ബസില്‍ അപകടകരമായ രീതിയില്‍ തൂങ്ങി നിന്ന് യാത്ര ചെയ്ത വിദ്യാര്‍ത്ഥികളെ ബസ് തടഞ്ഞ് നിര്‍ത്തി അടിച്ചു; നടിയും ബിജെപി നേതാവുമായ രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍

സ്‌റ്റേറ്റ് ബസില്‍ തൂങ്ങിനിന്ന് യാത്ര ചെയ്ത വിദ്യാര്‍ത്ഥികളെ ബസ് തടഞ്ഞ് അടിച്ചതിന് നടിയും അഭിഭാഷകയും ബിജെപി നേതാവുമായ രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ചെന്നൈയിലെ കെറുമ്പാക്കത്ത് ആണ് സംഭവം. കുണ്‍ട്രത്തൂര്‍ നിന്ന് പോരൂരിലേയ്ക്ക് പോകുകയായിരുന്ന സ്‌റ്റേറ്റ് ബസിലാണ് വിദ്യര്‍ത്ഥികള്‍ അപകടകരമായ രീതിയില്‍ യാത്ര ചെയ്തിരുന്നത്.

ആ വഴി കാറില്‍ പോകുകയായിരുന്ന രഞ്ജനയുടെ ശ്രദ്ധയില്‍ ഈ സംഭവം പെടുന്നത്. തുടര്‍ന്ന് ഇവര്‍ ബസ് തടയുകയായിരുന്നു. ഇതിനിടെ ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന വിദ്യാര്‍ത്ഥികളിലൊരാളെ അവര്‍ അടിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് രഞ്ജന അറസ്റ്റിലായത്.

വിദ്യാര്‍ത്ഥികള്‍ ഈ രീതിയില്‍ യാത്രചെയ്യുന്നത് നിങ്ങള്‍ക്ക് തടയാമായിരുന്നില്ലേ എന്ന് രഞ്ജന െ്രെഡവറോട് ചോദിക്കുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം. മാങ്കാട്ട് പോലീസാണ് രഞ്ജനയെ അവരുടെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. കുട്ടികളെ ഉപദ്രവിച്ചതിനും ബസ് ജീവനക്കാരോട് മോശമായി പെരുമാറിയതിനുമാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം രഞ്ജന നാച്ചിയാരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ രണ്ട് രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണം ഉയര്‍ന്നിരിക്കുന്നത്. ഇങ്ങനെയൊരു പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കേണ്ടതിനുപകരം നിയമം കയ്യിലെടുക്കാന്‍ ഇവര്‍ ആരാണെന്നാണ് ഒരുകൂട്ടര്‍ ചോദിക്കുന്നത്.

ഇങ്ങനെയൊരു പ്രശ്‌നത്തിലകപ്പെട്ടാല്‍ ഈ വിദ്യാര്‍ത്ഥികളുടെ ഭാവി എന്താകുമെന്നും ചിലര്‍ ചോദിക്കുന്നു. അണ്ണാത്തേ, തുപ്പറിവാളന്‍, ഇരുമ്പുതിരൈ, നട്‌പേ തുണൈ, ഡയറി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് രഞ്ജന. സഹനടി വേഷമാണ് ചെയ്തതില്‍ അധികവും.

Vijayasree Vijayasree :