‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം; രണ്ട് പേർ പിടിയിൽ; പിടിയിലാകുന്ന സമയത്തും കൈവശം വേട്ടയ്യന്റെ വ്യാജ പതിപ്പ്!

കഴിഞ്ഞ ദിവസമായിരുന്നു ടൊവിനോ തോമസ് നായകനായി എത്തിയ പുതിയ ചിത്രം ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് പിടികൂടിയത്. ബെംഗളൂരൂവില്‍ നിന്ന് പിടികൂടിയ പ്രതികളെ കാക്കനാട് സൈബര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

തമിഴ്നാട് സ്വദേശികളാണ് പിടിയിലായ പ്രവീണ്‍ കുമാറും കുമരേശനും. ഇവർ തമിഴ് റോക്കേഴ്സ് അംഗങ്ങളാണ്. വ്യാജപതിപ്പ് ഷൂട്ട് ചെയ്തത് കോയമ്പത്തൂരിലെ തിയേറ്ററില്‍ നിന്നാണെന്നാണ് പോലീസ് പറയുന്നത്. പിടിയിലാകുന്ന സമയത്തും ഇവരുടെ കയ്യിൽ രജനികാന്തിന്റെ ‘വേട്ടയ്യന്‍’ എന്ന ചിത്രത്തിന്റെ വ്യാജപതിപ്പും ഉണ്ടായിരുന്നു.

അജയന്റെ രണ്ടാം മോഷണത്തിന്റെ സംവിധായകന്‍ ജിതിന്‍ ലാലിന്റെയും നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെയും പരാതിയിലാണ് നടപടി. റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് എആര്‍എം വ്യാജപതിപ്പ് ടെലഗ്രാമില്‍ എത്തിയത്. പിന്നാലെ ചിത്രത്തിന്റെ സംവിധായകനും നിർമാതാക്കളിലൊരാളായ ലിസ്റ്റിൻ സ്റ്റീഫനും ടൊവിനോയുൾപ്പെടെയുള്ള അണിയറപ്രവർത്തകർ രം​ഗത്തെത്തിയിരുന്നു.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നായിരുന്നു എആർഎം നിർമിച്ചത്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കവെയാണ് നൂറ് കോട് ക്ലബിലേയ്ക്ക് കടന്നത്. 30 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ടൊവിനോയുടെ ആദ്യ സോളോ 100 കോടി കൂടിയാണ് എ.ആർ.എം. നേരത്തെ മൾട്ടിസ്റ്റാർ ചിത്രം 2018 ആയിരുന്നു 100 കോടി ക്ലബിലേയ്ക്ക് എത്തിയത്.

ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന എആർഎം നവാഗതനായ ജിതിൻ ലാലാണ് സംവിധാനം ചെയ്തിരിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്.

Vijayasree Vijayasree :