അർഹമായ ശമ്പളവും മാന്യമായ ജീവിതവും ലഭിക്കണം; വനിതാ ദിനത്തിൽ ആശാ വർക്കർമാർക്ക് പിന്തുണയുമായി നടി ദിവ്യ പ്രഭ

സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പിന്തുണയുമായി നടി ദിവ്യ പ്രഭ. വനിതാ ദിനത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ദിവ്യ പ്രഭ തന്റെ പിന്തുണ അറിയിച്ചത്. ഈ വനിതാ ദിനത്തിൽ, നിസ്വാർത്ഥമായി തൊഴിൽ ചെയ്യുന്ന ആശാവർക്കർമാർക്ക് അർഹമായ ശമ്പളവും മാന്യമായ ജീവിതവും ലഭിക്കണം എന്നാവശ്യപ്പെട്ട് ഞാൻ അവർക്കൊപ്പം നിൽക്കുന്നു.

അവർ സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തുന്ന മാർച്ചിൽ, ഉത്തരവാദിത്തമുള്ളവർ നടപടി കൈക്കൊള്ളും എന്നുമാണ് പ്രതീക്ഷിക്കുന്നത്. ന്യായമായ വേതനവും അന്തസ്സും അവരുടെ അവകാശമാണ് എന്നും നമുക്ക് അവർക്കുവേണ്ടി ശബ്ദമുയർത്താമെന്നും ദിവ്യ പ്രഭ തന്റെ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാ വർക്കർമാർ ദിവസങ്ങളായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടരുന്നത്. ഓണറേറിയവും ഇൻസന്റീവും മാസങ്ങളായി മുടങ്ങിയതോടെ ഫെബ്രുവരി 10 മുതലാണ് ആശമാർ കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമര രംഗത്തേക്കിറങ്ങിയത്.

ഓണറേറിയം 21,000 രൂപയാക്കുക, 62-ാം വയസിൽ വിരമിക്കുമ്പോൾ 5 ലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ആശമാർ ഉന്നയിക്കുന്നത്. 26,000ത്തോളം ആശമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. 232 രൂപയാണ് ഇപ്പോൾ ആശമാർക്കു ദിവസവേതനയായി കിട്ടുന്നത്. മണിക്കൂറുകൾ ജോലി ചെയ്യേണ്ടി വരുന്ന ആശമാർക്കു യാത്രാക്കൂലി പോലും കൈയിൽനിന്നാണ് നൽകേണ്ടിവരുന്നതെന്നു സമരസമിതി പറയുന്നു.

Vijayasree Vijayasree :