കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു അഹാന കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന നാൻസി റാണി എന്ന ചിത്രം വാർത്തകളിൽ ഇടം നേടിയത്. അഹാന പ്രമോഷന് വരുന്നില്ലെന്നും സഹകരിക്കുന്നില്ലെന്നും കാട്ടി സംവിധായകന്റെ ഭാര്യ രംഗത്തെത്തിയതിന് പിന്നാലെ അഹാനയും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ അഹാന പറഞ്ഞതെല്ലാം ശരിയാണെന്നും സിനിമയ്‌ക്കെതിരെ തങ്ങളും കേസ് നൽകിയിട്ടുണ്ടെന്നും വെളിപ്പെടുത്തുകയാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകരും ടെക്‌നീഷ്യൻമാരും. തങ്ങൾക്ക് ഇതുവരെയും പ്രതിഫലം ലഭിച്ചിട്ടില്ല എന്നാണ് സിനിമയിലെ ചില ടെക്നീഷ്യൻമാർ പറയുന്നത്.
സംവിധായകൻ എപ്പോഴും മദ്യപാനമായിരുന്നു. അസിസ്റ്റന്റ് ഡയറക്ടർമാരും അയാൾക്കൊപ്പം മദ്യപിക്കും. സംവിധായകൻ നോർമലായിട്ടുള്ള ഒരു ദിവസം പോലും ഇല്ലായിരുന്നു. അങ്ങനെ സിനിമയുടെ ഷൂട്ട് നീണ്ടു നീണ്ട് പോയി. ഷൂട്ട് ഡിലേ ആയി. രാവിലെ 9 മണിക്ക് ഷൂട്ടിന് സെറ്റ് ചെയ്താലും തുടങ്ങുന്നത് വൈകിട്ട് 4 മണിക്കോ 5 മണിക്കോ ആണ്.
ആദ്യത്തെ രണ്ട് ഷെഡ്യൂൾ ഓകെയായിരുന്നു. മൂന്നാമത്തെ ഷെഡ്യൂൾ മുതൽ എല്ലാം മാറി. പിന്നെ സ്‌ക്രിപ്റ്റ് മൊത്തം പൊളിച്ചു, ആദ്യം പറഞ്ഞ കഥയൊന്നുമല്ല പിന്നീട് സിനിമയായത്. ആർട്ടിസ്റ്റുകൾ എല്ലാവരും അത് എതിർത്തു.
ഒരുപാട് പേർക്ക് കാശ് കിട്ടാനുണ്ട്. എനിക്ക് മൂന്ന് ലക്ഷം കിട്ടാനുണ്ട്. ഞാൻ കേസ് കൊടുത്തതിന് പിന്നാലെ പൊലീസ് സ്റ്റേഷനിൽ നിന്നും വിളിപ്പിച്ചപ്പോൾ എഡിറ്റ് തീർന്ന് പടം റിലീസ് ആകുന്നതിന് മുമ്പ് സെറ്റിൽ ചെയ്യാമെന്ന് സംവിധായകൻ പറഞ്ഞു. ഇതിനിടെ സംവിധായകൻ അന്തരിച്ചു.
അങ്ങനെ ഞാൻ പ്രൊഡ്യൂസറെ വിളിച്ചു. പ്രൊഡ്യൂസർ അമേരിക്കയിലാണ്. അദ്ദേഹം വരുമ്പോൾ തീരുമാനം ഉണ്ടാക്കാം എന്നാണ് പറഞ്ഞത് എന്നാണ് ഒരാൾ ഒരു മാധ്യമത്തോട് പ്രതികരിച്ചത്. പിന്നാലെ നിരവധി പേരാണ് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.