ആരാധകനെ തള്ളിതാഴെയിട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍; മൈന്‍ഡ് ചെയ്യാതെ നടന്ന് പോയി നാഗാര്‍ജുന; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ മാപ്പ് പറഞ്ഞ് നടന്‍

നിരവധി ആരാധകരുള്ള താരമാണ് നാഗാര്‍ജുന അക്കിനേനി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണിച്ച ഒരു മോശം പ്രവൃത്തി കാരണം മാപ്പ് പറയേണ്ട അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുകയാണ് താരം. നാഗാര്‍ജുനയെ കാണാനായി അടുത്തെത്തിയ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തള്ളി താഴെയിട്ടതാണ് സംഭവത്തിന് തുടക്കം.

ഹൈദരാബാദ് വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ നടന്നുവരികയായിരുന്നു നാഗാര്‍ജുനയും ധനുഷും. ഇവരെ കണ്ട് സമീപത്തുള്ള ഒരു കടയിലെ ജീവനക്കാരന്‍ നാഗാര്‍ജുനയ്ക്കടുത്തേയ്ക്ക് ചെന്നു. എന്നാല്‍, ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശക്തിയായി തള്ളി മാറ്റുകയായിരുന്നു.

വലിയ വീഴ്ചയില്‍ നിന്ന് കഷ്ടിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഈ സംഭവങ്ങളൊന്നും നാഗാര്‍ജുന ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍, ആരാധകന് എന്തെങ്കിലും പറ്റിയോ എന്ന് ധനുഷ് തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. ഈ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തയിരുന്നത്.

നാഗാര്‍ജുനയെ കുറ്റപ്പെടുത്തികൊണ്ടായിരുന്നു വിമര്‍ശനങ്ങള്‍. ഇത്രയും അഹങ്കാരം ഒരു നടനും പാടില്ല. നാഗാര്‍ജുന ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഈ ആരാധകര്‍ ഇല്ലെങ്കില്‍ നാഗാര്‍ജുനയെന്ന താരം ഉണ്ടാകില്ലായിരുന്നു, നാഗാര്‍ജുനയുടെ ചിത്രങ്ങള്‍ ബാന്‍ ചെയ്യുക എന്നിങ്ങനെ പോകുന്നു കമന്റുകള്‍. വിമര്‍ശനങ്ങള്‍ക്ക് തൊട്ടുപിന്നാലെ വീഡിയോ പങ്കുവെച്ചുകൊണ്ട് നാഗാര്‍ജുനയുടെ പ്രതികരണവുമെത്തി.

ഇപ്പോഴാണ് ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടത്. ഇതൊരിക്കലും നടക്കരുതായിരുന്നു. ആ മാന്യവ്യക്തിയോട് ഞാന്‍ മാപ്പുചോദിക്കുന്നു. ഭാവിയില്‍ ഇങ്ങനെ സംഭവിക്കാതിരിക്കാന്‍വേണ്ട മുന്‍കരുതലുകളെടുക്കും എന്നും അദ്ദേഹം പറഞ്ഞു.

Vijayasree Vijayasree :