതിയിൽ ഇരുവരും കൈകൾ വിടുകയും മുന്നോട്ട് പോവുകയും ചെയ്തു.
പ്ലാനിങ്ങുകളൊന്നും ചെയ്യാതെ വളരെ സാധാരണമായ കൂടികാഴ്ചയിൽ നടന്ന സംഭവങ്ങളാണ് ഇതെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്. അജിത്തിന് ശാലിനി അത്രത്തോളം പ്രധാന്യമുള്ളത് കൊണ്ടാവുമല്ലോ ഇങ്ങനെ സ്‌നേഹം പ്രകടിപ്പിക്കാൻ സാധിച്ചതെന്ന് പറയുകയാണ് ആരാധകർ.
അജിത്ത് എന്ന നടനെ ആകർഷിച്ചത് ശാലിനിയുടെ പണമോ പ്രശസ്തിയോ ഒന്നുമായിരുന്നില്ല. സ്വഭാവശുദ്ധിയും വ്യക്തിപ്രഭാവവുമായിരുന്നു. സെറ്റിൽ വന്നാൽ ഷോട്ട് കഴിഞ്ഞ് ഒരിടത്ത് മാറിയിരുന്ന് പുസ്തകങ്ങളിൽ മുഖം പുഴ്ത്തുന്ന നടി. ആരോടും ആവശ്യമില്ലാതെ സംസാരിക്കാൻ പോലും നിൽക്കില്ല. അങ്ങനെയൊരു പെൺകുട്ടിയോട് അടുക്കാൻ ശ്രമിക്കും തോറും അകന്ന് പോകും പോലെയാണ് ശാലിനി പെരുമാറിയത്. ആരുടെയും സ്‌നേഹവലയത്തിൽ വീഴുന്ന കൂട്ടത്തിലല്ല ശാലിനിയെന്ന് അജിത്തിന് ബോധ്യമായി.
അപ്രാപ്യമായ ഒരു പുഷ്പത്തെ അടുപ്പിക്കാനുളള വാശിയും അതിനോട് തോന്നുന്ന ആകർഷണവുമാണ് അജിത്തിന്റെ മനസിൽ ശാലിനിയോടുളള പ്രണയമായി വളർന്നതെന്ന് പിന്നീട് പലരും പറഞ്ഞു. ആലപ്പുഴയിൽ ഷൂട്ടിങ് നടക്കുമ്പോൾ നടിയുടെ അച്ഛൻ ബാബു അവിടെയുളള പ്രശസ്തനായ ഒരു ജ്യോതിഷനെ കണ്ട് ജാതകങ്ങൾ തമ്മിൽ ഒത്തുനോക്കി. എല്ലാ പൊരുത്തങ്ങളുമുണ്ട്. അതോടെ മുന്നോട്ട് പോകാൻ ധൈര്യമായി.
വിവാഹം എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിനിടയിൽ ഒരു ദിവസം അജിത്ത് ബാബുവിനെ വിളിച്ച് ചോദിച്ചു. ‘ഇപ്പോൾ ഏറ്റെടുത്ത പടങ്ങൾ കഴിഞ്ഞ് ശാലു സിനിമ ചെയ്യുന്നുണ്ടോ?’ ബാബുവിന്റെ മറുപടി ഇതായിരുന്നു. ‘അത് തീരുമാനിക്കേണ്ടത് ഞാനല്ല മോളാണ്. അഭിനയിക്കാൻ ഒരിക്കലും ഞാൻ നിർബന്ധിക്കില്ല’
ഒടുവിൽ അജിത്തും ശാലിനിയും സംസാരിച്ച് ധാരണയായി. അപ്പോഴേക്കും അജിത്ത് കോടികൾ പ്രതിഫലം വാങ്ങുന്ന നായകനായി വളർന്നിരുന്നു. അസാമാന്യമാം വിധം ഭാഗ്യജാതകമായിരുന്നു ശാലിനിയുടേത്. ആ വ്യക്തിയോട് അടുത്തു നിൽക്കുന്നവർക്ക് പോലും വാരിക്കോരി ഭാഗ്യവർഷം ലഭിക്കുന്ന ജാതകം.
തുടക്കത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ അജിത്തിന് ശാലിനിയുമായി പ്രണയത്തിലായ ശേഷം നല്ലകാലം വന്ന് തുടങ്ങി. തുടർച്ചയായി വൻഹിറ്റുകൾ. അജിത്തിന്റെ താരമൂല്യം സങ്കൽപ്പിക്കാനാവാത്ത വിധം കുതിച്ചുയർന്നു. ചെന്നൈ കണ്ട ഏറ്റവും വലിയ വിവാഹച്ചടങ്ങായിരുന്നു ശാലിനി-അജിത്തിന്റേത്. ജയലളിത, കരുണാനിധി, ശിവാജി, രജനി, കമൽ, വിജയ് …തുടങ്ങിയ പ്രമുഖരെല്ലാം തന്നെ സംബന്ധിച്ചു. ടാജ് കണ്ണിമാറയിൽ മൂന്ന് ദിവസം നീണ്ടുനിന്ന റിസപ്ഷൻ ആയിരുന്നു.