നടൻ ഷൈൻ ടോം ചാക്കോയെ ലഹരിക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിർണായകമായത് ഫോൺ കോളുകളാണ് എന്നാണ് വിവരം. ലഹരി ഇടപാടുകാരുമായുള്ള ഫോൺ കോളുകളിൽ വിശദീകരണം നൽകാൻ ഷൈന് കഴിഞ്ഞില്ല.
എൻഡിപിഎസ് (NDPS) ആക്ടിലെ വകുപ്പ് 27 ഉം 29 ഉം പ്രകാരമാണ് ഷൈനിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഷൈൻ നൽകിയ മൊഴികളിൽ നിന്നും അറസ്റ്റ് ചെയ്യാനുളള തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയ ഓടിയതുമായി ബന്ധപ്പെട്ടാണ് ഷൈനെ പൊലീസ് ചോദ്യം ചെയ്തത്.
ഡോർ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് കുറച്ച് തടിമാടൻമാരെയാണ് കണ്ടതെന്നും മസിലുള്ള കുറച്ച് പേരെ ഒന്നിച്ച് കണ്ടപ്പോൾ പേടിച്ച് പോയി. അങ്ങനെയാണ് ഇറങ്ങി ഓടിയതെന്നും ഷൈൻ മൊഴി നൽകിയത്. ചാടിയപ്പോൾ ഭയം തോന്നിയില്ലെന്നും ജീവൻ രക്ഷിക്കുക എന്ന് മാത്രമായിരുന്നു ആ നേരത്തെ ചിന്തയെന്നും നടൻ പറഞ്ഞു.
നഗരത്തിലെ പ്രധാന ലഹരി വിതരണക്കാരനെ തേടിയാണ് ഡാൻസാഫ് സംഘം അന്ന് ഹോട്ടലിലെത്തിയത്. കൊച്ചിയിൽ നിന്ന് മുങ്ങിയ ഷൈൻ പൊള്ളാച്ചിയിലെ റിസോർട്ടിൽ പോയെന്നായിരുന്നു വിവരം. ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പൊലീസ് പ്രത്യേക ചോദ്യാവലി തയാറാക്കിയിരുന്നു.