മലയാള പ്രേക്ഷകർക്ക് സിനിമ സുപരിചിതമായ കാലം മുതൽ തന്നെ എല്ലാവരും നെഞ്ചിലേറ്റിയ താരമാണ് ഷീല. നാടകത്തിലൂടെ സിനിമാ ലോകത്തെത്തിയ ഷീലയെ മോളിവുഡിലെ ആദ്യ ലേഡീ സൂപ്പർ സ്റ്റാർ എന്ന് തന്നെ വിശേഷിപ്പിക്കാം. പ്രേംനസീർ, സത്യൻ തുടങ്ങിയവരുടെ കാലം മുതൽ സിനിമയിൽ സജീവമായ ഷീല നിരവധി ശ്രദ്ധേയ സിനിമകളിലാണ് അഭിനയിച്ചത്. ആറ് പതിറ്റാണ്ടിലധികം മലയാള-തമിഴ് സിനിമാ മേഖലകളിൽ തന്റേതായ ഇടം നിലനിർത്താൻ ഷീലയ്ക്കായി.
എന്നാൽ ഷീല, തന്റെ13 ാം വയസിൽ മേക്കപ്പ് ചെയ്ത് ക്യാമറയ്ക്ക് മുന്നിലെത്തിയതിന് കാരണം കുടുംബത്തിലെ സാഹചര്യമായിരുന്നു. സഹോദരങ്ങളെയെല്ലാം ഷീല നല്ല നിലയിലെത്തിച്ചു. യാഥാസ്ഥിതികരായിരുന്നു ഷീലയുടെ കുടുംബം. നടി അഭിനയ രംഗത്തേക്ക് വരുന്നതിൽ ബന്ധുക്കളിൽ പലർക്കും താൽപര്യമുണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ഷീല പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ആ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്.
ഞാൻ സിനിമയിൽ വന്നപ്പോൾ അച്ഛന്റെ കുടുംബം മൊത്തം എതിർത്തു. അമ്മയുടെ കുടുംബത്തിന് വലിയ പ്രശ്നമില്ലായിരുന്നു. അച്ഛന്റെ കുടുംബം അന്ന് തൊട്ട് ഇന്ന് വരെയും എന്നോട് സംസാരിച്ചിട്ടില്ല. അച്ഛന് ആറ് സഹോദരിമാരും നാല് സഹോദരങ്ങളുമുണ്ട്. ഇതുവരെയും ഞങ്ങളുടെ കുടുംബവുമായി ഒരു ബന്ധവും അവർക്കില്ല. ആ ദേഷ്യം ഇപ്പോഴും അവർക്കുണ്ട്. പക്ഷെ ബന്ധങ്ങൾ ഉണ്ടായാലും പ്രതിസന്ധി കാലത്ത് ആരും സഹായിക്കാനുണ്ടാകില്ലെന്ന് ഷീല ചൂണ്ടിക്കാട്ടി.
നല്ല രീതിയിൽ ജീവിച്ച ആൾക്കാരാണ് ഞങ്ങൾ. പെട്ടെന്ന് അച്ഛന് പക്ഷപാതം വന്നപ്പോൾ ജോലി പോയി. ബന്ധുക്കളാരും ഞങ്ങളെ അവരുടെ വീട്ടിൽ നിർത്തില്ല. പത്ത് പിള്ളേരെ എങ്ങനെ ഒരുമിച്ച് നിർത്തും. ഒന്നോ രണ്ടോ ആണെങ്കിൽ സാരമില്ല. കുറേ പിള്ളേരുണ്ടല്ലോ. അത് കൊണ്ടാണ് സിനിമാ രംഗത്തേക്ക് താൻ വന്നതെന്നും ഷീല വ്യക്തമാക്കി.
അച്ഛൻ പെട്ടെന്ന് മരിച്ചു. ഞങ്ങൾ എല്ലാവരും ഒരു വീട്ടിൽ. വേറെ വഴിയില്ല. അമ്മ പറഞ്ഞപ്പോൾ പതിമൂന്നാം വയസിൽ സിനിമാ രംഗത്തേക്ക് താൻ വരികയായിരുന്നെന്നും ഷീല ഓർത്തു. ഇഷ്ടമില്ലാതെയാണ് ആദ്യം തുടങ്ങിയത്. പത്ത് പടങ്ങളൊക്കെ ആയപ്പോൾ ഇഷ്ടം തോന്നി. പിന്നെ ഭയങ്കര ഇഷ്ടം തോന്നി. കുട്ടിക്കാലത്ത് താനും സഹോദരങ്ങളും സിനിമ കണ്ടതിന് അച്ഛൻ തല്ലിയ സംഭവവും ഷീല പറഞ്ഞിരുന്നു.
