ഇത്തരം തിന്മകളില്‍ പോയി ഇനിയും വീഴരുതെന്ന് മുഖ്യമന്ത്രിയാണോ പഠിപ്പിക്കേണ്ടത്, ഇത്തരം തിന്മകളെ സമൂഹം മനസിലാക്കണമെന്ന് സുരേഷ് ഗോപി

കേരളത്തെ ഞെട്ടിച്ചുകൊണ്ടുള്ള നരബലിയുടെ വാർത്തയായിരുന്നു ഇന്നലെ പുറത്ത് വന്നത്. കൊച്ചി നഗരത്തിലെ ലോട്ടറി തൊഴിലാളികളായ രണ്ട് സ്ത്രീകളെ തിരുവല്ലയിലെ വീട്ടിലെത്തിച്ച് ക്രൂരമായ പീഡനത്തിന് ശേഷം വെട്ടിക്കൊലപ്പെടുത്തിയത് അക്ഷരാത്ഥത്തിൽ മലയാളികലെ ഞെട്ടിപ്പിക്കുകയാണ്.

കേസില്‍ തിരുവല്ല ഇലന്തൂർ സ്വദേശികളായ ഭഗവല്‍ സിങ്, ഭാര്യ ലൈല, സ്ത്രീകളെ ഇവർക്ക് എത്തിച്ച് നല്‍കിയ ഏജന്റ് ഷാഫി എന്ന റഷീദ് തുടങ്ങിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ഇപ്പോഴിതാ നരബലി കേസില്‍ പ്രതികരണവുമായി മുന്‍ എം പി സുരേഷ് ഗോപി. സിദ്ധനെന്നു പറയുന്നവരുടെ തട്ടിപ്പുകളില്‍ ജനങ്ങള്‍ വീഴരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം തിന്മകളെ സമൂഹം മനസിലാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

തട്ടിപ്പുകളെക്കുറിച്ചറിഞ്ഞിട്ടും വീണ്ടും അതില്‍ പോയി വീഴുന്നു എന്നതാണ് പ്രശ്‌നം. ഇത്തരം തിന്മകളില്‍ പോയി ഇനിയും വീഴരുതെന്ന് മുഖ്യമന്ത്രിയാണോ പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. അധമ പ്രവര്‍ത്തനങ്ങളില്‍ എന്റെ സംഭാവന ഉണ്ടാകില്ലെന്ന് ഓരോ വ്യക്തിയും കരുതിയാല്‍ പ്രശ്‌നം തീരും. നേരത്തെയും ഇത്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. ജനങ്ങള്‍ സ്വയം തീരുമാനമെടുക്കണമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

അതേസമയം ഇലന്തൂരിൽ കൊലപാതകങ്ങൾ നടത്തിയത് സാമ്പത്തിക ഉന്നതിക്കും, ഐശ്വര്യത്തിനും വേണ്ടിയാണെന്ന് റിമാൻഡ് റിപ്പോർട്ട്. പത്മയെ ഷാഫിയും റോസ്‌ലിയെ ലൈലയുമാണ് കൊലപ്പെടുത്തിയത്. പണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് പത്മയെ കൊലപ്പെടുത്തിയത്. പ്ലാസ്റ്റിക് കവറുകൊണ്ട് കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ചു. സ്വകാര്യഭാഗത്ത് കത്തി കയറ്റുകയും തുടർന്ന് കഴുത്തറുക്കുകയുമായിരുന്നു. കൈകാലുകൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വെട്ടിനുറുക്കി. 56 കഷണങ്ങളാക്കി ബക്കറ്റുകളിലെടുത്ത് വീടിന്റെ പിന്നിൽ കുഴിച്ചിട്ടു. സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ കുത്തി മുറിവേൽപ്പിച്ചെന്നും പൊലീസ് പറയുന്നു.

മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ലൈല എന്നിവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ് എന്നിവരെ കാക്കനാട് ജില്ലാ ജയിലേക്കും, ലൈലയെ വനിതാ ജയിലിലേക്കും മാറ്റും.

പ്രതികള്‍ക്ക് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ ഇന്ന് തന്നെ നല്‍കുമെന്ന് പോലീസ് അറിയിച്ചു. ഷാഫി വേറെയും സ്ത്രീകളെ പൂജയില്‍ പങ്കാളികളാകാന്‍ ആവശ്യപ്പെട്ട് സമീപിച്ചെന്ന വെളുപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു.

Noora T Noora T :