സ്വന്തം കുടുംബത്തെ പോലും നോക്കാതെ വ്യാജ മദ്യം കഴിച്ചവര്‍ക്ക് എന്തിനാണ് ധനസഹായം; കള്ള് കുടിക്കൂ, പത്ത് ലക്ഷം നേടൂ എന്നതാണോ ദ്രാവിഡ മോഡല്‍; കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ നടുക്കത്തിലാണ് തമിഴ്‌നാട്. ഇതിനോടകം തന്നെ 54 പേരാണ് മരണപ്പെട്ടത്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി കസ്തൂരി. സ്വന്തം കുടുംബത്തെ പോലും നോക്കാതെ വ്യാജ മദ്യം കഴിച്ചവര്‍ക്ക് എന്തിനാണ് ധനസഹായം എന്നാണ് കസ്തൂരി ചോദിക്കുന്നത്.

’10 ലക്ഷം ഏതെങ്കിലും കായിക താരത്തിനോ, യുദ്ധത്തില്‍ മരിച്ച ജവാനോ, ശാസ്ത്രജ്ഞനോ, കര്‍ഷകനോ ആണോ നല്‍കുന്നത്? അല്ല, തന്റെ കുടുംബത്തെപ്പോലും നോക്കാതെ വ്യാജ മദ്യം കഴിച്ചവര്‍ക്ക്. ജോലിയെടുക്കേണ്ട നിങ്ങള്‍ മദ്യം കുടിക്കൂ, പത്ത് ലക്ഷം നേടൂ എന്നതാണോ ദ്രാവിഡ മോഡല്‍’ എന്നാണ് കസ്തൂരി ചോദിക്കുന്നത്. #kallakuruchi എന്ന ഹാഷ് ടാഗോടെയാണ് കസ്തൂരി പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണസംഖ്യ 55 ആയി. മരിച്ചവരില്‍ സ്ത്രീകളും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയും ഉള്‍പ്പെടുന്നു. കരുണാപുരത്ത് വീണ്ടും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മരണസംഖ്യ 50 കടന്നത്. സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കുമാരമംഗലം മെഡിക്കല്‍ കോളജ്, വിഴുപ്പുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, പുതുച്ചേരി ജിപ്‌മെര്‍ എന്നിവിടങ്ങളിലാണു ഗുരു തരാവസ്ഥയിലുള്ളവര്‍ ചികിത്സ തേടിയെത്തിയിരിക്കുന്നത്. 135 പേര്‍ ചികിത്സയിലുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പേര്‍ ചികിത്സയിലുള്ള കള്ളക്കുറിച്ചി മെഡിക്കല്‍ കോളജിലേക്ക് 71അംഗ മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ അയച്ചിട്ടുണ്ട്.

മദ്യത്തില്‍ മെഥനോള്‍ അടങ്ങിയിരുന്നതായി അറിഞ്ഞിരുന്നില്ലെന്നാണ് മരിച്ചവരുടെ ബന്ധുക്കള്‍ പറയുന്നത്. മദ്യം വാങ്ങി കഴിച്ചതിന് പിന്നാലെ വയറുവേദന, തലകറക്കം, കണ്ണെരിച്ചില്‍ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയായിരുന്നു.

Vijayasree Vijayasree :