ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും തമ്മിൽ അത്ര സ്വരചേർച്ചയിലല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഐശ്വര്യയുടെ ജന്മദിനാഘോഷത്തിൽ അഭിഷേക് പങ്കെടുക്കാതിരുന്നതും ബച്ചൻ കുടുംബത്തോട് ഐശ്വര്യ അകലം പാലിക്കുന്നതുമെല്ലാം ആരാധകരുടെ ഇത്തരം സംശയങ്ങൾക്ക് ആക്കം കൂട്ടുന്നതായിരുന്നു. തങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്നും ഇപ്പോഴും നല്ല രീതിയിൽ പോകുന്നതായിട്ടും അഭിഷേക് സൂചിപ്പിച്ചെങ്കിലും താരങ്ങൾ വേർപിരിഞ്ഞെന്ന് നിരന്തരം റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കുകയാണ്.
2011 ലാണ് ഇരുവരുടേയും മകൾ ആരാധ്യ ജനിച്ചത്. കൊച്ചുമകളുടെ ജനനം അമിതാഭ് ബച്ചനും ജയ ബച്ചനും വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. ഐശ്വര്യ ആരാധ്യയ്ക്ക് ജന്മം നൽകിയതിന് പിന്നാലെ പങ്കുവച്ച ട്വീറ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി മാറിയിരിക്കുന്നത്.
പ്രസവ വേദന സഹിച്ചതിന് ഐശ്വര്യയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു അമിതാഭ് ബച്ചന്റെ ട്വീറ്റ്. എന്നാൽ താരത്തെ വിമർശിക്കുകയാണ് സോഷ്യൽ മീഡിയ. വേദന സംഹാരികളില്ലാതെ നോർമൽ ഡെലിവറി പൂർത്തിയാക്കിയ ഐശ്വര്യയെ അഭിനന്ദിക്കുന്നുവെന്നായിരുന്നു അമിതാഭ് ബച്ചൻ ട്വീറ്റിൽ പറഞ്ഞത്. പലരും സി സെക്ഷൻ നിർദ്ദേശിച്ചിട്ടും നോർമൽ ഡെലിവറി മതിയെന്ന് വാശി പിടിക്കുകയായിരുന്നു ഐശ്വര്യയെന്നും അമിതാഭ് ബച്ചൻ പറഞ്ഞിരുന്നു.
അവർ സി സെക്ഷൻ തിരഞ്ഞെടുക്കാൻ പറഞ്ഞിരുന്നുവെങ്കിലും നോർമൽ ഡെലിവറിയായിരുന്നു. ഐശ്വര്യയ്ക്ക് നോർമൽ ഡെലിവറി തന്നെ വേണമായിരുന്നു. അവൾ ഒരുപാട് കഷ്ടപ്പെട്ടു. 2-3 മണിക്കൂർ ലേബറിലായിരുന്നു. പക്ഷെ അവൾ തനിക്ക് നോർമൽ ഡെലിവറി തന്നെ മതിയെന്ന് നിർബന്ധം പിടിച്ചു. വേദന സംഹാരികളോ എപിഡ്യൂറലുകളോ ഉപയോഗിച്ചിട്ടില്ല അവൾ എന്നാണ് അമിതാഭ് ബച്ചൻ പറഞ്ഞത്.
എന്നാൽ പ്രസവത്തെ നോർമൽ ഡെലിവറി എന്ന് വിശേഷിപ്പിച്ചത് സോഷ്യൽ മീഡിയയുടെ വിമർശനങ്ങൾക്ക് കാരണം. നോർമൽ ഡെലിവറി എന്നൊന്നില്ല. പഴയ ചിന്താഗതി മാറ്റണം, ഇത്രയും വേദന സഹിക്കേണ്ടതില്ല. പറ്റുമെങ്കിൽ അടുത്ത തവണ നിങ്ങൾ ഒന്ന് നോർമൽ ആയി പ്രസവിച്ച് കാണിക്കണം എന്നുമൊക്കെ സോഷ്യൽ മീഡിയ ബച്ചനോട് പറയുന്നത്. പ്രസവ സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന വേദനയുടെ പത്ത് ശതമാനം പോലും പുരുഷന്മാർക്ക് സാധിക്കില്ല. എന്നിട്ട് നോർമൽ ഡെലിവറി എന്നൊക്കെ കമന്റ് ചെയ്യാൻ എളുപ്പമാണെന്നും സോഷ്യൽ മീഡിയ ബച്ചനോട് പറയുന്നു.
വ്യാജ വാർത്തകളുടേയും ഗോസിപ്പുകളുടേയും സ്ഥിരം ഇരകളാണ് ബച്ചൻ കുടുംബം. പലപ്പോഴും താരകുടുംബത്തിനെതിരെ ഇല്ലാക്കഥകൾ ഗോസിപ്പ് കോളങ്ങളിലൂടെ പ്രചരിച്ചിട്ടുണ്ട്. ഒരിക്കൽ ഐശ്വര്യയെക്കുറിച്ചുള്ള വ്യാജ വാർത്തയുടെ പേരിൽ ഒരു മാധ്യമത്തിനെതിരെ ബച്ചൻ രംഗത്തെത്തിയിരുന്നു. അത്തരത്തിലൊരു സംഭവമായിരുന്നു 2010 ലേത്.
ഐശ്വര്യ റായ്ക്ക് ഗർഭിണിയാകാൻ സാധിക്കില്ലെന്നായിരുന്നു വാർത്ത. താരത്തിന് വയറ്റിൽ ട്യൂബർകുലോസിസ് ആയിരുന്നതിനാൽ അമ്മയാകാൻ സാധിക്കില്ലെന്നായിരുന്നു വാർത്ത. പിന്നാലെ വ്യാജ വാർത്തയ്‌ക്കെതിരെ അമിതാഭ് ബച്ചൻ രംഗത്തെത്തുകയായിരുന്നു. ഐശ്വര്യ തനിക്ക് മരുമകളല്ല, മകൾ തന്നെയാണെന്നും ബ്ലോഗിൽ ബച്ചൻ പറയുന്നുണ്ട്. അവൾക്ക് വേണ്ടി താൻ അവസാന ശ്വാസം വരേയും പോരാടുമെന്നും ബച്ചൻ പറഞ്ഞു.
ഞാനാണ് എന്റെ കുടുംബത്തിന്റെ കാരണവർ. ഐശ്വര്യ എന്റെ മരുമകളല്ല, എന്റെ മകളാണ്. എന്റെ വീട്ടിലെ സ്ത്രീയാണ്. അവളെക്കുറിച്ച് ആരെങ്കിലും മോശമായി സംസാരിച്ചാൽ, അവൾക്കായി അവസാന ശ്വാസം വരെ ഞാൻ പൊരുതും. വീട്ടിലെ പുരുഷന്മാരായ എന്നേയും അഭിഷേകിനേയും കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ഞാൻ സഹിക്കും. പക്ഷെ വീട്ടിലെ സ്ത്രീകളെപ്പറ്റി എന്തെങ്കിലും മോശമായി പറഞ്ഞാൽ ഞാൻ അത് സഹിക്കില്ല എന്നായിരുന്നു ബച്ചൻ തുറന്നടിച്ചത്.