ഒരിടവേളയ്ക്ക് ശേഷം കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോഴത്തെ ചർച്ചകൾക്ക് ആധാരം. നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാംപ്രതിയും നടനുമായ ദിലീപിന് കനത്ത തിരിച്ചടിയായേക്കാവുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒന്നാം പ്രതി പൾസർ സുനി. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ദിലീപ് ആണെന്നാണ് പൾസർ സുനി വെളിപ്പെടുത്തുന്നത്. ഒരു ടിവി ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ ആണ് സുനിയുടെ വെളിപ്പെടുത്തൽ.
ഇപ്പോഴിതാ സ്റ്റിംഗ് ഓപ്പറേഷനിൽ പങ്കെടുത്ത മാധ്യമപ്രവർത്തകൻ റോഷിപാൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ റിപ്പോർട്ടിംഗിലെ തന്റെ യാത്രയെ കുറിച്ചും നേരിട്ട വെല്ലുവിളികളെ കുറിച്ചും സ്റ്റിംഗ് ഓപ്പറേഷനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ്. പൾസർ സുനിയുമായി ബന്ധമില്ലെന്നത് എട്ടാം പ്രതിയായ ദിലീപിന്റെ വാദമായിരുന്നു. അത് പൂർണമായും പൊളിക്കുന്ന വെളിപ്പെടുത്തലായിരുന്നു അന്തരിച്ച സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയത്. പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽ കണ്ടെന്നും ദിലീപിന്റെ സഹോദരനൊപ്പം ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്തുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
പോലീസ് അത് അന്വേഷിച്ചിരുന്നു. താമസിച്ച ഹോട്ടലിൽ, ടവർ ലൊക്കേഷൻ വെച്ച് എല്ലാം പോലീസ് അത് സ്ഥിരീകരിച്ചു. ബാലചന്ദ്രകുമാർ പറഞ്ഞത് എല്ലാം പൂർണമായും സത്യമാണെന്ന് ഘട്ടം ഘട്ടമായി പോലീസ് സ്ഥിരീകരിച്ചു. നടി കേസുമായി മുന്നോട്ട് പോകുമ്പോൾ പലരും മുന്നറിയിപ്പ് നൽകുന്നുണ്ട്, അപകടമാണ് എന്ന്. മറുതലക്കൽ ഉള്ളവർക്ക് അവരുടെ നിലനിൽപ്പാണ് അതിനാൽ എന്തും ചെയ്യുമെന്ന്. എന്നാൽ സത്യം എന്താണെന്ന് പുറത്തറിയിക്കാൻ തീരുമാനിച്ചിരുന്നു. സ്നേഹത്തോടുള്ള ഭീഷണിയും സ്വാധീനിക്കാനുള്ള ശ്രമവും ഉണ്ടായിരുന്നു. ഇതൊന്നും ബാധിക്കാതിരുന്ന ആ കേസിനെ വൈകാരികമായി എടുത്തത് കൊണ്ടാണ്.
ആ പെൺകുട്ടിയുടെ ഒപ്പം നിൽക്കുകയെന്നത് ഉത്തരവാദിത്തായി ഏറ്റെടുക്കുകയായിരുന്നു. അവരുടെ അവസ്ഥയൊക്കെ മനസിലാക്കിയപ്പോഴാണ് ഈ പോരാട്ടം ഉപേക്ഷിക്കാൻ പാടില്ലെന്ന് മനസിലാക്കിയത്. ആ സംഭവത്തിന് ശേഷം നടിയും കുടുംബവുമൊക്കെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. കേസ് റിപ്പോർട്ടിംഗിനിടെ പലതും ഉണ്ടായിട്ടുണ്ട്. മുൻപ് സാഗർ വിൻസെന്റ് എന്ന സാക്ഷി ഈ കേസിൽ കൂറുമാറിയപ്പോൾ അത് അന്വേഷിക്കാൻ ആലപ്പുഴയിൽ പോയിരുന്നു. നിരന്തരം ബന്ധപ്പെട്ട് സംസാരിക്കാൻ തയ്യാറാകാതിരുന്നപ്പോഴാണ് നേരിട്ട് കാണാൻ പോയത്.
