നടിയെ ആക്രമിച്ച കേസില്‍ മെമ്മറികാര്‍ഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ടിനാധാരമായ സാക്ഷിമൊഴികള്‍ നല്‍കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എറണാകുളം സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അതിജീവിതയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് ലഭിക്കേണ്ടതാണെന്നും അതിജീവിതയുടെ ആവശ്യം നിലനില്‍ക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
അതിജീവിതയുടെ ആവശ്യം നിരസിക്കാന്‍ കാരണങ്ങളില്ലെന്ന് പറഞ്ഞ ജസ്റ്റിസ് കെ ബാബു അതിജീവിതയുടെ മറ്റ് ആവശ്യങ്ങളില്‍ മെയ് 30ന് വാദം കേള്‍ക്കുമെന്ന് അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി. വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് രഹസ്യ റിപ്പോര്‍ട്ടല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ അതിജീവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജഡ്ജി ഹണി എം വര്‍ഗീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ മെയ് 30നായിരിക്കും വാദം കേള്‍ക്കുക.
അന്വേഷണ റിപ്പോര്‍ട്ടിന് ആധാരമായ മൊഴിപ്പകര്‍പ്പുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും അതിജീവിത നല്‍കിയിരുന്നു. രണ്ട് ഹര്‍ജികളും കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് പരിഗണിക്കുന്നത്. ജുഡീഷ്യല്‍ ഓഫീസറും കോടതി ജീവനക്കാരുമാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്നാണ് ഹണി എം വര്‍ഗീസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതികളെ സംരക്ഷിക്കുന്ന രീതിയിലാണ് ഹണി എം വര്‍ഗീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും വിമര്‍ശനമുണ്ട്.
കോടതി സമയത്തിനപ്പുറത്ത് പല സമയങ്ങളിലായാണ് മെമ്മറി കാര്‍ഡ് പരിശോധനകള്‍ നടന്നിരിക്കുന്നത്. രാത്രി സമയങ്ങളിലും ഫോണിലും പരിശോധന നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന എഫ്എസ്എല്‍ റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരുന്നു. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നതായും കണ്ടത്തിയിരുന്നു.
ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡും പെന്‍െ്രെഡവും ഒരു വര്‍ഷത്തിലേറെ നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെമ്മറി കാര്‍ഡ് സീല്‍ ചെയ്ത കവറില്‍ സൂഷിക്കണമെന്നാണ് നിയമം എന്നിരിക്കെയാണ് ജഡ്ജിന്റെ ഭാഗത്തുനിന്ന് തന്നെ ഗുരുതര വീഴ്ച വന്നിരിക്കുന്നത്. കോടതി ജീവനക്കാരുടെ മൊഴിയില്‍ ജസ്റ്റിസിനെതിരെ ഗുരുതര പരാമര്‍ശമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബെഞ്ച് ക്ലാര്‍ക്ക് മഹേഷ് മോഹന്റേയും പ്രോപ്പര്‍ട്ടി ക്ലാര്‍ക്ക് ജിഷാദിന്റേതുമാണ് മൊഴി.
മഹേഷ് നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് പരിശോധിച്ചത് ജസ്റ്റിസ്സിന്റെ നിര്‍ദ്ദേശ പ്രകാരമെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വന്തം മൊബൈല്‍ ഫോണിലാണ് മഹേഷ് മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി ഉപയോഗിച്ചത്. 2018 ഡിസംബര്‍ 13ന് രാത്രി 10.58ന് വീട്ടില്‍ വെച്ചാണ് മഹേഷ് മെമ്മറി കാര്‍ഡ് ഉപയോഗിച്ചത്. മെമ്മറി കാര്‍ഡ് പരിശോധിച്ച മൈക്രോമാക്‌സ് ഫോണ്‍ നഷ്ടമായെന്ന് മഹേഷ് മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം, അന്വേഷണത്തില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ വിശദീകരണം തേടിയില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ജഡ്ജ് ഹണി എം വര്‍ഗ്ഗീസ് ആണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ് ഉള്‍പ്പടെ മൂന്ന് പേരാണ് നിയമ വിരുദ്ധമായി ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. മെമ്മറി കാര്‍ഡ് ഉള്‍പ്പടെ തെളിവുകള്‍ സീല്‍ ചെയ്ത കവറില്‍ കോടതി ചെസ്റ്റില്‍ സൂക്ഷിക്കണമെന്നതാണ് നിയമം. ഓപ്പണ്‍ കോടതിയില്‍ വിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തില്‍ മാത്രമെ ഇത് പരിശോധിക്കാന്‍ പാടുള്ളൂ എന്നും നിയമം അനുശാസിക്കുന്നു. പക്ഷേ ഈ നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് കോടതികളില്‍ പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിച്ചത്.