നടി ഹേമ ചൗധരി ആശുപത്രിയില്‍; നില അതീവ ഗുരുതരം

പ്രശസ്ത നടി ഹേമ ചൗധരി ആശുപത്രിയിലെന്ന് റിപ്പോര്‍ട്ടുകള്‍. ബംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് താരം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വിദേശത്ത് കഴിയുന്ന മകനുവേണ്ടി അവര്‍ കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയുടെ ഔദ്യോഗിക സ്ഥിരീകരണവും ആരോഗ്യ ബുള്ളറ്റിനും ഇനിയും പുറത്തുവന്നില്ല. രണ്ട് ദിവസം മുമ്പ് മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില അതീവഗുരുതരമാണെന്ന് മാത്രമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

180ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്ത കന്നഡ നടിയാണ് ഹേമ ചൗധരി. അഭിനയത്തിനുപുറമെ, അവര്‍ ഒരു മികച്ച കുച്ചിപ്പുടി നര്‍ത്തകി കൂടിയാണ്, തന്റെ ഗുരുവായ വെമ്പട്ടി ചിന്ന സത്യത്തിനൊപ്പം 700ലധികം പ്രകടനങ്ങള്‍ നടത്തി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. കന്നഡ, തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായി വിവിധ ചിത്രങ്ങളില്‍ ഇവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ചെന്നൈയിലെ ഒരു ആക്ടിംഗ് സ്‌കൂളില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ സഹപാഠി കൂടിയായ ഹേമ പിന്നീട് ദേശീയ ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയില്‍ മൂന്ന് വര്‍ഷം ജഡ്ജിയായും സേവനമനുഷ്ഠിച്ചു.

Vijayasree Vijayasree :