മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയില്‍ സ്ഥാനം പിടിക്കാന്‍ കനകയ്ക്കായി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തീയറ്ററില്‍ പ്രദര്‍ശനം നടത്തിയ സിനിമ ആയിരുന്നു ഗോഡ് ഫാദര്‍. ഇതില്‍ നായികയായി എത്തിയ കനക മികച്ച പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്.
മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായും കനക ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വിയറ്റനാം കോളനി എന്നി ചിത്രത്തില്‍ കൂടി അഭിനയിച്ച താരം തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ഹിറ്റ് നായികയായി മാറുക ആയിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം നായികയായി എത്തിയ കനക തിളങ്ങി നിന്ന സമയം ആയിരുന്നു കനകയുടെ അപ്രതീക്ഷിത പിന്‍വാങ്ങല്‍.2000ല്‍ റിലീസ് ചെയ്ത മഴ തേന്‍മഴ എന്ന ചിത്രത്തിലാണ് കനക അവസാനമായി അഭിനയിച്ചത്.
പിന്നീട് അഭിനയ രംഗത്ത് നിന്ന് അപ്രത്യക്ഷമായ താരത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്നു. ഒരുപാട് നാളുകള്‍ക്ക് ഇപ്പുറം കനക മരണപ്പെട്ടു എന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതോടെയായിരുന്നു കനക വീണ്ടും എല്ലാവരുടെയും ചര്‍ച്ചാ വിഷയമാകുന്നത്. എന്നാല്‍ വലിയ തോതില്‍ ഈ വാര്‍ത്ത പരന്നതോടെ താന്‍ ജീവനോടെ തന്നെ ഉണ്ടെന്ന് പറഞ്ഞ് കനക തന്നെ രംഗത്തെത്തിയിരുന്നു.
അമ്മയുടെ നിഴലില്‍ കഴിഞ്ഞ കനകയ്ക്ക് അപ്രതീക്ഷിത പ്രതിസന്ധികളാണ് ജീവിതത്തില്‍ നേരിടേണ്ടി വന്നത്. ദേവികയുടെ മരണം കനകയെ തകര്‍ത്തു. ദേവികയും ഭര്‍ത്താവ് ദേവദാസും വര്‍ഷങ്ങള്‍ക്ക് മുമ്പേ അകന്നതാണ്. അച്ഛന്റെ സാമീപ്യത്തിലല്ല കനക വളര്‍ന്നത്. ദേവദാസും കനകയും തമ്മില്‍ ഇപ്പോഴും പ്രശ്‌നങ്ങളുണ്ട്. മുമ്പൊരിക്കല്‍ അച്ഛനെക്കുറിച്ച് കനക ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. അച്ഛനുമായി തനിക്ക് ഒത്ത് പോകാന്‍ പറ്റില്ലെന്ന് കനക അന്ന് വ്യക്തമാക്കി. ഇദ്ദേഹവുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ചും തന്റെ കുട്ടിക്കാലത്തെക്കുറിച്ചും കനക അന്ന് സംസാരിച്ചു.
അമ്മയുടെ ഏക മകളാണ് ഞാന്‍. ജനിക്കുമ്പോള്‍ ഇരട്ടക്കുഞ്ഞുങ്ങളായിരുന്നു. അതില്‍ ഒരു കുഞ്ഞ് മരിച്ച് പോയി. ഭര്‍ത്താവുമായി പിരിഞ്ഞതിനാലും മറ്റൊരു കുഞ്ഞ് ഇല്ലാത്തതിനാലും എന്നോട് അമ്മയ്ക്ക് വളരെയധികം സ്‌നേഹമായിരുന്നു. അമ്മയുടെ ജീവനായിരുന്നു ഞാന്‍. എന്റെ അമ്മയെ പോലെ മറ്റൊരു അമ്മ ലോകത്തില്‍ ഉണ്ടാകില്ല. ഇത്രയധികം മകളെ ശ്രദ്ധിച്ച മറ്റൊരു അമ്മ വേറെ എവിടെയും ഉണ്ടാകില്ല.
അമ്മ മരിക്കുമ്പോള്‍ എനിക്ക് മുപ്പത് വയസുണ്ട്. അപ്പോള്‍ പോലും എനിക്ക് ഭക്ഷണം വാരിത്തരുമായിരുന്നു. എനിക്കും അമ്മയെ വളരെ ഇഷ്ടമാണ്. അമ്മയെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ എനിക്ക് സഹിക്കാന്‍ പറ്റില്ല. ദൈവമാണെങ്കില്‍ പോലും എനിക്ക് സഹിക്കാന്‍ പറ്റില്ല. എന്നെ മൂന്ന് വയസില്‍ സ്‌കൂളില്‍ ചേര്‍ത്തതാണ്. ഞാന്‍ കരഞ്ഞതിനാല്‍ അമ്മ തിരികെ കൊണ്ടുവന്നു.
