ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് നാളുകളായി എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര് ബിജു ആന്റണി ആളൂര്‍ എന്നാണ്. തൃശ്ശൂര്‍ സ്വദേശിയാണ്.
കുപ്രസിദ്ധരായ പ്രതികള്‍ക്ക് വേണ്ടി കേസ് ഏറ്റെടുക്കുന്നതിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് അഡ്വ. ബിഎ ആളൂർ. പെരുമ്പാവൂർ ജിഷ കേസ്, സൌമ്യ വധക്കേസ്, വിസ്മയ കേസ്, നരബലി കേസ് തുടങ്ങിയ കേസുകളിലെല്ലാം പ്രതികള്‍ക്ക് വേണ്ടി ആളൂർ കോടതിയിലെത്തിയിരുന്നു.
നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനിയുടെ ആദ്യ അഭിഭാഷകനായിരുന്ന അഡ്വ. ബിഎ ആളൂർ. എന്നാല്‍ പിന്നീട് ആളൂർ പള്‍സർ സുനിയുടെ വക്കാലത്ത് ഒഴിയുകയാണുണ്ടായത്. പള്‍സര്‍ സുനിയുടെ ആളുകള്‍ ദിലീപുമായി ബന്ധപ്പെട്ട് സ്വാധീനങ്ങള്‍ക്ക് ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം വക്കാലത്ത് ഒഴിഞ്ഞതെന്ന തരത്തിലായിരുന്നു അന്ന് വന്ന വാർത്തകള്‍.