ഒരുപാട് നല്ല നല്ല സീനുകളില്‍ നിന്നും അവര്‍ എന്നെ ഒഴിവാക്കി, നല്ല വിഷമമുണ്ട്; അന്ന് കനകലത പറഞ്ഞത്

മലയാളികള്‍ ഒരിക്കലും മറക്കാത്ത നടിയാണ് കനകലത. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട് താരം. ഒരുകാലത്ത് ജനപ്രിയ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു കനകലത. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നിരവധി വേഷങ്ങള്‍ കനകലത മികവുറ്റതാക്കി. നാടകങ്ങളിലൂടെയാണ് നടി അഭിനയ രംഗത്തെത്തുന്നത്. സീരിയലുകളുടെ വരവോടെ മിനിസ്‌ക്രീനിലേക്കും എത്തി. ഏകദേശം 350ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചു.

മുപ്പത്തെട്ട് വര്‍ഷത്തിലേറെ അഭിനയ രംഗത്ത് സജീവമായി നിന്നിരുന്ന നടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വാര്‍ത്തകളാണ് കഴിഞ്ഞ രണ്ടു ദിവസമായി ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും കാരണം ദുരിതാവസ്ഥയില്‍ കഴിയുകയാണ് കനകലത. നടിയുടെ സഹോദരി വിജയമ്മയാണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്.

ഭക്ഷണം പോലും കഴിക്കാനാവാതെ, ദൈനംദിനകാര്യങ്ങളെല്ലാം മറന്ന് ഇടയ്ക്ക് സ്വന്തം പേരുപോലും മറന്നുപോകുന്ന അതിദയനീയമായ ആരോഗ്യാവസ്ഥയിലൂടെയാണ് കനകലത കടന്നുപോകുന്നതെന്നാണ് സഹോദരി പറഞ്ഞത്. പൂക്കാലം എന്ന ചിത്രത്തിലാണ് കനകലത അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്തും ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. ഉറക്കക്കുറവില്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ പിന്നീട് പതിയെ മറവിയിലേക്ക് എത്തുകയായിരുന്നു. എംആര്‍ഐ സ്‌കാനില്‍ തലച്ചോറ് ചുരുങ്ങുന്നതായും കണ്ടെത്തിയെന്നും സഹോദരി പറയുകയുണ്ടായി.

കനകലതയുടെ രോഗാവസ്ഥ ചര്‍ച്ചയാകുന്നതിനിടയില്‍ നടിയുടെ പഴയ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധനേടുകയാണ്. മലയാള സിനിമയില്‍ തനിക്ക് ലഭിക്കാതെ പോയ നല്ല അവസരങ്ങളെ കുറിച്ച് മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ കനകലത പറഞ്ഞതാണ് ശ്രദ്ധനേടുന്നത്. ഒരുപിടി നല്ല സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മനസിന് സംതൃപ്തി നല്‍കുന്ന ഒരു വേഷവും തനിക്ക് ലഭിച്ചിരുന്നില്ല എന്ന് കനകലത പറയുന്ന വീഡിയോയാണ് വൈറലാകുന്നത്.

‘ഇത്രയും സിനിമയില്‍ അഭിനയിച്ചു, കുറെ സിനിമകളില്‍ നല്ല നല്ല വേഷങ്ങളും ചെയ്തു, എങ്കിലും എന്റെ മനസിന് സംതൃപ്തി നല്‍കുന്ന ഒരു കഥാപാത്രവും എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ എടുത്തു പറയേണ്ട ചില വേഷങ്ങള്‍ ഉണ്ട്. എനിക്ക് ഒരു ബ്രേക്ക് തന്ന പടം കിരീടം ആണ്. അതില്‍ മോഹന്‍ലാലിന്റെ മൂത്ത സഹോദരിയുടെ വേഷം, ജഗതി ശ്രീകുമാറാണ് ഭര്‍ത്താവായി അഭിനയിച്ചത്. എല്ലാവരുടെയും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രമാണത്’,

‘നിങ്ങള്‍ സിനിമയില്‍ കണ്ടതിലും കൂടുതല്‍ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു അത്. പക്ഷെ അന്ന് ഞാന്‍ പ്രൊഫെഷണല്‍ നാടകത്തില്‍ പോകുന്നത് കൊണ്ട് അതിലെ ഒരുപാട് സീനുകളില്‍ നിന്നും എന്നെ ഒഴിവാക്കി. അല്ലെങ്കില്‍ കുറച്ചുകൂടി പ്രാധാന്യമുള്ള ഒരു നല്ല വേഷമായി മാറുമായിരുന്നു അത്. എന്നെ ആ സിനിമയിലേക്ക് വിളിക്കുമ്പോള്‍ തന്നെ ഇത് സീസണ്‍ സമയമാണെന്നും നാടകം ഉള്ളപ്പോള്‍ എന്നെ വിടണമെന്നും പറഞ്ഞിരുന്നു. അത് സമ്മതിച്ചതാണ് അവര്‍ എന്നെ വിളിച്ചത്’.

