അനുരാഗ് കശ്യപിന്റെ മകൾ ആലിയ കശ്യപും ബോളിവുഡ് പ്രേക്ഷകർക്ക് സുപരിചിതയാണ്. അനുരാഗിന്റെ ആദ്യ ഭാര്യ ആർതി ബജാജിലുണ്ടായ മകളാണ് ആലിയ. യൂട്യൂബ് വ്ളോഗറായി അറിയപ്പെടുന്ന ആലിയയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ഉള്ളത്.
ഇപ്പോഴിതാ, ഗേൾ ടോക്ക് പിടി 5 എന്ന തലക്കെട്ടിലുള്ള ആലിയയുടെ പുതിയ യൂട്യൂബ് വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്. ടോക്സിക് പ്രണയത്തിൽ നിന്നും താൻ എങ്ങനെയാണ് രക്ഷപ്പെട്ടത് എന്നാണ് ആലിയ വീഡിയോയിൽ വ്യക്തമാക്കുന്നത്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവേയായിരുന്നു തൻ്റെ ടോക്സിക് പ്രണയത്തെ കുറിച്ച് ആലിയ പറഞ്ഞത്.
താനും ഒരു ടോക്സിക് പ്രണയത്തിൽ അകപ്പെട്ടിട്ടുണ്ട്, അതിൽ നിന്ന് പുറത്തുകടക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ചും നിങ്ങൾ കുറച്ചു കാലമായി ഒരുമിച്ചു ഉള്ളവരാണെങ്കിൽ. അത് കുറച്ച് ബുദ്ധിമുട്ടാണെന്നും ആലിയ കശ്യപ് പറഞ്ഞു. അതിൽ നിന്ന് എങ്ങനെ പുറത്തുകടക്കാം എന്നതിനും താരപുത്രി ഉപദേശം നൽകുന്നുണ്ട്.

ബന്ധത്തെക്കാൾ നിങ്ങൾക്ക് പ്രധാന്യം നൽകുക. നിങ്ങളുടെ മാനസിക ആരോഗ്യത്തിനാണ് എപ്പോഴും പ്രാധാന്യം നൽകു അത് മാത്രം മതിയെന്നാണ് ആലിയ പറയുന്നത്. അതേ വീഡിയോയിൽ തന്നെ, ബന്ധങ്ങൾ, പ്രണയം, സൗഹൃദങ്ങൾ എന്നിവയെക്കുറിച്ചുള്ള പെൺകുട്ടികളുടെ ചോദ്യങ്ങൾക്കും ആലിയ ഉത്തരം നൽകുന്നുണ്ട്.
ഷെയ്ൻ ഗ്രിഗോയറുമായി പ്രണയത്തിലാണ് ആലിയ ഇപ്പോൾ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ മാസം, മാതാപിതാക്കളായ അനുരാഗിനും ആർത്തിക്കും ഒപ്പം ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങൾ ആലിയ പങ്കുവച്ചിരുന്നു. ആലിയയുടെ സുഹൃത്ത് ഖുഷി കപൂറും അവർക്കൊപ്പം ഉണ്ടായിരുന്നു. 2003 ലാണ് അനുരാഗും ആർതിയും വിവാഹിതരായത്. 2009 ൽ ഇവർ വേർപിരിഞ്ഞു. പിന്നീട് അനുരാഗ് നടി കൽക്കി കൊച്ച്ലിനെ വിവാഹം കഴിച്ചു. എന്നാൽ രണ്ടു വർഷത്തിന് ശേഷം 2015 ൽ അവർ വിവാഹമോചിതരായി.