സൂരറൈ പോട്രിലെ ബൊമ്മിയാകാന്‍ ഓഡിഷനില്‍ പങ്കെടുത്തിരുന്നു, പക്ഷേ ആ കഥാപാത്രം കിട്ടിയില്ല; തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

സൂര്യ നായകനായി എത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു സൂരറൈ പോട്ര്. ചിത്രത്തില്‍ മലയാളി നായികയായ അപര്‍ണ ബാലമുരളിയായിരുന്നു നായികയായി എത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ സിനിമയില്‍ സൂര്യയുടെ നായികയാവാന്‍ ഓഡിഷനില്‍ പങ്കെടുത്തിരുന്നുവെന്ന് പറയുകയാണ് നടി ഐശ്വര്യ ലക്ഷ്മി.

ബൊമ്മിയാകാന്‍ താന്‍ അനുയോജ്യ അല്ലായിരുന്നുവെന്നും മധുര ശൈലിയില്‍ തമിഴ് പറയുന്ന രീതിയും ശരിയായിരുന്നില്ലെന്നും ഐശ്വര്യ പറഞ്ഞു. ‘സൂരറൈ പോട്രില്‍ അപര്‍ണ ചെയ്ത റോളിലേക്ക് ഞാന്‍ നേരത്തെ ഓഡിഷന് ചെന്നിരുന്നു. പക്ഷേ ലഭിച്ചില്ല. കാരണം, ഒന്ന് ഞാനതിന് അനുയോജ്യ ആയിരുന്നില്ല.

ഒപ്പം ഞാന്‍ മധുര തമിഴ് പറയുന്ന രീതിയും ശരിയായിരുന്നില്ല. ആര്‍ക്കാണ് റോള്‍ ലഭിച്ചതെന്ന് പിന്നീട് നോക്കിയിരുന്നു. അപര്‍ണ ബാലമുരളിക്കാണ് ലഭിച്ചതെന്ന് കേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി’.

‘അവള്‍ ഒരു ബ്രില്യന്റ് ആക്ടറാണ്. അവള്‍ ആ റോള്‍ ചെയ്ത ശേഷം എനിക്ക് മറ്റാരെയും ആ റോളിലേക്ക് ചിന്തിക്കാന്‍ പറ്റിയില്ല. അപര്‍ണ പെര്‍ഫോം ചെയ്ത രീതി വളരെ മനോഹരമായിരുന്നു. അവരുടെ കെമിസ്ട്രിയും ഫയര്‍ ആയിരുന്നു’ എന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

അതേസമയം, ഐശ്വര്യ ലക്ഷ്മിയുടെ പുതിയ തമിഴ് ചിത്രമാണ് ഗാട്ട ഗുസ്തി. രാക്ഷസന്‍ സിനിമയിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ വിഷ്ണു വിശാലാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Vijayasree Vijayasree :