എന്നാൽ ട്രാപ്പിലാക്കാനുള്ള ശ്രമമാണ് നടന്നത്. ഒരു സംഘം ആക്രമിക്കാൻ വന്നു. ഇത് മനസിലാക്കി ഓട്ടോ ഡ്രൈവർ ഞങ്ങളേയും കൊണ്ടു രക്ഷപ്പെടുകയായിരുന്നു. അതൊരു അപകടം പിടിച്ച മേഖലയാണെന്ന് പിന്നീട് മനസിലാക്കി. സാമൂഹമാധ്യമങ്ങളിലൂടെ ഭീഷണി വന്നു. സ്വാധീനിക്കാൻ വലിയ രീതിയിൽ ശ്രമം നടന്നു. വലിയ പദവിയിലിരിക്കുന്നവർ ആണ് സ്വാധീനിക്കാൻ ശ്രമിച്ചത്. ഒരു ദിവസം ഒരു ഭരണഘടന പദവിയിലിരിക്കുന്ന വ്യക്തി നികേഷ് കുമാറിനെ വിളിച്ച് എന്നെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു. ഇത് ഞാൻ അറിഞ്ഞിരുന്നില്ല. പിന്നീട് ഇയാളുടെ വിശ്വസ്തൻ എന്നെ വിളിച്ചു.
ഇക്കാര്യം നികേഷ് കുമാറിനോട് പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ കോൾ വന്നത് പറഞ്ഞത്. ഈ യാത്രയിലുടനീളം ദുരനുഭവുമാണ് ഉണ്ടായത്. അതിജീവിതയുമായി സംസാരിച്ചപ്പോൾ അവർ പറഞ്ഞ അനുഭവങ്ങൾ മനസിനെ വേട്ടയാടിക്കൊണ്ടേ ഇരുന്നിരുന്നു. അതിക്രമത്തെ കുറിച്ചല്ല അവർ അതിനുശേഷം അനുഭവിച്ചതിനെ കുറിച്ച്. അന്ന് നടന്നത് എന്താണെന്ന് ഞാൻ ഒരിക്കൽ പോലും അവരോട് ചോദിച്ചിട്ടില്ല. അവർ സംസാരിക്കുമ്പോഴൊക്കേയും അവർ എന്നോട് വിതുമ്പിയിട്ടുണ്ട്. കോടതിയിൽ വെച്ച് ദൃശ്യങ്ങൾ ചോർന്ന സംഭവം വാർത്തയാകുമ്പോൾ നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു കോടതി അലക്ഷ്യമാകുമെന്ന്.
എന്നാൽ കോടതി അലക്ഷ്യമായാലും ജനങ്ങൾ സത്യം അറിയണമെന്ന് തീരുമാനിക്കുകയായിരുന്നു. ആ വാർത്ത വന്നതോടെ ആ പെൺകുട്ടി വളരെ വിഷമത്തിലായി. തുടർന്നാണ് അവർ രാഷ്ട്രപതിയ്ക്ക് ദയാഹർജിയടക്കം നൽകുന്നത്. ഈ കേസിന്റെ പല സമയങ്ങളിലായി 21 പേരാണ് കൂറുമാറിയത്. അതിൽ തന്നെ സിനിമ മേഖലയിലുള്ളവരാണ് കൂടുതൽ. ഈ പെൺകുട്ടിക്കൊപ്പം അഭിനയിച്ച, ഒപ്പം നിൽക്കേണ്ടവരാണ് കൈവിട്ടത്. അതൊക്കെ സ്വാധീനത്തിന് വഴങ്ങിയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആക്രമിക്കപ്പെട്ടതിന് ശേഷം സ്വന്തം നാട് ഉപേക്ഷിച്ച് മറ്റൊരു നാട്ടിൽ അഭയം തേടേണ്ട സാഹചര്യം വന്നു ആ കുട്ടിയ്ക്ക്.
