സീരിയല്‍ താരം തുനിഷ ശര്‍മയുടെ ആത്മഹത്യയില്‍ കാമുകന്‍ ഷീസാന്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി തുനിഷയുടെ അമ്മ വനിത. തുനിഷയെ ഷീസാന്‍ വഞ്ചിക്കുകയും ഉപയോഗിക്കുകയും ചെയ്തതായാണ് അമ്മ പറയുന്നത്. തുനിഷയെ വിവാഹം കഴിക്കാമെന്ന് ഷീസാന്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും, എന്നാല്‍ പിന്നീട് വാക്ക് മാറുകയായിരുന്നുവെന്നും തുനിഷയുടെ അമ്മ ആരോപിച്ചു.
‘മറ്റൊരു സ്ത്രീയുമായി ഇടപഴകിയിട്ടും അയാള്‍ തുനിഷയുമായി ബന്ധം തുടര്‍ന്നു. മൂന്ന് നാല് മാസം അവന്‍ അവളെ ഉപയോഗിച്ചു. എനിക്ക് പറയാനുള്ളത് ഷീസാനെ ശിക്ഷിക്കണം, അവനെ വെറുതേ വിടരുത്, എനിക്ക് എന്റെ കുട്ടിയെ നഷ്ടപ്പെട്ടു’, എന്നും വനിത പറഞ്ഞു. തുനിഷയുടെ അമ്മ നല്‍കിയ പരാതിയില്‍ ആ ത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഖാനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, കഴിഞ്ഞദിവസം അറസ്റ്റിലായ സഹതാരം ഷീസാന്‍ ഖാനെതിരെ തുനിഷയുടെ മാതൃസഹോദരന്‍ പവന്‍ ശര്‍മ രംഗത്തെത്തി. ഷീസാന് നിരവധി യുവതികളുടെ ബന്ധമുണ്ടെന്നാണ് ഇയാള്‍ ആരോപിക്കുന്നത്. തുനിഷയുമായി പ്രണയത്തില്‍ ആയിരുന്നപ്പോള്‍ തന്നെ ഷീസാന്‍ നിരവധി പെണ്‍കുട്ടികളുമായി ബന്ധപ്പെട്ടിരുന്നതായി പവന്‍ ശര്‍മ ആരോപിക്കുന്നു.
‘തുനിഷ ഇനി ഇല്ലെന്ന് വിശ്വസിക്കാന്‍ പറ്റില്ല. മീരാറോഡിലെ ഇന്ദ്രപ്രസ്ഥ ബില്‍ഡിംഗില്‍ അമ്മയോടൊപ്പമാണ് അവള്‍ താമസിച്ചിരുന്നത്. അവള്‍ എല്ലാം നോക്കിയിരുന്നു. എനിക്ക് പോലീസില്‍ പൂര്‍ണ വിശ്വാസമുണ്ട്. പ്രതി ആരായാലും ശിക്ഷിക്കപ്പെടണം.
തുനിഷയുമായി ബന്ധത്തിലേര്‍പ്പെടുകയും ഒരുമിച്ച് ജീവിക്കുകയും ചെയ്ത ശേഷവും ഷീസാന്‍ പല പെണ്‍കുട്ടികളുമായി ബന്ധം പുലര്‍ത്തിയിരുന്നു. ഇത് അവളെ മാനസിക സമ്മര്‍ദത്തിലാഴ്ത്തി. അവള്‍ വിഷാദത്തിലായി. ഡിസംബര്‍ 16ന് ഷീസാന്‍ തന്നെ ചതിക്കുകയാണെന്ന് തുനിഷ മനസ്സിലാക്കി. തുനിഷയുടെ അമ്മയും ഷീസാനോട് സംസാരിച്ചു, എന്തിനാണ് ഇത്ര അടുത്ത് വന്നതെന്ന് ചോദിച്ചു’, എന്നും പവന്‍ പറഞ്ഞു.