സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പർ നായികയായി വളരുകയുമായിരുന്നു.
ഇപ്പോഴിതാ ഓപ്പറേഷൻ സിന്ദൂറിന് ആദരവുമായി കാൻ ചലച്ചിത്ര മേളയിൽ സാരിയും നെറുകയിൽ സിന്ദൂരവും അണിഞ്ഞ് എത്തിയിരിക്കുകയാണ് നടി. പെഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനായി 33 രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിനിധികളെ അയക്കാനിരിക്കെയാണ് ലോകത്തിന് നിശബ്ദസന്ദേശവുമായി ഐശ്വര്യ കാനിലെത്തിയതെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
ഐവറി നിറത്തിലുള്ള മനോഹരമായ സാരിയിലാണ് നടി എത്തിയത്. കദ്വ ബനാറസി ഹാന്‍ഡ്‌ലൂം സാരിയാണ് ഇത്. പ്രമുഖ ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയാണ് ഡിസൈനർ. മനീഷ് മല്‍ഹോത്ര ജ്വല്ലറിയില്‍ നിന്നുള്ള ആഭരണങ്ങളാണ് താരം അണിഞ്ഞിരുന്നതും. 18 കാരറ്റ് സ്വര്‍ണത്തിൽ, 500 കാരറ്റിലേറെയുള്ള മാണിക്യക്കല്ലുകളും അണ്‍കട്ട് ഡയമണ്ടുകളുമുള്ള നെക്ക്‌ലേസ് ആയിരുന്നു അണിഞ്ഞത്.
അതേസമയം ഐശ്വര്യ റായ് നെറുകയിൽ സിന്ദൂരമണിഞ്ഞ് കാനിലെത്തിയത് അഭിഷേക് ബച്ചനുമായുള്ള വിവാഹബന്ധം വേർപിരിയുകയാണ് എന്ന കിംവദന്തികൾക്കുള്ള പരോക്ഷ മറുപടിയാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഐശ്വര്യയുടെ ജന്മദിനാഘോഷത്തിൽ അഭിഷേക് പങ്കെടുക്കാതിരുന്നതും ബച്ചൻ കുടുംബത്തോട് ഐശ്വര്യ അകലം പാലിക്കുന്നതുമെല്ലാം ആരാധകരുടെ ഇത്തരം സംശയങ്ങൾക്ക് ആക്കം കൂട്ടുന്നതായിരുന്നു.
എന്നാൽ ഇവർ തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. എന്നാൽ അബിഷേകിന്റെ അമ്മ ജയ ബച്ചനുമായും സഹോദരിയുമായും നടിയ്ക്ക് പ്രശ്നമുണ്ടെന്നും പരക്കെ സംസാരമുണ്ട്. 2007 ലായിരുന്നു ഐശ്വര്യ റായി -അഭിഷേക് വിവാഹം നടന്നത്. ഐശ്വര്യ തൻറെ കരിയറിൽ ഉന്നതികളിൽ നിൽക്കുന്പോഴായിരുന്നു ഈ വിവാഹം.