മലയാളികള്‍ക്കേറെ പ്രിയപ്പെട്ട സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. ഇപ്പോഴിതാ മാനസിക പ്രശ്‌നമുള്ളവരാണ് തനിക്ക് ജാതിവെറിയെന്ന് പറയുന്നതെന്ന് പറയുകയാണ് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. 20 വയസിന് മുന്‍പ് താന്‍ ജാതിവാല്‍ മുറിച്ച് കളഞ്ഞയാളാണെന്നും തന്നെ ജാതി പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്നും അടൂര്‍ പറഞ്ഞു.
‘ഞാന്‍ ജാതി നിന്ദ നടത്തുകയാണെന്ന് ആര്‍ക്കും പറയാമല്ലോ. എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്ന് തോന്നുമോ എന്ന് ചോദിക്കുന്നത് പോലെയാണത്. അതിന്റെ അടിസ്ഥാനം എന്താണ്? ആരെപ്പറ്റിയും ഇങ്ങനെ പറയാവുന്നതാണ്. 20 വയസാകുന്നതിനും മുന്‍പ് വാല് മുറിച്ചയാളാണ് ഞാന്‍.
ഞാന്‍ ഉണ്ണിത്താനാണ്, അടൂര്‍ ഗോപാലകൃഷ്ണന്‍ ഉണ്ണിത്താനാണ്. ജാതിയും മതവും അന്ന് കളഞ്ഞതാണ്. എന്നെ ഇനി ജാതി പഠിപ്പിക്കാന്‍ വന്നാല്‍, ഞാന്‍ ജാതി വെറി പിടിച്ചവനാണെന്ന് പറഞ്ഞാല്‍ അതില്‍ തെറ്റുണ്ട്. അത് മാനസിക പ്രശ്‌നമാണ്. പുതിയ തലമുറ എന്റെ പ്രസ്താവനകളെ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ അത് ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ്.
ആഷിഖ് അബുവൊക്കെയാണ് ഇപ്പോള്‍ പഠിപ്പിക്കാന്‍ വരുന്നത്. മെഡിറ്റേഷനിലൂടെ ഉണ്ടാവേണ്ടതാണ് സിനിമ. അല്ലാതെ ഹോട്ടല്‍ മുറി ബുക്ക് ചെയ്ത് തമ്മില്‍ തമ്മില്‍ പറഞ്ഞ് ഉണ്ടാവേണ്ടതല്ല. ആഷിഖ് അബുവില്‍ നിന്ന് അവര്‍ എന്താണ് പഠിക്കാന്‍ പോകുന്നത്,’ എന്നും അടൂര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെ പിന്തുണച്ചും അടൂര്‍ സംസാരിച്ചു. ഒരുതെളിവും ഇല്ലാതെ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതിന് താന്‍ എതിരാണ് എന്നായിരുന്നു അടൂര്‍ പറഞ്ഞത്.
‘ഒരു തെളിവുമില്ലാതെ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ഞാന്‍ എതിരാണ്. ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കുന്നു. ഒരു തെളിവും ഇല്ലാതെ ഒരാളെ മുദ്രകുത്തുന്നതിനോട് ഞാന്‍ എതിരാണ്.’ ടിഎന്‍ഐഇ കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍.