എന്നും വാർത്തകളിൽ ഇടം പിടിക്കാറുള്ള താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. കുടുംബത്തിൽ വലിയ പ്രശ്‌നങ്ങളാണ് നടക്കുന്നതെന്ന ആരാധകരുടെ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും അകൽച്ചയിലാണെന്നാണ് സംസാരം. അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങൾക്കിടെ ഇത് സ്ഥിരീകരിക്കുന്ന സംഭവങ്ങളും ഉണ്ടായി.
ഇതിനിടെ വിവാഹമോചനത്തെ കുറിച്ചുള്ള ഒരു പോസ്റ്റിന് അഭിഷേക്ക് ലൈക്ക് അടിച്ചതോടെ ഇരുവരും വേർപിരിഞ്ഞുവെന്ന് ആരാധകർ ഉറപ്പിച്ചിരിക്കുകയാണ്. ഹീന കന്ദേൽവൽ എഴുതിയ ‘വെൻ ലവ് സ്റ്റോപ്‌സ് ഈസി’ എന്ന കാപ്ഷനോടെ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് അഭിഷേകിന്റെ പ്രതികരണം.
ദമ്പതികൾക്കിടെയിൽ വിവാഹമോചനങ്ങൾ വർധിക്കുന്നതുമായി ബന്ധപ്പെട്ടും കാരണങ്ങളെ കുറിച്ചുമെല്ലാം ചർച്ച ചെയ്യുന്നൊരു പോസ്റ്റാണിത്. വിവാഹമോചനം അത്ര എളുപ്പത്തിലെടുക്കാവുന്ന തീരുമാനമല്ല, എങ്കിലും പലപ്പോഴും നിർബന്ധിതരാവും. ജീവിതം പ്രതീക്ഷിച്ച വഴിയേ പോവാതെ വരും. ജീവിതത്തിന്റെ വലിയൊരു ഭാഗം ഒന്നിച്ചു ജീവിച്ച്, ചെറുതും വലുതുമായ കാര്യങ്ങളുടെ പേരിൽ എങ്ങനെയാവും രണ്ടായി പിരിയാനുള്ള തീരുമാനമെടുക്കുക.
അവരെ ഒന്നിപ്പിച്ച കാര്യങ്ങൾ എന്തൊക്കെയായിരിക്കും? അവർ അഭിമുഖീകരിച്ച വെല്ലുവിളികൾ എന്തെല്ലാമാവും? തുടങ്ങിയുള്ള കാര്യങ്ങളാണ് പോസ്റ്റിൽ ചർച്ച ചെയ്തത്. അഭിഷേക് ലൈക്ക് നൽകിയ സ്‌ക്രീൻഷോട്ടും പ്രചരിക്കുന്നുണ്ട്. അതേസമയം, ബച്ചൻ കുടുംബവുമായി ഐശ്വര്യ അത്ര രസത്തിലല്ല എന്ന വാർത്തകൾ നേരത്തെ എത്തിയിരുന്നു. ജയ ബച്ചനും മകൾ ശ്വേത ബച്ചനുമായി ഐശ്വര്യയുമായി പിണക്കത്തിലാണെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
പൊതുവെ പൊതു ജനങ്ങൾക്ക് മുന്നിലെ പ്രതിഛായയിൽ വലിയ ശ്രദ്ധ കൊടുക്കുന്നവരാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. മുൻ ലോക സുന്ദരിയായ ഐശ്വര്യ റായിക്കും ഇത്തരത്തിലുള്ള വ്യക്തിയാണ്. അതിനാൽ തന്നെ സ്വകാര്യ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ ഇവർ താൽപര്യപ്പെടാറില്ല. ഏറെക്കാലമായി അഭിഷേകിന്റെ വീട്ടുകാരും ഐശ്വര്യയും തമ്മിലുള്ള അകൽച്ച പ്രകടമാണ്. പൊതുവേദികളിലൊന്നും താര കുടുംബം ഐശ്വര്യയെക്കുറിച്ച് സംസാരിക്കാറില്ല.
നടി സിനിമാ രംഗത്തേക്ക് തിരിച്ച് വന്നപ്പോഴും പൊന്നിയിൻ സെൽവൻ എന്ന സിനിമ വൻ വിജയമായപ്പോഴും അമിതാഭ് ബച്ചനും ജയ ബച്ചനും മൗനം പാലിച്ചു. അതേസമയം അഭിഷേകിന്റെ മികച്ച പെർഫോമൻസുകളെക്കുറിച്ച് അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് കുറിക്കാറുമുണ്ട്. എന്താണ് ഐശ്വര്യയും ഭർത്താവിന്റെ വീട്ടുകാരും തമ്മിലുള്ള പ്രശ്നമെന്ന് വ്യക്തമല്ല. അതേസമയം 2016 ലാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് സൂചനയുണ്ട്.
അതുവരെയും ഐശ്വര്യയെ പുകഴ്ത്തി ജയ ബച്ചൻ പലയിടത്തും സംസാരിച്ചിട്ടുണ്ട്. എന്നാൽ 2016 ൽ ഏ ദിൽ ഹെ മുശ്കിൽ എന്ന സിനിമ റിലീസ് ചെയ്തു. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളിൽ ഐശ്വര്യ അഭിനയിച്ചു. ഇത് വലിയ ചർച്ചയായി. ഇതോടെ ഐശ്വര്യയും ജയ ബച്ചനും തമ്മിൽ അസ്വാരസ്യം ഉണ്ടായെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മറ്റൊരു കാരണമായി പറയുന്നത് അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചന്റെ ഇടപെടലാണ്. ഐശ്വര്യയുമായി ശ്വേത ബച്ചനുള്ള അകൽച്ച പൊതുവേദികളിൽ പോലും പ്രകടമായിരുന്നു.
2007 ലായിരുന്നു ഐശ്വര്യ റായി -അഭിഷേക് വിവാഹം നടന്നത്. ഐശ്വര്യ തൻറെ കരിയറിൽ ഉന്നതികളിൽ നിൽക്കുന്പോഴായിരുന്നു ഈ വിവാഹം. എന്നാൽ അഭിഷേക് ആകട്ടെ മുൻനിര നായക നിരയിൽ പോലും അന്ന് സ്ഥാനം ഉറപ്പിച്ചിട്ടില്ല. അന്നും ഇന്നും അഭിഷേകിനേക്കാൾ ഒരുപാട് ദൂരം മുന്നിലാണ് ഐശ്വര്യ. അഭിക്ഷേക് ബച്ചൻ സിനിമയിൽ സജീവമാണെങ്കിലും അടുത്തകാലത്തായി ഒരു ഹിറ്റ് ചിത്രം പോലും അദ്ദേഹത്തിൻറേതായി പുറത്തെത്തിയിട്ടില്ല.