നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യം തേടി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുനി സുപ്രീംകോടതിയിൽ ഹർജി നല്‍കിയിരിക്കുന്നത്. അഭിഭാഷകൻ ശ്രീറാം പാറക്കാട്ട്, എം എസ് വിഷ്ണു ശങ്കർ ചിതറ എന്നിവരാണ് ഹർജി സമർപ്പിച്ചത്.നടന്‍ ദിലീപ് എട്ടാം പ്രതിയായ കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്‍റണിക്ക് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന സർക്കാർ വാദം അംഗീകരിച്ചാണ് സുനിയുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയത്. അതേസമയം പൾസർ സുനിക്ക് തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്തതിന് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയിരുന്നു. ഒരു ജാമ്യഹർജി തള്ളി മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ജാമ്യഹർജി ഫയൽ ചെയ്തതിനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പിഴ ചുമത്തിയത്.
തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്യാൻ സാമ്പത്തിക സഹായവുമായി ആരോ കർട്ടന് പിന്നിൽ ഉണ്ടെന്നും കോടതി അന്ന് അഭിപ്രായപ്പെട്ടിരുന്നു. ഏഴ് വർഷമായി ജയിലിൽ കഴിയുന്ന പ്രതി വിവിധ അഭിഭാഷകർ വഴി ഹൈക്കോടതിയിൽ മാത്രം 10 തവണയാണ് ജാമ്യഹർജി ഫയൽ ചെയ്തത്. രണ്ട് തവണ സുപ്രീംകോടതിയേയും സമീപിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ സുപ്രീം കോടതിയെ സമീപിക്കുന്നത് മൂന്നാം തവണയാണ്. വർഷങ്ങളായി ജയിലിൽ കഴിയുന്ന പ്രതി ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെയല്ല ജാമ്യഹർജി ഫയൽ ചെയ്യുന്നത്. സ്വന്തമായി നിയോഗിച്ചിരിക്കുന്ന അഭിഭാഷകർ വഴിയാണെന്നതും കോടതി നേരത്തെ ചൂണ്ടിക്കായിരുന്നു.
പ്രതിക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും മറ്റാരോ പിന്നിൽ ഉണ്ടെന്നുമാണ് ഇത് സൂചിപ്പിക്കുന്നതെന്നും കോടതി പറഞ്ഞത്. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽതന്നെ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉണ്ടെന്നതും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ജാമ്യഹർജി തള്ളിയാൽ സാഹചര്യങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിലേ വീണ്ടും ജാമ്യഹർജി ഫയൽ ചെയ്യാവൂ എന്നാണ് നിയമം. പൾസർ സുനി ഏപ്രിൽ 16-ന് ഫയൽ ചെയ്ത ജാമ്യഹർജി മേയ് 20-ന് തള്ളിയിരുന്നു. ഇതിന് പിന്നാലെ മേയ് 23-ന് വീണ്ടും ജാമ്യഹർജി ഫയൽ ചെയ്തതായിരുന്നു കോടതിയെ ചൊടിപ്പിച്ചത്. അമിക്കസ് ക്യൂറിയെ നിയോഗിച്ച് വിഷയം പരിശോധിച്ചാണ് പിഴ ചുമത്തിയത്.
ഒരു മാസത്തിനുള്ളിൽ ലീഗൽ സർവീസ് അതോറിറ്റിക്ക് പിഴ തുക അടയ്ക്കാനും നിർദേശിച്ചിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് ഇപ്പോൾ സുനി വീണ്ടും ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. നടിയെ തൃശ്ശൂരിലെ വീട്ടില്‍ നിന്നും കൊച്ചിയിലെ സ്റ്റുഡിയോയിലേക്ക് എത്തിക്കാനായി പോയ കാർ ഡ്രൈവറായിരുന്ന പള്‍സർ സുനി തന്റെ സംഘവുമായി ചേർന്ന് യാത്രാമധ്യേ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് നടിയെ മറ്റൊരു കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.