പരാതി നല്‍കിയ വാര്‍ത്ത വന്നിട്ടും ബീന ആന്റണിയെ ഒഴിവാക്കാതെ തട്ടിപ്പ് പരസ്യം. നടി ബീന ആന്റണിയുടെ ചിത്രം ഉപയോഗിച്ച് ഓണ്‍ലൈനില്‍ തട്ടിപ്പ് നടത്തുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കിരാത്പൂര്‍ സ്വദേശിനിയായ ആഭ കര്‍പാല്‍ എന്ന വീട്ടമ്മയായാണ് ബീന ആന്റണിയെ പരസ്യത്തില്‍ വിശേഷിപ്പിച്ചിരുന്നത്. തട്ടിപ്പിനെ കുറിച്ച് വാർത്തകൾ വന്നിട്ടും പരസ്യം തുടരുക തന്നെയാണ്. ചില മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് മാത്രം.
വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി പ്രതിമാസം നാലര ലക്ഷത്തോളം രൂപ വരുമാനം ഉണ്ടാക്കുന്ന കോഴിക്കോട് സ്വദേശിനിയായ ആഭ കര്‍പാല്‍ എന്ന സ്ത്രീ എന്നാണ് ഇപ്പോഴത്തെ പരസ്യം. നേരത്തെയുണ്ടായിരുന്ന കിരാത്പൂര്‍ എന്ന് മാറ്റി കോഴിക്കോട് എന്നാക്കിയിട്ടുണ്ടെന്ന് മാത്രം. സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ബീന ആന്റണി നേരത്തെ പറഞ്ഞിരുന്നു. അനുവാദം കൂടാതെ തന്റെ ചിത്രമുപയോഗിച്ചുള്ള ഈ ഗുരുതര തട്ടിപ്പിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും താനുമായി ഈ ഓണ്‍ലൈന്‍ സൈറ്റിന് യാതൊരുവിധ ബന്ധവുമില്ലെന്നും ബീന പറഞ്ഞു.
ഓണ്‍ലൈന്‍ മുഖാന്തിരം വീട്ടിലിരുന്ന് മാസം നാലര ലക്ഷത്തോളം വരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ് സൈറ്റില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജോലി നഷ്ടപ്പെട്ട കൊച്ചിയിലെ വീട്ടമ്മയും നിരവധി തവണ ജോലിക്ക് ശ്രമിച്ചിട്ട് ലഭിക്കാതിരിക്കുകയും ചെയ്ത വീട്ടമ്മ ഒടുവില്‍ ഓണ്‍ലൈനിലൂടെ ജോലി കണ്ടെത്തി പ്രതിമാസം നാലര ലക്ഷം രൂപ വരെ സമ്പാദിക്കുന്നതായിട്ടാണു പരസ്യം ഇതിന് മുമ്പ് നൽകിയിരുന്നത്. ഈ വീട്ടമ്മയുടെ വിജയ കഥ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും ഈ കഥയെന്നും പരസ്യത്തില്‍ വിവരിക്കുന്നുണ്ട്. ഡിജിറ്റല്‍ പ്രോഫിറ്റ് കോഴ്സിലൂടെയാണ് ആഭാ കര്‍പാല്‍ വരുമാനമുണ്ടാക്കുന്നതെന്നും ഈ കോഴ്സിനെ കുറിച്ച് അറിയാന്‍ പരസ്യത്തില്‍ കൊടുത്തിരിക്കുന്ന വെബ്സൈറ്റില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
actress beena antony