ഇരുട്ടുമുറിയിൽ, അടച്ചിട്ട മുറിയിൽ കഴിഞ്ഞ ദിവസങ്ങൾ. കടുത്ത സൈബർ ആക്രമണങ്ങൾ. പീ ഡനം നേരിട്ട് തുടർച്ചയായ അഞ്ച് വർഷവും അവർക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നു. ഈ സംഭവത്തിൽ ഇരക്കൊപ്പം നിൽക്കുകയാണ് വേണ്ടത്. മറുവശത്ത് ഉള്ളവരുടെ ഭാഗം കേൾക്കേണ്ട കാര്യം പോലും ഇല്ല. പൾസർ സുനി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത് മുതൽ അയാളെ കാണമെന്നും ഈ സംഭവത്തിൽ ആരാണ് ക്വട്ടേഷൻ കൊടുത്തതെന്ന് അയാളെ കൊണ്ട് തന്നെ പറയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഈ കേസിലെ എട്ടാം പ്രതി പറയുന്നത് പൾസർ സുനിയുമായി ബന്ധമില്ലെന്നും മുൻ ഭാര്യയും സുഹൃത്തും ചേർത്ത് ഈ കേസ് തന്റെ മേൽ ഇട്ട് കരിയർ തകർത്തുവെന്നാണ്.
ഇത് തെറ്റാണെന്ന് ബോധ്യം ഉണ്ടെങ്കിലും ഒന്നാം പ്രതിയുടെ വായിൽ നിന്ന് തന്നെ സത്യം അറിയണമെന്ന് ഉണ്ടായിരുന്നു. പൾസർ സുനിയുടെ സുഹൃത്തായ മറ്റൊരാൾ വഴിയാണ് അയാളെ സമീപിക്കുന്നത്. നിരന്തരം ബന്ധപ്പെട്ടാണ് പോകുന്നത്. നിഗൂഢമായ ഒരു മേഖലയിൽ വെച്ചാണ് കാണുന്നത്. ഒരു വനമേഖലയാണ്, ഒന്ന് ഒച്ചവെച്ചാൽ പോലും പുറത്ത് കേൾക്കില്ലെന്ന അവസ്ഥ. ഉറപ്പായിരുന്നു അപകടമാണെന്ന്. ഒപ്പം ഉള്ളയാളെ ആശങ്കപ്പെടുത്തേണ്ടെന്ന് കരുതി മിണ്ടാതിരുന്നു. 15 മിനിറ്റിനുള്ളിലാണ് പൾസർ സുനി വരുന്നത്. ഒപ്പം ഒരു സംഘവമുണ്ടായിരുന്നു. കണ്ടാൽ തന്നെ അറിയാം കുറ്റവാളികളാണെന്ന്.
ഏറെ സമയം സംസാരിച്ചിട്ടും അയാൾ മനസ് തുറന്നില്ല. നിരീക്ഷിക്കുകയാണ്. ഉദ്ദേശമെന്താണെന്ന്. പുസ്തകം എഴുതാനാണ് എന്ന് പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. ഞങ്ങളെ ഭീതിപ്പെടുത്താനാണ് സുനി നോക്കിയത്. ഇപ്പോഴും ക്വട്ടേഷനുണ്ടെന്ന് പറഞ്ഞു. കോഴിക്കോട് എന്റെ വീടിനടുത്തുള്ള ക്വട്ടേഷന സംഘവുമായി ബന്ധമുണ്ടെന്നൊക്കെ എന്നെ പേടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പറഞ്ഞു. വഞ്ചിച്ചാൽ പണിയുറപ്പാണ് എന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പിന്നിൽ ഒരാൾ കത്തിയുമായി നിൽക്കുന്നുണ്ടായിരുന്നു. അന്ന് ഒളികാമറയിൽ പകർത്താൻ ശ്രമിച്ചാൽ പണി ഉറപ്പായിരുന്നു.
അതുകൊണ്ട് വിശ്വാസ്യത നേടിയെടുക്കാനാണ് ശ്രമിച്ചത്. 3 മണിക്കൂർ ശ്രമിച്ചാണ് സംസാരിച്ചത്. അങ്ങനെ കാറിൽ കയറി ഞാൻ തിരികെ വരാൻ നേരം ലാപ്ടോപ്പിൽ എന്റെ പുസ്തകത്തിന്റെ ചില ഭാഗങ്ങൾ എന്ന് പറഞ്ഞ് കാണിച്ചുകൊടുത്തു, അപ്പോൾ സുനിക്ക് വിശ്വാസമായി, അങ്ങനെ കുറച്ച് ഇരിക്കാം സംസാരിക്കാമെന്ന് എന്നോട് ഇങ്ങോട്ട് പറയുകയായിരുന്നു. അവിടെ പിടിച്ചു ഞാൻ. അങ്ങനെ മറ്റൊരു ദിവസം നേരിൽ കണ്ടു. വന്നപ്പോൾ തന്നെ മൊബൈൽ റെക്കോഡ് ചെയ്യുന്നില്ലല്ലോയെന്ന് പറഞ്ഞു. കേൾക്കാൻ സുഖകരമല്ലാത്ത കാര്യങ്ങളാണ് അയാൾ പറഞ്ഞുകൊണ്ടിരുന്നത്.
