വിശ്വാസ് കുമാർ പറഞ്ഞത് കള്ളമെന്ന് നടി സുചിത്ര കൃഷ്ണമൂർത്തി; വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് നടി

രാജ്യത്തെ നടുക്കിയ വിമാന ദുരന്തമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഹ്മദാബാദിൽ നടന്നത്. 270ഓളം പേരാണ് അന്തരിച്ചത്. വിമാനദുരന്തത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരനാണ് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ. അപകടത്തിൽ നിന്നും വിശ്വസ് രക്ഷപ്പെട്ട് വരുന്ന വീഡിയോയെല്ലാം വൈറലായിരുന്നു.

പിന്നാലെ വിശ്വാസ് വിമാനത്തിലെ യാത്രക്കാരനല്ലെന്നും കള്ളം പറഞ്ഞു എന്നും ബോളിവുഡ് നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂർത്തി അവകാശപ്പെട്ടിരുന്നു. പിന്നാലെ പരാമർശം വലിയ വിവാദത്തിനാണ് വഴിതെളിച്ചത്. തുടർന്ന് നടി പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു.

വിശ്വാസ് കള്ളമാണ് പറഞ്ഞതെങ്കിൽ ഗുരുതരമായ ശിക്ഷ അദ്ദേഹം അർഹിക്കുന്നു എന്നായിരുന്നു സുചിത്രയുടെ പോസ്റ്റ്. പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു. എയർ ഇന്ത്യ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാളെക്കുറിച്ചുള്ള ട്വീറ്റ് താൻ നീക്കം ചെയ്തതായി നടി അറിയിച്ചു.

പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്ന് തോന്നുന്നു. ക്ഷമിക്കണം എന്നും നടി പറഞ്ഞു. ഒരു സുഹൃത്ത് പങ്കിട്ട വിവരങ്ങൾ താൻ വീണ്ടും പോസ്റ്റ് ചെയ്തതാണെന്നും ആദ്യം അത് സ്ഥിരീകരിക്കാത്തതിൽ ഖേദിക്കുന്നുവെന്നും വ്യക്തമാക്കി. വിശ്വാസ് കുമാർ രമേശ് വിമാനത്തിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് നടന്നുവരുന്ന വിഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

വെളുത്ത ടീ ഷർട്ട് ധരിച്ചിരിക്കുന്ന വിശ്വാസ് കുമാർ ഇടതുകൈയ്യിൽ മൊബൈൽ ഫോണുമായി അപകടസ്ഥലത്ത് നിന്ന് പുറത്തേക്ക് നടക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയതോതിലാണ് പ്രചരിച്ചത്. 242 പേരുമായി ലണ്ടനിലേക്കു യാത്ര തിരിച്ച എയർ ഇന്ത്യ വിമാനത്തിൽ ഇന്ന് ജീവനോടെ ബാക്കിയായത് വിശ്വാസ് കുമാർ രമേശ് മാത്രമാണ്.

169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസ് പൗരന്മാർ, ഒരു കനേഡിയൻ എന്നിവരുൾപ്പെടെ 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.

Vijayasree Vijayasree :