‘അതുകൊണ്ട് തന്നെ ഒരുപാട് നല്ല നല്ല സീനുകളില്‍ നിന്നും അവര്‍ എന്നെ ഒഴിവാക്കി. എന്റെ ഏതോ ചിത്രം കണ്ടിട്ടാണ് കിരീടത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷണ്മുഖന്‍ എന്റെ പേര് പറഞ്ഞ് എന്നെ അതിലേക്ക് വിളിക്കുന്നത്. അവര്‍ ശരിക്കും എനിക്കുവേണ്ടി കുറെയൊക്കെ അഡ്ജസ്റ്റ് ചെയ്‌തെങ്കിലും എനിക്ക് നല്ല വിഷമമുണ്ട്, നല്ല സീനുകളില്‍ നിന്നും ഒഴിവാക്കിയതില്‍’. ‘പടം കാണുമ്പോള്‍ അത് മനസിലാവും. മൂത്ത മകള്‍ പല സാഹചര്യങ്ങളിലും സിനിമയില്‍ ഇല്ലായിരുന്നു. കീരിക്കാടന്‍ ജോസ് വീട് ആക്രമിക്കുന്ന സീനിലും ഹോസ്പിറ്റലിലും സോങിലുമൊക്കെ ഞാന്‍ വേണ്ടതായിരുന്നു. പക്ഷെ എന്നെ ഒഴിവാക്കി. പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ കിരീടം തന്നെയാണ്’, എന്നും കനകലത അന്ന് പറഞ്ഞിരുന്നു.

2021 ഡിസംബര്‍ തൊട്ടാണ് ഓരോരോ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് അവര്‍ പറഞ്ഞു. അവളുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയത് അപ്പോഴാണ്. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെ അടച്ചുപൂട്ടിയിരുന്നതിന്റെ പ്രശ്‌നമാണെന്നാണ് ആദ്യം കരുതിയത്. വിഷാദരോഗമാവാമെന്ന്. ഉറക്കം കുറവായിരുന്നു. ഉറക്കം കുറഞ്ഞതുകൊണ്ടുള്ള അസ്വസ്ഥത കൂടി വന്നു. സ്ഥിരമായി യോഗ ചെയ്യുന്നവള്‍ അത് നിര്‍ത്തി.

ഭക്ഷണം അല്പസ്വല്പം കഴിക്കുമായിരുന്നു. പക്ഷേ, ഈ ഏപ്രില്‍ ആയപ്പോഴേക്കും അവള്‍ തീര്‍ത്തും ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി. ഉമിനീരുപോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയി. വീണ്ടും ഐസിയുവിലാക്കി. പിന്നീട് ട്യൂബ് ഇട്ടു. ഇപ്പോള്‍ ലിക്വിഡ് ഫുഡ് കൊടുക്കുന്നതെന്നും അവര്‍ പറഞ്ഞു.

വിശക്കുന്നെന്നോ ഭക്ഷണം വേണമെന്നോ ഒന്നും പറയില്ല. ഭക്ഷണം വേണോ എന്ന് അങ്ങോട്ട് ചോദിക്കും. നിര്‍ബന്ധിച്ച് കഴിപ്പിക്കും. ചിലപ്പോള്‍ കഴിക്കും. ഇല്ലെങ്കില്‍ തുപ്പിക്കളയും. അതുമല്ലെങ്കില്‍ വാ പൊത്തി ഇരിക്കും. സംസാരം കുറഞ്ഞു. പറയുന്നതിനൊന്നും വ്യക്തതയില്ല. അമ്പത്തേഴുകാരി പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായാല്‍ എങ്ങനെയിരിക്കും, അതുപോലെയാണ് ഇപ്പോഴെന്നും വിജയമ്മ പറഞ്ഞിരുന്നു.

Vijayasree Vijayasree :