പിന്നീട് നാലാം വയസിലാണ് എല്‍കെജിയില്‍ പോകുന്നത്. ആറാം ക്ലാസ് വരെയാണ് ഞാന്‍ സ്‌കൂളില്‍ പോയത്. അച്ഛന്‍ സ്‌കൂളില്‍ വന്ന് ടീച്ചര്‍മാരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മകളുടെ ഗാര്‍ഡിയനാനായി തന്റെ പേര് വെച്ചില്ല, മകളെ കടത്തിക്കൊണ്ട് പോകുമെന്ന് പറഞ്ഞു. അമ്മയ്ക്ക് ഭയമായി. പിന്നീട് വീട്ടിലിരുത്തിയാണ് പഠിപ്പിച്ചതെന്നും കനക വ്യക്തമാക്കി.
തനിക്ക് മാനസിക രോഗമുണ്ടെന്ന് പ്രചരിപ്പിച്ചത് അച്ഛനാണ്. എനിക്കത് പുതുമയുള്ള കാര്യമല്ല. കാരണം അമ്മയെ വ്യഭിചാരി എന്ന് വിളിച്ചയാളാണ് അച്ഛന്‍. എനിക്ക് 15 വയസുള്ളപ്പോള്‍ ഗാര്‍ഡിയന്‍ഷിപ്പ് കേസ് കൊടുത്തു. മകളെ വളര്‍ത്താന്‍ അമ്മയ്ക്ക് പറ്റില്ലെന്ന് അച്ഛന്‍ വാദിച്ചു. ഇന്നും ഇത്തരത്തില്‍ സംസാരിക്കുന്നതിനാല്‍ അദ്ദേഹത്തോട് ഇടപഴകാന്‍ എനിക്ക് താല്‍പര്യം ഇല്ല. കനകയുടെ അച്ഛന്‍ എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ തുടരെ വരുന്നെന്നും അന്ന് നടി ചൂണ്ടിക്കാട്ടി.
പുറത്തേക്ക് അധികം കാണാത്തതിനെക്കുറിച്ചും കനക സംസാരിച്ചു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പോലും എന്റെ കൂട്ടുകാരി ഇങ്ങോട്ട് സംസാരിച്ചില്ലെങ്കില്‍ ഞാന്‍ അങ്ങോട്ട് പോയി സംസാരിക്കാറില്ല. അവളെ എന്തിന് ശല്യം ചെയ്യുന്നു എന്നാണ് കരുതാറ്. അതേപോലെ തന്നെയാണ് ഇപ്പോഴും. ഷൂട്ടിംഗ് ഇല്ലാത്തതിനാല്‍ ആരെയും ശല്യപ്പെടുത്താതെ വീട്ടിലിരിക്കുന്നെന്നും കനക അന്ന് വ്യക്തമാക്കി. അടുത്തിടെ കനകയുടെ വീട്ടില്‍ തീ പടര്‍ന്ന വാര്‍ത്ത ചര്‍ച്ചയായിരുന്നു.
വര്‍ഷങ്ങളായി തന്റെ പഴയ വീട്ടില്‍ അധികാരോടും ഇടപഴകാതെ കഴിയുകയാണ് കനക. ഫയര്‍ഫോഴ്‌സിനെ പോലും അകത്ത് കയറ്റാന്‍ കനക മടി കാണിച്ചിരുന്നു. പിന്നീട് ഒരുപാട് നേരം ഉദ്യോഗസ്ഥര്‍ സംസാരിച്ചതിനു ശേഷമാണ് കനക വാതില്‍ തുറന്നത് തന്നെ. ആ ബംഗ്ലാവ് കണ്ടാല്‍ പ്രേത ഭവനം പോലെയുണ്ടെന്നാണ് അന്ന് പലരും അഭിപ്രായപ്പെട്ടത്. അത്രയും ശോഷിച്ച നിലയിലായിരുന്നു അത്. ഇപ്പോള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള, ഇടിഞ്ഞ് വീഴാറായ ഈ വീട്ടില്‍ അടച്ച് പൂട്ടി കഴിയുകയാണ് കനക. അയല്‍വാസികളുമായോ പുറംലോകവുമായി വലിയ ബന്ധം കനക വെക്കാറില്ല.