ഹിന്ദുവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിക്കണമെന്ന് ക്ഷേത്ര അധികൃതർ; രാജ്യത്ത് ദർശനം നടത്തിയ ഒരു ക്ഷേത്രത്തിലും ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായിട്ടില്ലെന്ന നടി നമിത

പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയും ബിജെപി നേതാവുമായ നമിത വങ്കവാല. ഇപ്പോഴിതാ മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടിയോടും ഭർത്താവിനോടും ക്ഷേത്ര അധികൃതർ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടി.

താരത്തോട് ഹിന്ദുവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിക്കാനാണ് ആവശ്യപ്പെട്ടതെന്നാണ് നടി പറയുന്നത്. രാജ്യത്ത് ദർശനം നടത്തിയ ഒരു ക്ഷേത്രത്തിലും ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായിട്ടില്ലെന്നും നടി കൂട്ടിച്ചേർത്തു. ഞാൻ ഹിന്ദുവായാണ് ജനിച്ചത്. തിരുപ്പതി ഭ​ഗവാന്റെ സന്നിധിയിലായിരുന്നു എന്റെ വിവാഹം.

ഭ​ഗവൻ കൃഷ്ണന്റെ പേരാണ് മകന് നൽകിയത്. എന്റെ വിശ്വാസവും മതവും തെളിയിക്കാൻ ക്ഷേത്ര അധികൃതർ സർ‌ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതിന് പുറമേ വളരെ പരുഷമായാണ് പെരുമാറിയത്. രാജ്യത്ത് ഒരുപാട് ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിട്ടുണ്ട്. എന്നാൽ ഒരു ക്ഷേത്രത്തിലും ഇത്തരത്തിലുള്ള ദുരനുഭവം എനിക്ക് ഉണ്ടായിട്ടില്ല എന്നും നമിത പറയുന്നു.

അതേസമയം, മാസ്ക് ധരിച്ചാണ് താരമെത്തിയതെന്നും അതിനാലാണ് നമിതയെയും ഭർത്താവിനെയും തടഞ്ഞതെന്നും ക്ഷേത്രത്തിലെത്തുന്നവരോട് ചോദിക്കുന്നത് പതിവാണെന്നും ഹിന്ദു വിശ്വാസിയാണെന്ന് വ്യക്തത വന്നതോടെ നെറ്റിയിൽ കുങ്കുമം കൊണ്ട് അഭിഷേകം ചെയ്ത് ദർശനത്തിന് കടത്തിവിട്ടതെന്നുമാണ് ക്ഷേത്രത്തിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ പറഞ്ഞത്.

ഇതിന് പിന്നാലെ പ്രതികരണവുമായി നടി വീണ്ടും രം​ഗത്തെത്തയിരുന്നു. ഇതെല്ലാം ശരിയായ രീതിയിൽ ചോദിക്കാൻ മാർ​ഗമുണ്ട്. 20 മിനിറ്റോളം കാത്തിരുന്നാണ് ക്ഷേത്രദർശനം അനുവദിച്ചത്. എന്നെ മറ്റുള്ളവർ‌ തിരിച്ചറിയാതിരിക്കാനാണ് മാസ്ക് ധരിച്ചെത്തിയത്. സന്ദർശനത്തെ കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നു. ക്ഷേത്ര ഉദ്യോ​​ഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ദേവസ്വം മന്ത്രി പികെ ശേഖർ ബാബുവിനോട് നടി അഭ്യർത്ഥിച്ചു.

Vijayasree Vijayasree :