ഞങ്ങൾ പഴയ സിറിയൻ കാത്തലിക്ക് ഫാമിലിയാണ്. അച്ഛന് ഒരുപാട് സഹോരദങ്ങളുണ്ട്. അവർക്കൊക്കെ സിനിമ കാണുന്നത് ചീത്ത കാര്യമായിരുന്നു. കണ്ടം ബെച്ച കോട്ട് എന്ന സിനിമ അച്ഛനറിയാതെ ഞങ്ങൾ കാണാൻ പോയി. അച്ഛൻ എവിടെയോ പോയിരുന്നതാണ്. അച്ഛൻ പക്ഷെ ജോലി തീർന്ന് വേഗം വന്നു. സിനിമ കാണാൻ പോയിരിക്കുകയാണെന്ന് ആരോ പറഞ്ഞു. വന്നയുടനെ അച്ഛൻ ചൂരലെടുത്തു. നല്ല അടി കിട്ടി. അമ്മയ്ക്കും രണ്ട് തല്ല് കിട്ടി.
ഞങ്ങളുടെ കൂടെ അടുത്ത വീട്ടിലെ ഒരു സ്ത്രീയുണ്ടായിരുന്നു. അവർക്കും രണ്ട് മൂന്ന് തല്ല് കിട്ടി. ഉടനെ പോയി കുമ്പസരിക്കണമെന്ന് അച്ഛൻ പറഞ്ഞു. പിറ്റേന്ന് പോയി താൻ കുമ്പസരിച്ചെന്നും ഷീല ഓർത്തു. അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടിയുടെ എഴുിപത്തിയേഴാം പിറന്നാൾ. എപ്പോഴും നന്നായി ഒരുങ്ങി നടക്കണമെന്നത് എനിക്ക് നിർബന്ധമാണ്.
ഏത് പെണ്ണിനാണ് ഒരുങ്ങി നടക്കണമെന്ന ആഗ്രഹം ഇല്ലാത്തത്. ആണുങ്ങൾക്ക് അത്രയും ഉണ്ടോയെന്ന് അറിയില്ല. പക്ഷെ പെണ്ണുങ്ങൾക്ക് എപ്പോഴും ഒരുങ്ങി നടക്കണം, നല്ല വസ്ത്രം ധരിക്കണം, ആഭരണം ധരിക്കണം എന്നൊക്കെയാണെന്നും ഷീല പറയുന്നു. 1942 മാർച്ച് 24ന് തൃശൂർ കണിമംഗലം സ്വദേശി ആന്റണിയുടേയും ഭാര്യ ഗ്രേസിയുടേയും മകളായാണ് ഷീല സെലിന്റെ ജനനം.
പിതാവ് റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തിനനുസരിച്ച് വിവിധ സ്ഥലങ്ങളിലായാണ് ഷീല പഠിച്ചതും വളർന്നതും. 1962ൽ എംജിആർ നായകനായ തമിഴ് ചിത്രം പാശത്തിലൂടെയാണ് സിനിമാ രംഗത്തേക്കുള്ള ഷീലയുടെ അരങ്ങേറ്റം. അന്ന് ലൊക്കേഷനിലെത്തിയ ഷീലയുടെ പേര് എംജിആർ മാറ്റി.
