കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് റദ്ദാക്കണം എന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അതിജീവിത ഉപഹർജി സമർപ്പിച്ചിരുന്നു.
കോടതി നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണം എന്നും പൊലീസ് അന്വേഷണം നടത്തണം എന്നുമാണ് അതിജീവിതയുടെ ആവശ്യം. ഇതിലാണ് ഹൈക്കോടതിയുടെ വിധി. നടിയെ ആക്രമിച്ച കേസിൽ ഏറ്റവും സുപ്രധാനപ്പെട്ട തെളിവാണ് മെമ്മറി കാർഡ്. എന്നാൽ ഈ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ടു എന്ന് കണ്ടെത്തിയിരുന്നു.
ഇതിലാണ് കോടതി വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്. മെമ്മറി കാർഡ് പരിശോധിക്കപ്പെട്ടിട്ടുണ്ട് എന്നും ആര് എന്തിന് പരിശോധിച്ചു എന്ന് കണ്ടെത്തണം എന്നുമായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.എന്നാൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല എന്നും അതിനാൽ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണം എന്നുമാണ് അതിജീവിത മുന്നോട്ട് വെയ്ക്കുന്നത്.
സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തണം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നടത്തിയ അന്വേഷണം വസ്തുതാപരമല്ല എന്നും ഉപഹർജിയിൽ അതിജീവിത ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരും അതിജീവിതയുടെ നിലപാടിനൊപ്പമാണ്. ഇന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് അതിജീവിതയുടെ ഉപഹർജിയിൽ വിധി പറയുക.
മെമ്മറി കാർഡുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിച്ച പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ റിപ്പോർട്ട് വസ്തുതാപരമല്ലെന്നും, റദ്ദാക്കണമെന്നും കോടതി മേൽനോട്ടത്തിൽ ഐജി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ ഉപഹർജി നൽകുകയായിരുന്നു. അതിജീവിതയുടെ ഹർജിയെ അനുകൂലിച്ചാണ് സംസ്ഥാന സർക്കാരും നിലപാട് എടുത്തത്.
എന്നാൽ നടിയുടെ ഹർജിയെ എതിർത്ത് കേസിലെ എട്ടാം പ്രതിയായ ദിലീപ് കോടതിയെ സമീപിച്ചു. അതിജീവിതയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിനില്ലാത്ത എതിർപ്പ് എട്ടാം പ്രതിക്ക് എന്തിനാണെന്നായിരുന്നു ദിലീപിന്റെ വാദത്തെ എതിർത്ത് ഹൈക്കോടതി ചോദിച്ചത്. കോടതിയും അതിജീവിതയുമാണ് ഈ കേസിലെ കക്ഷികൾ. അന്വേഷണ റിപ്പോർട്ട് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെ ബാധിക്കുന്നതല്ല എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അതിജീവിതയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിന് എതിർപ്പ് ഇല്ല എന്നും പിന്നെന്തിനാണ് എട്ടാം പ്രതിക്ക് എതിർപ്പ് എന്ുമായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാളാണ് അതിജീവിതയ്ക്ക് വേണ്ടി കേസിൽ ഹാജരായത്. അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനിക്ക് ജാമ്യം ലഭിച്ചത്. ഇതിന്ശേഷം കേസിൽ നടക്കുന്ന സുപ്രധാന സംഭവമാണ് ഇന്ന് വരാനിരിക്കുന്ന വിധി.
അതേസമയം കർശന ജാമ്യ വ്യവസ്ഥകളോടെയാണ് സുനിയ്ക്ക് ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് പ്രതികരിക്കരുത്, പ്രതികളെയോ സാക്ഷികളെയോ ബന്ധപ്പെടരുത്, ഒരു സിം കാർഡ് മാത്രമേ ഉപയോഗിക്കാവൂ, നമ്പർ കോടതിയെ അറിയിക്കണം രണ്ട് ആൾ ജാമ്യം വേണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം, എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത് എന്നിങ്ങനെയാണ് വ്യവസ്ഥകൾ.