വൃക്കസംബന്ധമായ രോഗത്തെ തുടർന്ന് ബോളിവുഡ് നടൻ വരുൺ കുൽക്കർണി ആശുപത്രിയിൽ. നടന്റെ അവസ്ഥ ഗുരുതരമെന്നാണ് വിവരം. നടൻ നിലവിൽ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കുറച്ച് നാളുകളായി രോഗബാധയെ തുടർന്ന് നടൻ ചികിത്സയിലായിരുന്നു.
ഇപ്പോഴിതാ സാമ്പത്തിക സഹായം അഭ്യർത്ഥിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ സുഹൃത്ത് റോഷൻ ഷെട്ടി. സോഷ്യൽ മീഡിയയിൽ റോഷൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ചികിത്സയിലുള്ള താരത്തിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. റോഷന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;
നടനും എന്റെ പ്രിയ സുഹൃത്തുമായ വരുൺ കുൽക്കർണി വൃക്കസംബന്ധമായ രോഗം ബാധിച്ച് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകൾ വർദ്ധിച്ച് വരികയാണ്. നിലവിൽ ആഴ്ചയിൽ രണ്ട് മൂന്ന് തവണ ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയാണ്.
മാത്രമല്ല, ദിനം പ്രതി മറ്റ് ചെലവുകളും ഉണ്ട്. വരുണിന്റെ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം ആവശ്യമാണ്. വരുണിനെ വ്യക്തിപരമായി അറിയുന്നവർ സഹായിക്കാനുള്ള മനസ് കാണിക്കണം. വരുണിനെ തിരികെ കാെണ്ടുവരാൻ നമുക്ക് ഒരുമിച്ച് നിൽക്കാം എന്നും സുഹൃത്ത് കുറിച്ചു.
അതേസമയം, രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ഡംകിയിൽ വരുൺ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിക്കി കൗശൽ, തപ്സി പന്നു എന്നിവർക്കൊപ്പമാണ് വരുൺ കുൽക്കർണി അഭിനയിച്ചത്. 2023-ൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ഇത്.