അകത്തേയ്‌ക്കോ പുറത്തേയ്‌ക്കോ!; ദിലീപിനെ ഇന്ന് നിര്‍ണായക ദിവസം; ആ വിധി ഉടന്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന സംഭവത്തില്‍ തന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും മുമ്പ് പലതവണ കോടതി തള്ളിയതുമാണെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നു. കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചെന്നാരോപിച്ചാണ് ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. ഇന്ന് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് കേസ് പരിഗണിക്കും.

വിചാരണക്കോടതിയില്‍ 259 പ്രോസിക്യൂഷന്‍ സാക്ഷികളെ ഇതിനകം വിസ്തരിച്ചുകഴിഞ്ഞെന്നും ഇനി അന്വേഷണ ഉദ്യോഗസ്ഥന്‍, ഫോറന്‍സിക് ലാബിലെ ജോയിന്റ് ഡയറക്ടര്‍ എന്നിവരെയാണ് വിസ്തരിക്കാനുള്ളതെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. ഇവരെ താന്‍ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന് ആശങ്കയില്ല. അന്വേഷണ ഉദ്യോഗസ്ഥനെ ഉടന്‍ വിസ്തരിക്കാനിരിക്കെ വിചാരണയുടെ അവസാനഘട്ടത്തില്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത് വീണ്ടും മാദ്ധ്യമവിചാരണ നടത്താനാണെന്നും ദിലീപ് ആരോപിക്കുന്നു.

80പേരുടെ സാക്ഷിവിസ്താരം പൂര്‍ത്തിയായ ഘട്ടത്തില്‍ തനിക്കും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ യുവനടിയും പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിമാറ്റം ആവശ്യപ്പെട്ടുള്ള ഈ ഹര്‍ജി ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും തള്ളി. നടിയെ ആക്രമിച്ച കേസില്‍ തനിക്ക് പങ്കുണ്ടെന്ന തരത്തില്‍ സിനിമാ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് രജിസ്റ്റര്‍ചെയ്ത കേസില്‍ മുന്‍കൂര്‍ജാമ്യം തേടിയപ്പോഴും സമാനമായ ആരോപണങ്ങളായിരുന്നു പ്രോസിക്യൂഷന്‍ ഉന്നയിച്ചത്.

അവയൊക്കെ തള്ളിയാണ് കോടതി ജാമ്യംനല്‍കിയതെന്നും ദിലീപ് വിശദീകരിക്കുന്നു. വിപിന്‍ലാല്‍, ജിന്‍സണ്‍ എന്നീ സാക്ഷികളെ സ്വാധീനിച്ചുവെന്നാണ് പ്രധാന ആരോപണം. എന്നാല്‍ പല കേസുകളില്‍ പ്രതിയായ ഇവര്‍ വളരെക്കാലമായി ജയിലിലാണ്. ഇവരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ അന്വേഷണസംഘം ഉപയോഗിക്കുകയാണെന്നും ദിലീപ് ആരോപിക്കുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ജില്ല സെഷന്‍സ് ജഡ്ജി അന്വേഷണം നടത്തണമെന്നും ആവശ്യമെങ്കില്‍ പൊലീസിന്റെയോ മറ്റ് അന്വേഷണ ഏജന്‍സികളുടെ സഹായമോ തേടാമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഒരു മാസത്തിനുള്ളില്‍ അന്വേഷണം നടത്തണം. അതിജീവിതയുടെ ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് അതിജീവിത ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്. മെമ്മറി കാര്‍ഡ് മൂന്നുതവണ അനധികൃതമായി പരിശോധിച്ചതിന് കാരണമായ സാഹചര്യം സംബന്ധിച്ച് അന്വേഷണത്തിനായാണ് നടി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെടുമെന്ന് പ്രോസിക്യൂഷനും ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ലെന്ന് ഉറപ്പാക്കണമെന്നാണ് പ്രോസിക്യൂഷന്‍ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്.എന്നാല്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടെങ്കിലും അതിലെ ദൃശ്യങ്ങള്‍ക്ക് കേടുപാടില്ലെന്ന് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടിലുണ്ടെന്നാണ് നടന്‍ ദിലീപ് കോടതിയില്‍ വാദിച്ചത്. ദൃശ്യങ്ങളുടെ ഹാഷ് വാല്യുവില്‍ മാറ്റമില്ല. ദൃശ്യങ്ങളില്‍ മാറ്റമില്ലെന്നിരിക്കെ ഇത് എങ്ങനെയാണ് അന്വേഷിക്കുന്നത്? കേസിന്റെ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ്. ഇതനുവദിക്കരുതെന്നും നടന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പരിശോധനാ ഫലത്തില്‍ മൂന്നു തവണ ഹാഷ് വാല്യു മാറിയതായി കണ്ടെത്തിയിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി, വിചാരണക്കോടതി, ജില്ലാ കോടതി എന്നിവിടങ്ങളില്‍ ഇരിക്കുമ്പോഴാണ് ഹാഷ് വാല്യു മാറിയത്. മെമ്മറി കാര്‍ഡ് പരിശോധിക്കേണ്ടതില്ലെന്ന വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്. െ്രെകംബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷന്‍ സംഘങ്ങള്‍ ആദ്യം പിടിയിലായ കേസില്‍ മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയര്‍ന്നു കേട്ടത്. അതേ വര്‍ഷം ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിന് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണ തുടങ്ങിയെങ്കിലും ഇടയ്ക്ക് പുതിയ വെളിപ്പെടുത്തലുണ്ടായി. തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്നും നടന് ജാമ്യം ലഭിക്കുകയായിരുന്നു.

Vijayasree Vijayasree :