കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി മംമ്ത കുൽക്കർണി സന്യാസ ജീവിതം തിരഞ്ഞെടുത്തത്. ഇപ്പോഴിതാ നടിയെ സന്യാസ സമൂഹത്തിൽ നിന്നും പുറത്താക്കിയെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. മംമ്ത കുൽക്കർണിയെ മഹാമണ്ഡലേശ്വറായി നിയമിച്ചത് വിവാദമായ സാഹചര്യത്തിലാണ് നടപടി.
ആചാര്യ മഹാമണ്ഡലേശ്വർ ലക്ഷ്മി നാരായൺ ത്രിപാഠിയാണ് സന്യാസി സമൂഹത്തിന്റെ സമ്മതമില്ലാതെ മംമ്തയെ മഹാമണ്ഡലേശ്വർ പദവിയിലേക്ക് നിയമിച്ചത്. ജനുവരി 30ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഋഷി അജയ് ദാസ് ഇരുവരെയും പുറത്താക്കിയ വിവരം അറിയിച്ചത്. അഖാഡയ്ക്കുള്ളിൽ നിരവധി പേർ എതിർപ്പുമായി എത്തിയിരുന്നു.
മുമ്പ് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും മംമ്ത കുൽക്കർണിയെ മഹാമണ്ഡലേശ്വരൻ എന്ന സ്ഥാനം നൽകി സന്യാസി സമൂഹത്തിൽ ചേർത്തത് കിന്നർ അഖാഡയുടെ തത്വങ്ങളെ ത്രിപാഠി അട്ടിമറിച്ചതായി അജയ് ദാസ് ആരോപിച്ചു. കിന്നർ അഖാഡയുടെ സ്ഥാപകൻ എന്ന നിലയിൽ, ആചാര്യ മഹാമണ്ഡലേശ്വര് ലക്ഷ്മി നാരായൺ ത്രിപാഠിയെ ഞാൻ കിന്നർ അഖാഡയുടെ ആചാര്യ മഹാമണ്ഡലേശ്വര് സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നു.
ഈ തരം താഴ്ത്തൽ ഉടനടി പ്രാബല്യത്തിൽ വരും. മതപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ഉന്നമനം എന്നിവ ലക്ഷ്യമിട്ടാണ് ഇവരെ ആ സ്ഥാനത്ത് നിർമ്മിച്ചത്, എന്നാൽ തന്റെ കർത്തവ്യങ്ങളിൽ നിന്നും അദ്ദേഹം വ്യതിചലിച്ചു എന്നാണ് വാർത്ത കുറിപ്പിൽ ഋഷി അജയ് ദാസ് വ്യക്തമാക്കിയത്.