മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്.
മാത്രമല്ല, തമിഴിലും തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ് മഞ്ജു. മഞ്ജുവിന്റെ തുനിവ് എന്ന ചിത്രമാണ് ഒടുവില്‍ റിലീസായത്. അജിത്തും മഞ്ജുവാര്യരും ഒരുമിക്കുന്ന തുനിവ് നാളെ തിയേറ്ററിലെത്തുകയാണ്. ആദ്യമായാണ് മഞ്ജു വാര്യര്‍അജിത്ത് കൂട്ടുകെട്ടില്‍ ഒരു സിനിമ റിലീസിന് എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറിനെല്ലാം മികച്ച പ്രതികരമാണ് ലഭിച്ചത്.
കണ്‍മണി എന്ന കഥാപാത്രത്തെയാണ് തുനിവില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തുനിവ്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കുശേഷം അജിത്ത് കുമാറും എച്ച്.വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തില്‍ പോലും ഇതുവരെ ചെയ്യാത്ത ആക്ഷന്‍ രംഗങ്ങളാണ് താന്‍ തുനിവില്‍ ചെയ്തതെന്നാണ് സിനിമയുടെ പ്രമോഷനെത്തിയപ്പോള്‍ മഞ്ജു വാര്യര്‍ പറഞ്ഞത്.
മുഴുനീള ആക്ഷന്‍ ചിത്രത്തില്‍ ആദ്യമാണ് അഭിനയിക്കുന്നതെന്നും മഞ്ജു പറഞ്ഞിരുന്നു. തുനിവ് ഷൂട്ടിങ് സമയത്ത് അജിത്തിനൊപ്പം റോഡ് ട്രിപ്പ് പോയതിന് പിന്നിലെ കഥയും മഞ്ജു വാര്യര്‍ വെളിപ്പെടുത്തി. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ തനിക്ക് ആ റോഡ് ട്രിപ്പിലൂടെ ലഭിച്ചുവെന്നാണ് മഞ്ജു വാര്യര്‍ അഭിമുഖത്തില്‍ പറഞ്ഞത്.
‘ഞാന്‍ തമിഴില്‍ മാത്രമല്ല മലയാളത്തില്‍ പോലും ചെയ്യാത്ത ഷേഡുകളാണ് തുനിവില്‍ ഉള്ളത്. ഫുള്‍ ആക്ഷന്‍ ഫിലിമില്‍ തന്നെ ഞാന്‍ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. തോക്കുപോലും ശരിക്ക് പിടിക്കാന്‍ അറിയുന്ന ആളായിട്ട് അഭിനയിക്കുന്നത് പോലും ഞാന്‍ ആദ്യമായിട്ടാണ്.’ ‘ആ കഥാപാത്രം അങ്ങനെയാണ്. തുനിവ് അജിത് കുമാറിന്റെ ആക്ഷന്‍ ചിത്രമാണ്. അതില്‍ ഉള്ളൊരു പ്രധാന സ്ത്രീ കഥാപാത്രമാണ് ഞാന്‍.
അജിത് സാറിന്റെ കൂടെ ഞാന്‍ ഒരു പേഴ്‌സണല്‍ റോഡ് ട്രിപ്പിന് പോയിട്ടുണ്ട്. പേഴ്‌സണല്‍ ട്രിപ്പിലേക്ക് എന്നെ ക്ഷണിച്ചതാണ്. മറക്കാന്‍ പറ്റാത്ത അനുഭവമാണ് എനിക്ക് അന്ന് ലഭിച്ചത്.’ ‘അജിത്ത് സാറിന്റെ കൂടെ ട്രിപ്പ് പോകാനുള്ള അവസരം ഒട്ടും പ്രതീക്ഷിക്കാതെ വന്നതായിരുന്നു എനിക്ക്. എനിക്ക് യാത്ര ചെയ്യാന്‍ ഒരുപാടിഷ്ടമാണ്. തുനിവിന്റെ ഷൂട്ടിങ് സമയത്ത് ഇങ്ങനെ സംസാരിച്ചിരുന്നപ്പോഴാണ് അദ്ദേഹം അടുത്തൊരു ദിവസം ഒരു ബൈക്ക് റൈഡ് നടത്തുന്നുണ്ടെന്നും അതില്‍ ജോയിന്‍ ചെയ്യുന്നുവോ എന്നും ചോദിച്ചത്.’
‘കേട്ടപ്പോള്‍ സന്തോഷിച്ചെങ്കിലും പിന്നെ എനിക്ക് സംശയമായി. അദ്ദേഹം വെറുതെ മര്യാദയുടെ പുറത്ത് മാത്രം ചോദിച്ചതാണോയെന്ന് അറിയില്ലല്ലോ. പിറ്റേദിവസം അദ്ദേഹത്തിന് ഷൂട്ടിങ് തിരക്കായിരുന്നു. അതുകൊണ്ട് അങ്ങോട്ട് പോയി ചോദിച്ച് കണ്‍ഫോം ചെയ്യാനും ടെന്‍ഷനായി.’
‘ഗ്രൂപ്പ് ഓഫ് റൈഡേഴ്‌സിന്റെ കൂടെ ലഡാക്ക് പോലുള്ള സ്ഥലങ്ങളില്‍ പോകുക എന്ന് പറയുന്നത് ഒരിക്കലും മറക്കാന്‍ പറ്റില്ല. ആദ്യമൊക്കെ ഞാന്‍ ഈ ട്രിപ്പ് പൂര്‍ത്തിയാക്കുമോ അതോ തിരികെ പോകുമോ എന്നൊരു സംശയം എനിക്ക് തന്നെയുണ്ടായിരുന്നു. ശരീരം വേദനയുണ്ടോയിരുന്നുവെങ്കില്‍ ആ യാത്ര അനുഭവമാണ്.’
‘രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം എല്ലാം സെറ്റാക്കി എനിക്ക് തന്നു. ബൈക്ക് ഓടിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ആ ഒരു യാത്ര സ്പിരിറ്റ് മനസിലാക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇടക്ക് നിന്നിട്ട് ഓടിക്കേണ്ടി വന്നു. കാല് വേദനക്കുമ്പോള്‍ ഇരിക്കും. അപ്പോള്‍ നടുവേദന വരും. വീണ്ടും എഴുന്നേല്‍ക്കും’ എന്നും മഞ്ജുവാര്യര്‍ പറഞ്ഞു.