സരസ്വതി ദേവി എന്നായിരുന്നു പുതിയ പേര്. ഇതിനിടെ പാശത്തിന്റെ സെറ്റിൽവച്ച് ഷീലയെ കണ്ട പി.ഭാസ്‌കരൻ തന്റെ അടുത്ത ചിത്രമായ ഭാഗ്യജാതകത്തിലേക്ക് നായികയായി ക്ഷണിച്ചു. അങ്ങനെ സരസ്വതി ദേവി വീണ്ടും ഷീലയായി മാറി. തന്റെ വിവാഹ ജീവിതത്തെ കുറിച്ചും ഷീല പറഞ്ഞിരുന്നു. നല്ലൊരു ദാമ്പത്യ ജീവിതം നയിക്കാൻ കഴിയാതെ പോയതിന്റെ വിഷമം പലപ്പോഴായി താരം പങ്കുവെച്ചിട്ടുണ്ട്. തമിഴ് നടൻ രവിചന്ദ്രനായിരുന്നു ഷീലയുടെ ഭർത്താവ്. ആ ബന്ധത്തിൽ ഷീലയ്ക്കുള്ള മകനാണ് നടൻ കൂടിയായ ജോർജ് വിഷ്ണു.
എൻ്റെ മകൻ്റെ അച്ഛനെ പറ്റി ഇതുവരെ ഞാൻ പറഞ്ഞിട്ടില്ല. അദ്ദേഹം ഒരു സൂപ്പർ സ്റ്റാറായിരുന്നു. തമിഴ് സിനിമ രംഗത്ത് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച രവിചന്ദ്രൻ്റെ സിനിമ ജീവിതത്തിൽ 250 ദിവസങ്ങൾ ഓടിയ ചിത്രങ്ങൾ വരെയുണ്ട്. പക്ഷെ മദ്യപാനമാണ് അദ്ദേഹത്തിൻ്റെ അഭിനയ ജീവിതം തകർത്തത്. മാർക്കറ്റ് കുറഞ്ഞപ്പോഴാണ് അദ്ദേഹം മലയാളത്തിൽ അഭിനയിക്കാൻ എത്തിയത്.
മാത്രമല്ല അദ്ദേഹം ആ സമയം ഭാര്യയുമായി പിണങ്ങി വിവാഹമോചനം നേടുകയായിരുന്നു. ആ ബന്ധത്തിൽ മൂന്ന് മക്കളും ഉണ്ടായിരുന്നു. ആ സമയത്താണ് മലയാളത്തിൽ അഭിനയിക്കാൻ എത്തിയത്. ശേഷം സംവിധായകനായ ജെഡി തോട്ടാൻ സംവിധാനം ചെയ്ത ഓമന എന്ന ചിത്രത്തിലൂടെയാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചത്. അങ്ങനെ അവിടെ വെച്ച് ചില സംസാരത്തിനിടയിൽ അനിയത്തിമാരുടെ കല്യാണം കഴിഞ്ഞതിനെ പറ്റി ഞാൻ പറഞ്ഞു. അമ്മ അന്ന് കിടപ്പിലായിരുന്നു.
രവിചന്ദ്രനും ജെഡി തോട്ടാനും സുഹൃത്തുക്കളായതുകൊണ്ട് തന്നെ അപ്പോൾ പെട്ടെന്ന് തോട്ടാൻ ചോദിച്ച ഒരു കാര്യമാണ് വിവാഹത്തിലേക്ക് നയിച്ചത്. നിങ്ങളുടെ ഭാര്യയും പോയി ഷീലാമ്മയും ഇപ്പോൾ തനിച്ചാണ്. നിങ്ങൾക്ക് കല്യാണം കഴിച്ചൂടേ എന്നായിരുന്നു തൊട്ടാൻ ചോദിച്ചത്. പിന്നെ സേതുമാധവനും എംഒ ജോസഫും നിർബന്ധിക്കുകയും ചെയ്തു. അങ്ങനെയാണ് ഞങ്ങളുടെ വിവാഹം നടക്കുന്നത്. പക്ഷെ വിവാഹശേഷം ഞങ്ങൾക്ക് ഒരു മകൻ ജനിച്ചു. ശേഷം അയാൾ പിന്നീട് എനിക്ക് ഒപ്പം താമസിച്ചിരുന്നില്ല. അദ്ദേഹത്തിന് മറ്റൊരു വീടുണ്ട് അങ്ങോട്ടേക്ക് പോകുമായിരുന്നു.
