​ഗാനങ്ങൾ ഉപയോ​ഗിച്ചത് എൻഓസി വാങ്ങി, ഇളയരാജയുടെ ആരോപണം അടിസ്ഥാനരഹിതം; പ്രചതികരണവുമായി അജിത്ത് ചിത്രത്തിന്റെ നിർമാതാവ്

കഴിഞ്ഞ ദിവസമായിരുന്നു അജിത് കുമാർ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യിൽ അനുമതിയില്ലാതെ തന്റെ ഗാനങ്ങൾ ഉപയോഗിച്ചതിന് ഇളയരാജ വക്കീൽ നോട്ടീസ് അയച്ചത്. ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ്.

ചിത്രത്തിൽ ഇളയരാജയുടെ പാട്ട് ഉപയോഗിച്ചതിലൂടെ തങ്ങൾ തെറ്റായി ഒന്നുംചെയ്തിട്ടില്ലെന്നാണ് മൈത്രി മൂവി മേക്കേഴ്‌സിന്റെ ഉടമകളിൽ ഒരാളായ വൈ. രവിശങ്കർ പ്രതികരിച്ചിരിക്കുന്നത്. ലേബലുകളുടെ കൈവശമാണ് പകർപ്പവകാശം. അതിനാൽ ഞങ്ങൾ മാനദണ്ഡം പാലിച്ച് അവരിൽനിന്ന് എൻഒസി വാങ്ങിയിരുന്നു. നിയമപരമായാണ്‌ ഞങ്ങൾ എല്ലാംചെയ്തത് എന്നും രവി ശങ്കർ വ്യക്തമാക്കി.

തന്റെ അനുവാദമില്ലാതെയാണ് മൂന്നുപാട്ടുകൾ ഉപയോഗിച്ചതെന്ന് കാണിച്ചാണ് അജിത് കുമാർ ചിത്രം ഗുഡ് ബാഡ് അഗ്ലി നിർമാതാക്കൾക്ക് ഇളയരാജ നോട്ടീസ് അയച്ചത്. അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഏഴ് ദിവസത്തിനകം ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.

‘ഒത്ത രൂപ തരേൻ’, ‘എൻ ജോഡി മഞ്ഞക്കരുവി’, ‘ഇളമൈ ഇതോ ഇതോ’ എന്നീ ഗാനങ്ങൾ ഉപയോഗിച്ചതിനാണ് നോട്ടീസ്. താൻ ഈണമിട്ട പാട്ടുകളുടെ യഥാർഥ ഉടമ താനാണെന്നും അത്തരം സൃഷ്ടികളുടെ ധാർമികവും നിയമപരവുമായ അവകാശങ്ങൾ തനിക്കാണെന്നും ഇളയരാജ നോട്ടീസിൽ പറയുന്നു. തന്റെ അനുവാദമില്ലാതെ, പാട്ട് വികലമായി ഉപയോഗിച്ചു. ഇത് പകർപ്പവകാശത്തിന്റെ ലംഘനമാണെന്നും പറയുന്നു.

ഏപ്രിൽ10ന് ആയിരുന്നു ഗുഡ് ബാഡ് അഗ്ലി റിലീസ് ചെയ്തത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രം അഞ്ച് ദിവസത്തിൽ 100 കോടിയോളം രൂപ കളക്ട് ചെയ്തു കഴിഞ്ഞു. മാസ് ആക്ഷൻ പടമായി ഒരുങ്ങിയ ഗുഡ് ബാഡ് അഗ്ലിയിൽ സുനിൽ, ഷൈൻ ടോം ചാക്കോ, പ്രസന്ന, ജാക്കി ഷെറോഫ്, പ്രഭു, യോഗി ബാബു, തൃഷ, പ്രിയ വാര്യർ, സിമ്രാൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത്.‌

ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്ത് ആദ്യ ഷോ പൂർത്തിയാകുന്നതിനു മുൻപ് തന്നെ വ്യാജ പ്രിൻ്റ് ഇൻ്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത് വലിയ വാർത്തയായിരുന്നു. തമിഴ് ബ്ലാസ്റ്റേഴ്സ് എന്ന കുപ്രസിദ്ധ വെബ്സൈറ്റിലാണ് സിനിമയുടെ പ്രിൻ്റ് അപ്‌ലോഡ് പ്രത്യക്ഷപ്പെട്ടത്. ‘മാർക്ക് ആന്റണി’ക്കുശേഷം ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’ ‘ഫാൻ ബോയ് സംഭവമാണ്’ എന്നാണ് പലരും അഭിപ്രായപ്പെട്ടുന്നത്. ഇൻട്രോ സീൻ മുതൽ ആരാധകർക്ക് ആഘോഷിക്കാനുള്ള വക സിനിമ നൽകുന്നുണ്ട്.

Vijayasree Vijayasree :