ഞങ്ങളുടെ ടാര്‍സന്‍..; 19 വര്‍ഷങ്ങള്‍ക്ക് ശേഷം കുടജാദ്രിയിലെ നായകനും നായികയും വീണ്ടും കണ്ടു മുട്ടി!; വൈറലായി വീഡിയോ

ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ ഹരമായിരുന്നു ആല്‍ബം ഗാനങ്ങള്‍. നിരവധി ഗാനങ്ങള്‍ ഉണ്ടെങ്കിലും ആല്‍ബം ഗാനങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസിലേയ്ക്ക് എത്തുന്നത് ‘കുടജാദ്രിയില്‍’ എന്ന് തുടങ്ങുന്ന ഗാനമായിരിക്കും. സ്വര്‍ണലത ആലപിച്ച ഈ ഗാനത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. മോഹം എന്ന സംഗീത ആല്‍ബത്തിന്റെ ഭാഗമായിരുന്നു കുടജാദ്രിയില്‍ എന്ന ആ ഹിറ്റ് ഗാനം. എംഎ ബാബാജിയുടെ വരികളായിരുന്നു കുടജാദ്രിയില്‍ എന്ന ഗാനം. ജബ്ബാര്‍ കല്ലറയ്ക്കലിന്റേതായിരുന്നു സംഗീതം.

ആലാപന ശൈലി കൊണ്ടും ദൃശ്യമികവ് കൊണ്ടും പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഈ പാട്ടിനൊപ്പം പ്രേക്ഷകരുടെ മനസില്‍ കയറിയ അഭിനേതാക്കളാണ് ജിയ ഇറാനിയും മോനിഷയും. വനത്തിനുള്ളില്‍ താമസിക്കുന്ന യുവാവിനോടുള്ള പ്രണയം ചിത്രീകരിക്കുന്ന പാട്ടില്‍ ഇരുവരും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. കാട്ടില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ എത്തുന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായാണ് മോനിഷ ആല്‍ബത്തിലെത്തിയത്.

എന്നാല്‍ പാട്ട് വലിയ ഹിറ്റായിട്ടും ഇവരെ കുറിച്ച് പിന്നീട് ഒരു വിവരങ്ങളും ആരാധകര്‍ക്ക് അറിയാമായിരുന്നില്ല. അടുത്തിടെ ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇരുവരെയും ഒരുമിച്ച് കണ്ട സന്തോഷത്തിലാണ് പ്രേക്ഷകര്‍. അഭിമുഖത്തിന്റെ ഭാഗങ്ങള്‍ റീലുകളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

തന്നെ ഇപ്പോഴും പ്രേക്ഷകര്‍ കാണുമ്പോള്‍ തിരിച്ചറിയുന്നുണ്ടെന്ന് ജിയ ഇറാനി പറയുന്നു. ഞങ്ങളുടെ ടാര്‍സന്‍ അല്ലെയെന്നാണ് ചോദിക്കുന്നത്. അവരുടെ ഉളളിലേക്ക് അത്രയ്്ക്ക് അത് സ്വാധീനിച്ചിട്ടുണ്ടെന്നാണ് അതിലൂടെ മനസിലാകുന്നതെന്നും ജിയാന്‍ പ്രതികരിക്കുന്നു.

18 വയസിലായിരുന്നു ആല്‍ബത്തില്‍ അഭിനയിച്ചതെന്ന് മോനിഷ പറഞ്ഞു. അഭിനയിക്കാന്‍ എത്തിയപ്പോള്‍ ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ലെന്നും മോനിഷ കൂട്ടിച്ചേര്‍ത്തു. നിലവില്‍ എറണാകുളം വൈറ്റിലയിലാണ് ജിയാന്‍ റിയാന്‍ ഉളളത്. അഭിനയം ഇപ്പോഴും കൈവിടാതെ ഒപ്പം ഉണ്ട്. സിനിമകളില്‍ ഉള്‍പ്പെടെ ചെറിയ വേഷങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്.

Vijayasree Vijayasree :