ടി നഗറിൽ അദ്ദേഹത്തിൻ്റെ അമ്മയും സഹോദരിയും ഉണ്ടായിരുന്നു. പിന്നീടാണ് അദ്ദേഹത്തിന് മറ്റൊരു കുടുംബം കൂടി ഉണ്ടെന്ന വിവരം ഞാൻ അറിയുന്നത്. അതറിഞ്ഞ നിമിഷം ഇനി നിങ്ങളുടെ കൂടെ ജീവിക്കില്ലെന്ന് അന്നേരം പറഞ്ഞതാണ്. രണ്ടര കൊല്ലത്തിന് ശേഷം പിരിയുകയും ചെയ്തു. ഞാൻ എത്രയോ പേരുടെ കല്യാണം നടത്തി. പക്ഷെ എൻ്റെ വിവാഹ ജീവിതം മാത്രം ശരിയായില്ല. അത് ഒഴിച്ചാൽ ജീവിതത്തെ കുറിച്ച് സന്തോഷമെ ഉള്ളൂവെന്നുമാണ് മുമ്പൊരിക്കൽ കുടുംബത്തെ കുറിച്ച് സംസാരിക്കവെ ഷീല പറഞ്ഞത്.
എന്നാൽ അഭിനയ രംഗത്ത് ഷീലയിന്ന് സജീവമല്ല. അതേസമയം അവാർഡ് വേദികളിലും മറ്റും സാന്നിധ്യം അറിയിക്കുന്നു. 77 കാരിയായ ഷീലയെ വീണ്ടും സിനിമകളിൽ കാണണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. പലരും കമന്റുകളായി പലപ്പോഴും ഇതേ കുറിച്ച് പറഞ്ഞിട്ടുമുണ്ട്. അനുരാഗം എന്ന സിനിമയിലാണ് നടിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. എന്നാൽ അഭിമുഖങ്ങളിലെല്ലാം തന്റെ വിശേഷങ്ങൾ ഷീല പങ്കുവെയ്ക്കാറുണ്ട്.
അടുത്തിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹേമ കമ്മിറ്റിയുടെ ഉദ്ദേശ്യങ്ങളൊന്നും നടന്നില്ല എന്നാണ് ഷീല പറയുന്നത്. പ്രതിഫലം കൂട്ടി ചോദിക്കുന്നവരുണ്ടെങ്കിൽ അവരെ വെച്ച് സിനിമയെടുക്കാതിരുന്നാൽ പോരെ. നിങ്ങൾക്ക് ബെൻസ് വേണമെങ്കിൽ ബെൻസ് വാങ്ങണം. ഓട്ടോറിക്ഷ വേണമെങ്കിൽ ഓട്ടോറിക്ഷ വാങ്ങണം. കൂടുതൽ പൈസ ചോദിക്കുന്നുണ്ടെങ്കിൽ പുതുമുഖങ്ങളെ വെച്ച് സിനിമയെടുക്കൂ.
എന്തിനാണ് അവരുടെ പിറകെ പോകുന്നത്. നടിമാർക്കും നടൻമാർക്കും തുല്യപ്രതിഫലം കൊടുക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഹീറോ വർഷങ്ങളായി സിനിമയിൽ നിൽക്കുന്ന ആളുകളാണ്. ഹീറോയിൻ കുറച്ച് കാലത്തേക്കേ ഉള്ളൂ. അവർ പിന്നീട് വിവാഹവും പ്രസവവും കഴിഞ്ഞ് വരുമ്പോഴേക്ക് അമ്മ വേഷങ്ങളല്ലേ ലഭിക്കൂ. ഹേമ കമ്മിറ്റിയെല്ലാം പോയില്ലേ. ഇനിയും അതിനെ കുറിച്ച് എന്തിനാണ് പറയുന്നത്.
ഹേമ കമ്മിറ്റിയെ കുറിച്ച് ഇനി പറയേണ്ട. എനിക്ക് അത് സംസാരിക്കാൻ ഇഷ്ടമല്ല. എന്താണ് ഹേമ കമ്മിറ്റി. എന്ത് കഷ്ടപ്പെട്ടുണ്ടാക്കിയതാണ്. എന്നിട്ടെന്ത് പറ്റി. അതിനെ പിന്തുണച്ച് സംസാരിച്ചിട്ട് എന്താണ് കാര്യം. അവർ മുന്നോട്ടുവെച്ച ഒരു കാര്യത്തിനും കൃത്യമായ നടപടിയെടുക്കാൻ സർക്കാരിന് സാധിക്കുന്നില്ല. പിന്നെ ഈ പാവം ഷീലയ്ക്ക് എന്ത് ചെയ്യാൻ സാധിക്കും.
