അടൂര്‍ ഗോപാലകൃഷ്ണന്‍ ഇന്ന് രാജിവെച്ചേക്കും; മീറ്റ് ദ പ്രസില്‍ തീരുമാനം അറിയിക്കും!

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവെച്ചേക്കുമെന്ന് വിവരം. ഇന്ന് തിരുവനന്തപുരത്തെ മീറ്റ് ദ പ്രസില്‍ അടൂര്‍ തന്റെ നിലപാട് അറിയിക്കും. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടര്‍ന്ന് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജിയുമാണ് അടൂരിന്റെ അതൃപ്തിക്ക് കാരണം.

മാര്‍ച്ച് 31 വരെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ അടൂരിന്റെ കാലാവധി. അതേസമയം അടൂര്‍ സ്ഥാനത്ത് തുടരണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ശങ്കര്‍മോഹന്‍ രാജിവെച്ചതിന് പിന്നാലെ അടൂരിന്റെ രാജി ആവശ്യം ഉയര്‍ന്നിരുന്നു.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റേത് അടക്കം അടൂരിന് പിന്തുണ ലഭിച്ചിരുന്നു. സിനിമാ മേഖലയില്‍ നിന്നുള്‍പ്പെടെ അടൂരിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി രംഗത്തെത്തുന്നത്.

അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയെ എത്തിച്ചയാളാണ് അടൂര്‍. അതിപ്രശസ്തമായ സാഹിത്യകൃതികള്‍ക്ക് ദൃശ്യ ഭാഷ നല്‍കിയത് അടൂരിന്റെ വലിയ സംഭാവനയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ദേശാഭിമാനി വാര്‍ഷികാഘോഷ സമാപനത്തിലാണ് മുഖ്യമന്ത്രി പിന്തുണ അറിയിച്ചത്.

Vijayasree Vijayasree :