സിനിമാതാരം പി പി ഗിരിജ അന്തരിച്ചു. 83 വയസ്സായിരുന്നു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. 1950കളില്‍ ബേബി ഗിരിജ എന്ന പേരില്‍ മലയാള സിനിമയില്‍ ബാലതാരമായി തിളങ്ങിയിരുന്നു. തിക്കുറിശ്ശി സുകുമാരന്‍ നായര്‍ നായകനായ ‘ജീവിതനൗക’ എന്ന സിനിമയിലെ ‘ആനത്തലയോളം വെണ്ണതരാം…’ എന്ന ഗാനരംഗത്തിലൂടെയാണ് നടി പ്രശസ്തയാകുന്നത്.
സിനിമാലോകത്ത് ബേബി ഗിരിജ എന്നറിയപ്പെട്ട പി.പി. ഗിരിജ 1951ല്‍ കെ. വെമ്പു സംവിധാനം ചെയ്ത ‘ജീവിതനൗക’യില്‍ നായിക ബി.എസ്. സരോജ അഭിനയിച്ച ലക്ഷ്മി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് അവതരിപ്പിച്ചത്.
അടുത്ത വര്‍ഷം ‘അച്ഛന്‍’, ‘വിശപ്പിന്റെ വിളി’, ‘പ്രേമലേഖ’എന്നീ സിനിമകളില്‍ അഭിനയിച്ചു. ‘അവന്‍ വരുന്നു’, ‘പുത്ര ധര്‍മം’ (1954), ‘കിടപ്പാടം’ (1955) തുടങ്ങിയ സിനിമകളിലും വേഷമിട്ടു.
കണ്ണൂര്‍ സ്വദേശികളായ അനന്തന്റെയും സുനീതിയുടെയും മകളാണ്. അച്ഛന്റെ ജോലിയുടെ ഭാഗമായി ഗിരിജയും ആറുസഹോദരങ്ങളുമടങ്ങുന്ന കുടുംബം ആലപ്പുഴയിലേക്ക് താമസംമാറി. അവിടെവെച്ച് അനന്തനും സംവിധായകന്‍ കുഞ്ചാക്കോയുമായുണ്ടായ സൗഹൃദമാണ് സിനിമയിലേക്ക് വഴിതുറന്നത്.
നര്‍ത്തകികൂടിയായ ഗിരിജ നൃത്തപ്രധാനമായ വേഷങ്ങളാണ് കൂടുതലും ചെയ്തത്. പിന്നീട് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ഓഫീസറായി ചെന്നൈയിലെത്തിയതോടെ സിനിമാരംഗം വിട്ടു. ഇന്ത്യന്‍ ബാങ്കില്‍ ഓഫീസറായിരുന്ന ഭര്‍ത്താവ് ജയചന്ദ്രന്‍ നേരത്തേ മരിച്ചു. മക്കളില്ല. സംസ്‌കാരം ഞായറാഴ്ച ചെന്നൈയില്‍ നടക്കും.