നടൻ എന്നതിന് പുറമെ നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തിയാണ് അജയ് ദേവ്ഗൺ. ദീപാവലി റിലീസായി ഏറ്റവും കൂടുതൽ പേർ ആകാംക്ഷയോടെ നോക്കി കാണുന്ന ചിത്രമാണ് സിങ്കം എഗെയ്ൻ. വൻതാരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അജയ് ദേവ്ഗണാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അജയ് ദേവ്ഗണിനൊപ്പം ദീപിക പദുക്കോൺ, അക്ഷയ് കുമാർ, കരീന കപൂർ, രൺവീർ സിംഗ്, അർജുൻ കപൂർ തുടങ്ങി നിരവധി താരങ്ങളും എത്തുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ തന്റെ കണ്ണിന് പരിക്കേറ്റ വിവരം പങ്കുവെയ്ക്കുകയാണ് അജയ് ദേവ്ഗൺ. നടന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
ആക്ഷൻ സീക്വൻസിനിടെ കണ്ണിൽ അടിയേറ്റു. സാരമായ പരിക്ക് പറ്റി. പിന്നാലെ ചെറിയ സർജറി നടത്തേണ്ടി വന്നു. രണ്ട്-മൂന്ന് മാസത്തേയ്ക്ക് ഒന്നും കാണാൻ കഴിയുമായിരുന്നില്ല. എന്നാൽ ഇപ്പോൾ നല്ല ഭേദമുണ്ട് എന്നാണ് അജയ് ദേവ്ഗൺ പറഞ്ഞത്. കൂളിങ് ഗ്ലാസ് ധരിച്ച് വേദിയിലെത്തിയ നടനോട് കണ്ണ് വീങ്ങിയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സൽമാൻ ഖാൻ വിവരം തിരക്കുകയായിരുന്നു.
ഇടവേളയ്ക്ക് ശേഷം അജയ് ദേവ്ഗണിന്റെ വലിയ തിരിച്ചുവരവായിരിക്കും സിങ്കം എഗെയ്ൻ എന്നാണ് വിലയിരുത്തപ്പെടുന്നത്. നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അജയ് ദേവ്ഗൺ ദേശീയ പുരസ്‌കാരം അടക്കമുള്ള ബഹുമതികൾ നേടിയിട്ടുള്ള താരമാണ്. 2016 ൽ രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി കേന്ദ്ര സർക്കാർ അദ്ദേഹത്തെ ആദരിച്ചിരുന്നു.