മറ്റുമാർഗങ്ങളില്ലാതെ വന്നപ്പോൾ എന്റെ മനസിന് ഇഷ്ടപ്പെടാത്ത ആ രണ്ട് സിനിമകളിൽ അഭിനയിച്ചു; രേവതി

ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തന്റെ അഭിനയ മികവു തെളിയിച്ച താരമാണ് രേവതി എന്ന ആശ കേളുണ്ണി. നടിയായും സംവിധായികയായും തന്റെ കഴിവ് തെളിയിച്ച താരം ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയിട്ടുണ്ട്.

മുൻനിര നായകന്മാരുടെയെല്ലാം ഒപ്പം അഭിനയിച്ചിട്ടുള്ള രേവതിയുടെ ആദ്യകാല ചിത്രങ്ങൾ ഇപ്പോഴും പ്രേക്ഷകർക്ക് സുപരിചിതമാണ്. തമിഴ്, മലയാളം എന്നിവയ്ക്ക് പുറമേ തെലുങ്ക്, ഹിന്ദി ഭാഷകളിലും രേവതി അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ സിനിമ ജീവിതത്തെ കുറിച്ച് രേവതി പറഞ്ഞ വാക്കുകൾ വൈറലായി മാറിയിരുന്നു. സിനിമയെ താൻ അങ്ങേയറ്റം സ്‌നേഹിക്കുന്നുവെന്നും സിനിമയെ പണം സമ്പാദിക്കുവാനുള്ള മേഖലയായി മാത്രമല്ല പരിഗണിച്ചതെന്നും എന്നാൽ തനിക്ക് ഒരു പരീക്ഷണകാലം ഉണ്ടായിരുന്നെന്നും അന്ന് തന്റെ പ്രശ്‌നം എന്തായിരുന്നുവെന്ന് ആർക്കും അറിയില്ലായിരുന്നെന്നും നടി പറയുന്നു.

സിനിമയെ ഞാൻ അങ്ങേയറ്റം സ്‌നേഹിക്കുന്നു. സിനിമയെ പണം സമ്പാദിക്കുവാനുള്ള മേഖലയായി മാത്രമല്ല ഞാൻ പരിഗണിച്ചത്. അങ്ങനെ ഞാൻ സിനിമയെ കണ്ടിരുന്നുവെങ്കിൽ എന്റെ സിദ്ധാന്തത്തിന് ശക്തിയില്ലാതെ പോയേനെ. എങ്കിലും എനിക്ക് ഒരു പരീക്ഷണകാലം ഉണ്ടായിരുന്നു. അന്ന് എന്റെ പ്രശ്‌നം എന്തായിരുന്നുവെന്ന് ആർക്കും അറിയില്ലായിരുന്നു.

വേദനാജനകമായ ഒരു സന്ദർഭമായിരുന്നു അത്. മറ്റുമാർഗങ്ങളില്ലാതെ വന്നപ്പോൾ ആ സമയത്ത് എന്റെ മനസിന് ഇഷ്ടപ്പെടാത്ത രണ്ട് സിനിമകളിൽ അഭിനയിച്ചു. അതോർത്ത് ഞാൻ വളരെയധികം വിഷമിച്ചു. ആ സിനിമകളും വിജയമായിരുന്നു. അതിന് ശേഷം ഇന്നുവരെ എന്റെ പോളിസിയിൽ ഞാൻ ഉറച്ചുനിന്നു.

മനസിന് ഇഷ്ടപ്പെടാത്ത സിനിമകൾ ചെയ്യാറില്ല. പല സഹനടിമാരും രേവതി അഭിനയിച്ചത് പോലുള്ള കഥാപാത്രങ്ങളിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് അഭിമുഖങ്ങളിൽ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അത് കേൾക്കുമ്പോൾ മനസിൽ ചെറിയൊരു സന്തോഷം തോന്നാറുണ്ട് എന്നും രേവതി പറയുന്നു.

ഭാരതിരാജയുടെ ‘മൺവാസനൈ’ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രേവതിയെ മലയാളികൾക്ക് പരിചയപ്പെടുത്തുന്നത് സംവിധായകൻ ഭരതൻ ആണ്, 1983 ൽ ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് ആണ് ആദ്യ മലയാളചിത്രം.തേവർ മകൻ, മറുപടിയും, പ്രിയങ്ക, മൗനരാഗം, കിഴക്ക് വാസൽ, തലൈമുറൈ എന്നിവ രേവതിയുടെ ശ്രദ്ധേയമായ തമിഴ്ചിത്രങ്ങളാണ്.

മിത്ര് മൈ ഫ്രെണ്ട് എന്ന ചിത്രത്തിലൂടെ 2002ൽ സംവിധായികയായി മാറി. മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള അക്കൊല്ലത്തെ ദേശീയ പുരസ്‌കാരം ഈ ചിത്രത്തിനായിരുന്നു. രഞ്ജിത്ത് ഒരുക്കിയ കേരള കഫെയിലെ മകൾ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തത് രേവതിയാണ്.

Vijayasree Vijayasree :