ഷാരൂഖ്​ ഖാന്​ സൗദി അറേബ്യയുടെ ബഹുമതി, റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ ആദരിക്കും

നടൻ ഷാരൂഖ് ഖാന് ബഹുമതി നല്‍കി സൗദി അറേബ്യ. ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെ ജിദ്ദയില്‍ നടക്കുന്ന രണ്ടാമത് റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ ഷാരൂഖ് ആദരിക്കപ്പെടും. ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് കിങ് ഖാനെ ആദരിക്കുന്നത്

അസാധാരണ പ്രതിഭയും അന്താരാഷ്‌ട്ര സിനിമയുടെ ഐക്കണുമായ ഷാരൂഖ് ഖാനെ ആദരിക്കുന്നതിൽ സന്തുഷ്ടരാണെന്ന്​ റെഡ് സീ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഫൗണ്ടേഷൻ സി.ഇ.ഒ മുഹമ്മദ് അൽ തുർക്കി പറഞ്ഞു. ഡിസംബറില്‍ സൂപ്പര്‍ താരത്തെ ജിദ്ദയിലേക്ക് സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്ന് ഈ പുരസ്‌കാരം നേടാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നു. സൗദി എന്റെ ചിത്രങ്ങള്‍ക്ക് എല്ലായ്പ്പോഴും വലിയ പിന്തുണ നല്‍കിയിട്ടുണ്ട്. സൗദിയുടെ അമ്പരപ്പിക്കുന്ന ഈ ഫിലിം ഇന്‍ഡസ്ട്രിയുടെ ഭാഗമാകാനും ഏറെ താല്‍പര്യമുണ്ട്’, ഷാരൂഖ് ഖാന്‍ പറഞ്ഞു.

61 രാജ്യങ്ങളിൽ നിന്നായി 41 ഭാഷകളിലുള്ള ചിത്രങ്ങളും ഫീച്ചർ ഫിലിമുകളും ഉൾപ്പെടെ 131 സിനിമകൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. വളർന്നുവരുന്നവരും പരിചയസമ്പന്നരുമായ ഒരു കൂട്ടം പ്രതിഭകൾ നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത സിനിമകളാണിവ.

ഷാരൂഖ് നിലവില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ സിനിമ ചിത്രീകരണത്തിലാണ്. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ദുംകിയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് നടന്‍ സൗദിയിലെത്തിയത്. മെഗാ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ രാജ്കുമാര്‍ ഹിറാനിയുമായി ആദ്യമായാണ് ഷാരൂഖ് കൈകോര്‍ക്കുന്നത്.

Noora T Noora T :