തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തമിഴ് സൂപ്പർ താരമാണ് തലയെന്ന് സിനിമാപ്രേമികൾ വിശേഷിപ്പിക്കുന്ന നടൻ അജിത്ത് കുമാർ. ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ മാത്രം നടനാവുകയും അല്ലാത്തപ്പോൾ ഒരു സാധാരണക്കാരനെപ്പോലെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനുമാണ് അജിത്തിന് ഇഷ്ടം.
സ്റ്റാർഡം തലയ്ക്ക് പിടിക്കാത്ത ചുരുക്കം ചില നടന്മാരിൽ ഒരാൾ കൂടിയാണ് അജിത്ത് കുമാർ. വളരെ വിരളമായി മാത്രമാണ് അജിത്ത് കുമാർ ഇപ്പോൾ സിനിമകൾ ചെയ്യുന്നത്. അല്ലാത്തപ്പോഴെല്ലാം താരം ബൈക്ക് റൈഡിങും മറ്റുമായി ലോകം ചുറ്റുകയാണ്. തുനിവിന് ശേഷം ഒരു അജിത്ത് പടം റിലീസ് ചെയ്തിട്ടില്ല. വിടാമുയർച്ചിയാണ് അണിയറയിൽ ഒരുങ്ങുന്ന അജിത്ത് സിനിമ.
ഇപ്പോഴിതാ റേസിംഗ് പരിശീലനത്തിനിടെ അജിതിന്റെ വാഹനം അപകടത്തിൽപെട്ടുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ഹൈ സ്പീഡ് പരിശീലന സെഷനിലാണ് അപകടമുണ്ടായത്. അജിത് ഓടിച്ചിരുന്ന വാഹനം ഭാഗികമായി തകർന്നു. പോർച്ചുഗലിലെ എസ്റ്റോറിൽ നടക്കുന്ന പ്രധാന മോട്ടോർ സ്പോർട്സ് ഇവന്റിലെ റേസിംഗിന് വേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു താരം.
അപകടത്തിൽ നിന്ന് അത്ഭുതകരമായാണ് അജിത് രക്ഷപ്പെട്ടതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടവാർത്തയെ കുറിച്ച് അജിത് തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. ചെറിയ അപകടമുണ്ടായിയെന്നും പക്ഷേ, എല്ലാവരും സുരക്ഷിതരാണെന്നും അജിത് പറഞ്ഞു. തനിക്ക് ആരാധകർ നൽകുന്ന സ്നേഹത്തിനും പിന്തുണക്കും ഹൃദയംഗമമായ നന്ദി. വരുന്ന കാർ റേസിംഗിലും നമ്മൾ വിജയിക്കും. കൂടെ നിൽക്കുന്ന സുഹൃത്തുക്കൾക്കും കുടുംബത്തിനും നന്ദിയെന്നുമായിരുന്നു അജിതിന്റെ വാക്കുകൾ.
ഇത് രണ്ടാം തവണയാണ് റേസിംഗിനിടെ അജിത് അപകടത്തിൽപെടുന്നത്. നേരത്തെ, ദുബായിൽ വെച്ചാണ് അപകടം സംഭവിച്ചത്. പരിശീലന ട്രാക്കിലായിരുന്നു അപകടം. വരുന്ന റേസിംഗ് ചാമ്പ്യൻഷിപ്പിൽ താരം പങ്കെടുക്കുന്നുണ്ട്. ട്രാക്കിൽ വച്ച് നിയന്ത്രണം വിട്ട കാർ സംരംക്ഷണ ഭിത്തിയിൽ ഇടിച്ച് തകരുകയായിരുന്നു. അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. അതേസമയം, അപകടത്തിന് ശേഷം താരം പരിശീലനം തുടർന്നുവെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു.
അജിത് കുമാർ ഒരു വലിയ മോട്ടോർ സ്‌പോർട് പ്രേമിയാണ്. ബൈക്കിൽ ലോകം ചുറ്റൽ, കാർ റേസിംഗ് എന്നിങ്ങനെയുള്ള സാഹസികതകളോടെല്ലാം വലിയ പ്രിയമാണ് അജിത്തിന്. അതേസമയം, മകനാവട്ടെ ഫുട്‌ബോളിനോടാണ് ഇഷ്ടം. അടുത്തിടെ, ജൂനിയർ ഫുട്‌ബോൾ ടൂർണമെന്റിൽ സ്വർണ മെഡൽ നേടിയ ആദ്‌വിക്കിന്റെ ചിത്രങ്ങളും അടുത്തിടെ ഇന്റർനെറ്റിൽ വൈറലായിരുന്നു. ചെന്നൈയിലെ പോപ്പുലർ ആയ ഒരു ക്ലബ്ബിലെ ജൂനിയർ ഫുട്ബാൾ ടീമിൽ അംഗമാണ് ആദ്‌വിക്ക്.
അതേസമയം, ‘വിടാമുയർച്ചി’ ഉടൻ റിലീസ് ചെയ്യില്ലെന്നും റിപ്പോർട്ടുകളുണ്ട്. പൊങ്കലിന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ ഒഴിച്ചു കൂടാനാകാത്ത സാഹചര്യങ്ങൾ കാരണം റിലീസ് മാറ്റിവയ്ക്കുന്നു എന്നാണ് നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്. കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.
നേരത്തെ വിടാമുയർച്ചിക്കെതിരേ പകർപ്പവകാശലംഘനം ചൂണ്ടിക്കാട്ടി ഹോളിവുഡ് നിർമാതാക്കൾ നോട്ടിസ് അയച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വിടാമുയർച്ചിയുടെ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷനെതിരേ പ്രമുഖ നിർമ്മാതാക്കളും വിതരണക്കാരുമായ പാരാമൗണ്ട് പിക്ചേഴ്സ് നോട്ടിസ് അയച്ചു എന്നായിരുന്നു റിപ്പോർട്ട്.
വിഘ്നേശ് ശിവൻ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ ആറ് മാസത്തിന് ശേഷം വിഘ്നേശ് ശിവനെ സിനിമയിൽ നിന്നും മാറ്റുകയായിരുന്നു. പിന്നീടാണ് മഗിഴ് തിരുമേനി ചിത്രത്തിലേക്ക് വന്നത്. അസർബൈജാനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.