സിനിമ താരങ്ങള്‍ പ്രതികരിക്കുമ്പോള്‍ സൂക്ഷിക്കണം, അത് അവരുടെ അവസരങ്ങളെയും സിനിമകളേയും ബാധിക്കും; അടൂര്‍ ഗോപാലകൃഷ്ണന്‍

സിനിമാതാരങ്ങളുടെ പേരില്‍ പൊതുജനങ്ങള്‍ സിനിമ ബഹിഷ്‌കരിക്കുന്നതില്‍ തെറ്റുപറയാനാകില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമ താരങ്ങള്‍ പ്രതികരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും അത് അവരുടെ അവസരങ്ങളെയും സിനിമകളേയും ബാധിക്കും. ഇത്രയേറെ പണംമുടക്കി ഒരാള്‍ സിനിമയെടുക്കുമ്പോള്‍ അത് പുറത്തിറക്കാനാകാത്ത സ്ഥിതിയുണ്ടാകുന്നത് വേദനാജനകമാണ് എന്നും അടൂര്‍ പറഞ്ഞു.

‘സിനിമാതാരങ്ങള്‍ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ സൂക്ഷിച്ചുവേണം. അത് അവരുടെ അവസരങ്ങളെയും അവര്‍ ഭാഗമാകുന്ന സിനിമയെയും പ്രതികൂലമായി ബാധിച്ചേക്കും. ഇത്രയേറെ പണം മുടക്കി ഒരാള്‍ സിനിമയെടുക്കുമ്പോള്‍ അത് പുറത്തിറക്കാനാകാത്ത സ്ഥിതിയുണ്ടാകുന്നത് വേദനാജനകമാണ്’, എന്നും ഒരു അഭിമുഖത്തില്‍ അടൂര്‍ പറഞ്ഞു.

‘മലയാളത്തില്‍ ഒട്ടേറെ നല്ല ചിത്രങ്ങളുണ്ടാകുന്നുണ്ട്. പക്ഷെ വേണ്ട അംഗീകാരം ലഭിക്കുന്നില്ല. പുരസ്‌കാരങ്ങള്‍ പോലും പലപ്പോഴും ലഭിക്കുന്നത് തട്ടുപൊളിപ്പന്‍ സിനിമകള്‍ക്കാണ്. നവാഗതര്‍ വല്ലാതെ പ്രതിസന്ധി അനുഭവിക്കുകയാണ്. സംഘര്‍ഷഭരിതമായ കാലഘട്ടത്തിലൂടെ കടന്നുവന്ന ഞാന്‍ 12 സിനിമകള്‍ പൂര്‍ത്തിയാക്കിയത് എങ്ങനെയാണ് എന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത്ഭുതമാണ് തോന്നുന്നത്’ എന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

പണ്ടുകാലത്ത് സിനിമകളെക്കുറിച്ച് അറിവുള്ള, ഉയര്‍ന്ന ബൗദ്ധിക നിലവാരമുള്ളവരാണ് ദേശീയ അവാര്‍ഡുകള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇന്ന് സിനിമയെക്കുറിച്ച് ഒരറിവും ഇല്ലാത്തവരാണ് തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നത്. ആരാണ് ജൂറിയിലുള്ളതെന്നുപോലും അറിയില്ല. ഭരതനാട്യത്തിന് മാര്‍ക്കിടാന്‍ നൃത്തത്തെക്കുറിച്ച് അറിയാത്ത സാധാരണക്കാരനെ നിയോഗിക്കുന്നതുപോലെയാണത്. മേളകളിലേക്ക് സിനിമകളെ തിരഞ്ഞെടുക്കുന്നതിലുമുണ്ട് ഇതേ വീഴ്ചകള്‍.

രാജ്യത്ത് എത്രയോ ഭാഷകളിലായി എത്രയോ മികച്ച ചിത്രങ്ങളുണ്ട്. അതില്‍നിന്നോ ഒന്നോ രണ്ടോ മേളയില്‍ ഉള്‍ക്കൊള്ളിക്കരുതോ? തിരഞ്ഞെടുപ്പ് സമിതിയുടെ വീഴ്ചയാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കുകാരണം. ഒപ്പം അവാര്‍ഡ് ജൂറികളും സിനിമാവൈദഗ്ധ്യമുള്ളവരാകണം. സ്‌നേഹത്തിന്റെയും സൗഹൃദങ്ങളുടെയും പേരില്‍ ആരെയെങ്കിലും ജൂറി സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് ശരിയായ പ്രവണതയല്ല എന്നും അദ്ദേഹം പറഞ്ഞു.

Vijayasree Vijayasree :