പക്ഷെ അത് പുറത്തെത്തിക്കണമല്ലോ. അയാൾ പറയുന്ന ചില കാര്യങ്ങൾ കേൾക്കുമ്പോൾ നമ്മുക്ക് കനത്ത മാനസികാഘാതം ഉണ്ടാകും. ഇപ്പോൾ ടെലികാസ്റ്റ് ചെയ്ത കാര്യങ്ങൾ പലതും യഥാർത്ഥത്തിൽ പൾസർ സുനിക്ക് കുരിക്കാകുന്നതാണ്. കാരണം കർശന വ്യവസ്ഥയോടെയാണ് അയാൾക്ക് കോടതി ജാമ്യം അനുവദിച്ചത്. മാധ്യമങ്ങൾക്ക് മുൻപിൽ സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള സുനി മാധ്യമങ്ങളോട് സംസാരിച്ച് വീണ്ടും ജയിലിൽ പോകാൻ നിൽക്കുമോ? ഇതൊക്കെ പ്ലാൻഡ് ആണെന്ന് പറയുന്നവരോട് ഇതൊക്കെയേ ചോദിക്കാനുള്ളൂ എന്നുമാണ് റോഷിപാൽ പറയുന്നത്.
ഏതാനും മാസങ്ങൾക്കുള്ളിൽ അന്തിമവാദം കേൾക്കാൻ ഇരിക്കെയാണ് പൾസർ സുനി ജയിൽ മോചിതനാകുന്നത്. പൾസർ സുനിക്ക് കർശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതിയാണ് പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിമ്മിൽ കൂടുതൽ ഉപയോഗിക്കരുത്, സിം വിവരങ്ങൾ കോടതിയിൽ ഹാജരാക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ഏഴര വർഷമായി പൾസർ സുനി ജയിലിൽ കഴിയുകയാണെന്നും കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാൻ സാധ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പൾസർ സുനിക്ക് ജാമ്യം നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് സർക്കാർ വാദിച്ചു. എന്നാൽ സുപ്രീം കോടതി പൾസർ സുനിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
ജാമ്യം തേടി 10 തവണയാണ് സുനി മേൽക്കോടതിയെ സമീപിച്ചത്. ആറ് തവണ ഹൈക്കോടതിയിലും 4 തവണ സുപ്രീം കോടതിയിലും ഹർജി നൽകി. ഈ സമയത്തെല്ലാം സുനിക്ക് വേണ്ടി ഹാജരായത് പ്രമുഖരായ അഭിഭാഷകരായിരുന്നു. നേരത്തെ തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്തതിന് സുനിയ്ക്ക് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയിരുന്നു. ഒരു ജാമ്യഹർജി തള്ളി മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ജാമ്യഹർജി ഫയൽ ചെയ്തതിനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പിഴ ചുമത്തിയത്.
തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്യാൻ സാമ്പത്തിക സഹായവുമായി ആരോ കർട്ടന് പിന്നിൽ ഉണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഏഴ് വർഷമായി ജയിലിൽ കഴിയുന്ന പ്രതി വിവിധ അഭിഭാഷകർ വഴി ഹൈക്കോടതിയിൽ മാത്രം 10 തവണയാണ് ജാമ്യഹർജി ഫയൽ ചെയ്തത്. രണ്ട് തവണ സുപ്രീംകോടതിയേയും സമീപിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വർഷങ്ങളായി ജയിലിൽ കഴിയുന്ന പ്രതി ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെയല്ല ജാമ്യഹർജി ഫയൽ ചെയ്യുന്നത്.
സ്വന്തമായി നിയോഗിച്ചിരിക്കുന്ന അഭിഭാഷകർ വഴിയാണെന്നതും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതിയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും മറ്റാരോ പിന്നിൽ ഉണ്ടെന്നുമാണ് ഇത് സൂചിപ്പിക്കുന്നതെന്നും കോടതി പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ തന്നെ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉണ്ടെന്നതും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.