ഭർത്താവുമായി ചെറിയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു, അതെല്ലാം നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞു; ഇപ്പോൾ പ്രൊമോഷന് വരുന്നില്ലെന്ന് സംവിധായകന്റെ ഭാര്യ

സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടേയും സോഷ്യൽ മീഡിയ പേജുകളിലൂടേയുമെല്ലാം നിറഞ്ഞു നിൽക്കുകയാണ് അഹാന കൃഷ്ണ.

ഇപ്പോഴിതാ അഹാന കൃഷ്ണയ്‌ക്കെതിരെ ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജോസഫ് മനു ജെയിംസിന്റെ ഭാര്യ. ‘നാൻസി റാണി’ സിനിമയുടെ പ്രൊമോഷന് അഹാന സഹകരിക്കുന്നില്ല എന്നാണ് ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈനയുടെ ആരോപണം. ജോസഫ് മനു ജെയിംസ് രണ്ട് വർഷം മുൻപ് മരിച്ചിരുന്നു. അഹാന മാനുഷിക പരിഗണന വെച്ച് പോലും പ്രൊമോഷന് സഹകരിക്കുന്നില്ല എന്നാണ് നൈന പറയുന്നത്.

കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് നടന്ന പ്രസ് മീറ്റിൽ അഹാന പങ്കെടുത്തിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് നൈനയുടെ വിമർശനം. തന്റെ ഭർത്താവും അഹാനയും തമ്മിൽ ചെറിയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നും എന്നാൽ അതെല്ലാം നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെന്നും നൈന പറയുന്നു.

അഹാനയോട് ഞാൻ സംസാരിച്ചിരുന്നു. പിആർഒ, പ്രൊഡക്ഷൻ ടീം എല്ലാവരും സംസാരിച്ചിരുന്നു. മനു ഉണ്ടായിരുന്ന സമയത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം. പുള്ളിക്കാരി അതിപ്പോഴും മറന്നിട്ടുണ്ടാവില്ല. മൂന്ന് വർഷം കഴിഞ്ഞു. സ്വാഭാവികമായിട്ടും മാനുഷിക പരി​ഗണന എന്നുള്ളത് ഉണ്ടാവേണ്ടതാണ്. പ്രശ്നങ്ങൾ മറന്ന് സഹകരിക്കേണ്ടതാണ്. വരാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല.

പ്രതിസന്ധികൾ ഒരുപാട് ഉണ്ട്. അത് പുറത്തുപറയാൻ ഇപ്പോൾ കുറച്ച് ബുദ്ധിമുട്ടുണ്ട്. ഇപ്പോൾ നിശബ്ദയായി ഇരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. സിനിമയിൽ പ്രധാന വേഷം ചെയ്യുന്ന ഒരു താരം മാർക്കറ്റിങിനോ പ്രമോഷനോ ഒന്നും സഹകരണമില്ലാതെ നിൽക്കുമ്പോൾ നിങ്ങൾക്ക് ഊഹിക്കാം എന്നും നൈന പറയുന്നു.

പ്രതിഫലമൊക്കെ മുഴുവൻ കൊടുത്തു തീർത്തതാണ്. എഗ്രിമെന്റിലും പ്രമോഷന് പങ്കെടുക്കണമെന്നുള്ളതാണ്. അജു ചേട്ടൻ പറഞ്ഞതുപോലെ ഉന്തികേറ്റി വലിച്ചു വച്ച് മുഴച്ചു നിൽക്കുന്നതിനേക്കാളും നല്ലത് ഇങ്ങനെ തന്നെ പോകുന്നതാണ്. ഇല്ലാത്ത നഷ്ടം വരികയാണെങ്കിൽ സ്വയം സഹിക്കുക. ഞങ്ങൾക്കു കഴിയാവുന്നതിന്റെ അത്രത്തോളം അപേക്ഷിച്ചു. ഇതിൽ കൂടുതൽ എങ്ങനെയാണ് ചെയ്യുക. ഇനി എന്തെങ്കിലും ഉണ്ടെന്നുണ്ടെങ്കിൽ അതിനു മാപ്പ് പറയണമെങ്കിൽ അതുവരെയും ചെയ്തിട്ടുള്ളതാണ് എന്നുമാണ് നൈന പറയുന്നത്.

2023 ഫെബ്രുവരി 25ന് ആയിരുന്നു ജോസഫ് മനു ജയിംസിന്റെ വിയോ​ഗം. മഞ്ഞപ്പിത്തം ബാധിച്ചായിരുന്നു മരണം. നാൻസി റാണി റിലീസിന് തയാറെടുക്കുന്നതിനിടെ ആയിരുന്നു മനുവിൻറെ അപ്രതീക്ഷിത വിയോഗം. ‘ഐ ആം ക്യൂരിയസ്’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച മനു മലയാളം, കന്ന‍ഡ, ഇംഗ്ലിഷ് സിനിമകളിലും സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. മമ്മൂട്ടി ആരാധികയായ ഒരു സിനിമാ മോഹിയുടെ കഥ പറയുന്ന ചിത്രമാണ് നാൻസി റാണി. അജു വർഗീസ്, അർജുൻ അശോകൻ, ലാൽ, ശ്രീനിവാസൻ, സണ്ണി വെയ്ൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

മാർച്ച് 14 ന് ആണ് ചിത്രം തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്. കൈലാത്ത് ഫിലിംസിൻ്റെ ബാനറിൽ റോയി സെബാസ്റ്റ്യൻ, മനു ജയിംസ് സിനിമാസിൻ്റെ ബാനറിൽ നൈനാ ജിബി പിട്ടാപ്പിള്ളിൽ, പോസ്റ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ ഡബ്ല്യൂ വർഗീസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

അതേസമയം, രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. സിനിമയിൽ ഫർഹാൻ ഫാസിലിന്റെ നായികയായാണ് നടി അഭിനയിച്ചത്. പിന്നാലെ നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു നടി. 2019ലാണ് അഹാനയുടെ ലൂക്ക പുറത്തിറങ്ങിയത്. യൂടൂബിലൂടെയും തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് അഹാന എത്താറുണ്ട്.

Vijayasree Vijayasree :