ഹേമ കമ്മിറ്റിക്ക് വേണ്ടി പ്രവർത്തിച്ച നല്ല ആർട്ടിസ്റ്റുകൾ ഉണ്ട്. അവരെല്ലാം ചാൻസ് ഇല്ലാതെ ഇപ്പോൾ വീട്ടിലിരിക്കുകയാണ്. ഡബ്ല്യുസിസിയുടെ വരവൊക്കെ നല്ലതായിരുന്നു. പെണ്ണുങ്ങൾക്ക് വേണ്ടിയുള്ള സംഘടന നല്ലതാണ്. പെണ്ണുങ്ങൾക്കേ പെണ്ണുങ്ങളുടെ ദുഃഖം മനസിലാകൂ. എന്തെങ്കിലും ഒരു കാര്യം പറയാൻ പെണ്ണുങ്ങളുടെ സംഘടന ഉള്ളത് നല്ലതാണ്. അതിന് എന്തിനാണ് ആണുങ്ങളെ മാറ്റി നിർത്തുന്നത്.
ആണുങ്ങളിൽ നല്ലവരില്ലേ. ആണുങ്ങൾ എല്ലാവരും ചീത്തയാണോ. ഡബ്ല്യുസിസി സവാളയെ പോലെയാണ്. അതിന്റെ തൊലി കളഞ്ഞ് കൊണ്ടിരുന്നാൽ അവസാനം ഒന്നുമുണ്ടാകില്ല. അതുപോലെയാണ് ഡബ്ല്യുസിസി. അത് കാരണം അതിനെ പറ്റി ഒന്നും മിണ്ടേണ്ട. ആരും അതിനെ പറ്റി സീരിയസായി സംസാരിക്കുന്നില്ല. അമ്മ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതെന്റെ കുടുംബമാണ്. അതിനെ പറ്റി ഞാൻ മോശമായി ഒന്നും സംസാരിക്കില്ല. ആരെങ്കിലും തെറ്റ് ചെയ്യുന്നതിന് എല്ലാവരേയും മോശം പറയേണ്ട കാര്യമില്ലല്ലോ എന്നും ഷീല പറയുന്നു.
നിത്യഹരിത നായകൻ പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതൽ തവണ നായികയായി അഭിനയിച്ചതിനാൽ തന്നെ ഗിന്നസ് റൊക്കോർഡും ഷീലയെ തേടി എത്തിയിരുന്നു. എന്നാൽ നസീർ മരണപ്പെട്ടതിന് ശേഷം ഷീല നസീറിനെ അവസാനമായി ഒരു നോക്ക് കാണാൻ പോലും വന്നിരുന്നില്ല. ഇത് ചൂണ്ടിക്കാണിച്ച് ചിലർ നടിയെ വിമർശിക്കുകയും ചെയ്തിരുന്നു. അടുത്തിടെ, എന്തുകൊണ്ടാണ് താൻ അന്ന് വരാതിരുന്നതെന്ന് നടി സംസാരിച്ചിരുന്നു. പ്രേം നസീറിന്റെ മുപ്പത്തിയാറാം ചരമവാർഷികത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിലായിരുന്നു ഷീല സംസാരിച്ചത്.
‘മരിച്ച് കിടക്കുന്ന നസീർ സാറിന്റെ മുഖം കാണാൻ എനിക്ക് വയ്യായിരുന്നു. എന്തിന് കാണണമെന്ന് വിചാരിച്ചിട്ടാണ് അന്ന് ഞാൻ വരാതിരുന്നത്. അന്ന് സ്വീഡനിൽ സഹോദരിയ്‌ക്കൊപ്പമാണ് ഞാൻ. സാറിന്റെ മരണവിവരം എന്നെയും അറിയിച്ചിരുന്നു. പരിശ്രമിച്ചെങ്കിൽ അവിടെ നിന്നും എനിക്ക് വരാമായിരുന്നു. പക്ഷേ അതെന്തിനെന്ന് ഞാൻ ചിന്തിച്ചു. ജീവനോടെ കണ്ട സാറിന്റെ മുഖം മനസിലുണ്ട്.അത് മതി എന്ന് ഞാൻ തീരുമാനിക്കകയായിരുന്നു എന്നും ഷീല പറയുന്നു.