‌​ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് തടയണം; ഹർജിയുമായി നടി രഞ്ജിനി

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സമ​​ഗ്രമായി പഠിക്കാൻ നിയോ​ഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് കഴിഞ്ഞ മാസം 25 ന് ആയിരുന്നു പുറത്തെത്തേണ്ടിയിരുന്നത്. എന്നാൽ നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു. റിപ്പോർട്ട് പുറത്തുവിടാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേയായിരുന്നു സംഭവം.

പിന്നാലെ റിപ്പോർട്ട് പുറത്ത് വിടാമെന്ന് ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവുമിട്ടിരുന്നു. തുട്ർന്ന് ഓ​ഗസ്റ്റ് 17 ന് റിപ്പോർട്ട് പുറത്ത് വിടുമെന്ന് സർക്കാർ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന ഹർജിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് നട് രഞ്ജിനി.

​ഹേമ കമ്മിറ്റിയ്ക്ക് മുൻപിൽ താൻ മൊഴി കൊടുത്തതാണെന്നാണ് നടി പറയുന്നത്. മുമ്പ് കോടതിയെ സമീപിക്കാത്ത ഹർജിക്കാരിക്ക് അപ്പീൽ സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് അനുമതി നൽകി. റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന ഹർജിയിൽ ഹെെക്കാടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. തിങ്കളാഴ്ച ഹർജി പരി​ഗണിക്കണമെന്നും കോടതി അറിയിച്ചു.

233 പേജുള്ള റിപ്പോർട്ട് പുറത്തുവിടുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. നേരത്തെ പുറത്ത് വിടാൻ കഴിയില്ലെന്ന് അറിയിച്ചിരുന്ന ഭാഗങ്ങൾ ഒഴിവാക്കിത്തന്നെയാണ് റിപ്പോർട്ട് പുറത്തുവിടുകയെന്നാണ് സർക്കാർ അറിയിച്ചത്. സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്.

അന്ന് മുതൽ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയർന്നിരുന്നു. വിമൻ ഇൻ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയത്. 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഇതിനെതിരെ മാധ്യമപ്രവർത്തകർ അടക്കം വിവാരവകാശ കമ്മിഷനെ സമീപിച്ചിരുന്നു.

നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ. റിപ്പോർട്ട് പബ്ലിഷ് ചെയ്യുമെന്ന് പറഞ്ഞതിന് ശേഷം പിന്നീട് അധികൃതർ അഭിപ്രായം മാറ്റുകയായിരുന്നുവെന്ന് പാർവതി തിരുവോത്ത് നേരത്തെ പറഞ്ഞിരുന്നു.

Vijayasree Vijayasree :