കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കേരളീയം പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞുപോയെന്ന വിമര്‍ശനവുമായി നടി ജോളി ചിറയത്ത് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ താന്‍ ആ വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറയുകയാണ് നടി. ഒരു വനിതാ മന്ത്രിയെപ്പോലും വേദിയുടെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നും അഭിപ്രായം തുറന്ന് പറയുന്നതിന് പകരം പലരും വിമര്‍ശിക്കുന്നുണ്ടെങ്കിലും അത് കാര്യമാക്കുന്നില്ലെന്നും ജോളി ചിറയത്ത് പറഞ്ഞു.
‘സ്ത്രീകളില്ലെന്നു പറഞ്ഞ് സാമുദായികാടിസ്ഥാനത്തിലുള്ള വേദികളെ നമ്മളെല്ലാവരും പരിഹസിക്കാറുണ്ട്. ഒരു ജനാധിപത്യ സര്‍ക്കാര്‍, ഒരിടതുപക്ഷ ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ഒരു പദ്ധതിയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഇങ്ങനെയാണോ വേണ്ടത്. ഒരു വനിതാ മന്ത്രിക്ക് മുന്‍നിരയില്‍ നില്‍ക്കാനുള്ള അര്‍ഹതയില്ലേ? ആധുനിക സമൂഹത്തിന് ചേരാത്ത ചിത്രമാണിത്. ആളുകള്‍ക്ക് എങ്ങനെ പ്രശ്‌നമുണ്ടെങ്കിലും സാമാന്യ ബുദ്ധി വെച്ച് ആലോചിച്ചാല്‍ അത് മനസിലാവേണ്ടതാണ് എന്നും ജോളി ചിറയത്ത് പറഞ്ഞു.
കേരളപ്പിറവിയോടനുബന്ധിച്ച് തിരുവനന്തപുരത്ത് തുടങ്ങിയ കേരളീയം 2023ന്റെ ഉദ്ഘാടന ചടങ്ങില്‍ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവിനെക്കുറിച്ച് ജോളി ചിറയത്ത് സോഷ്യല്‍ മീഡിയയിലൂടെയാണ് ആദ്യം വിമര്‍ശനമുന്നയിച്ചത്. ചടങ്ങില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചായിരുന്നു ജോളിയുടെ കുറിപ്പ്. ‘ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്’ എന്നായിരുന്നു ജോളി കുറിച്ചത്. ഈ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് അവര്‍ ഇപ്പോള്‍ വ്യക്തമാക്കിയത്.
മന്ത്രി ആര്‍.ബിന്ദു, നടിയും നര്‍ത്തകിയുമായ ശോഭന, മന്ത്രിമാരായ ജെ. ചിഞ്ചുറാണി, വീണാ ജോര്‍ജ് തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകന്‍.
മന്ത്രിമാരായ സജി ചെറിയാന്‍, കെ. കൃഷ്ണന്‍കുട്ടി, ജി.ആര്‍. അനില്‍, പി. പ്രസാദ്, വി.എന്‍. വാസവന്‍, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍ കോവില്‍, കെ.എന്‍. ബാലഗോപാല്‍, എ.കെ. ശശീന്ദ്രന്‍, ആന്റണി രാജു, റോഷി അഗസ്റ്റിന്‍, കെ. രാജന്‍, വി. അബ്ദുറഹിമാന്‍, വി. ശിവന്‍കുട്ടി, നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, യു.എ.ഇ. അംബാസഡര്‍ അബ്ദുല്‍ നാസര്‍ ജമാല്‍ അല്‍ ശാലി, വ്യവസായി എം.എ. യൂസഫലി, വ്യവസായി ബി. രവിപിള്ള തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. ചടങ്ങില്‍ സ്ത്രീപ്രാതിനിധ്യം കുറവാണെന്ന് ചൂണ്ടാക്കാട്ടി സൂമഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ജോളി ചിറയത്തിന്റെ പ്രതികരണം.