ഏത് പ്രവര്‍ത്തനം നടത്തുമ്പോഴും മോശം പറയുന്ന ആളുകള്‍ ഉണ്ട്; രാജേഷ് ശര്‍മ പറയുന്നു!

കഴിഞ്ഞ രണ്ടു നാളുകളായി സോഷ്യൽ മീഡിയയിൽ വൈറലായിരുന്ന ഒരാളാണ് നൗഷാദ് . പ്രളയത്തിൽ ദുരന്തം അനുഭവിക്കുന്നവർക്ക് നമ്മളാൽ കഴിയുന്ന സഹായം ഏവരും ചെയ്യുന്നുണ്ട് . എന്നാൽ നൗഷാദിന്റെ സഹായമാണ് കേരളമാകെ ഞെട്ടിപ്പോയത്.

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന സഹജീവികള്‍ക്ക് വേണ്ടി തന്റെ കയ്യിലുള്ളതെല്ലാം നല്‍കിയ ബ്രോഡ്‌വേയില്‍ കച്ചവടക്കാരന്‍ നൗഷാദിന്റെ നന്മയ്ക്ക് നാമെല്ലാവരും സാക്ഷിയായതാണ്. നടന്‍ രാജേഷ് ശര്‍മ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊച്ചിയിലെ ബ്രോഡ്‌വേയില്‍ എത്തിയപ്പോഴാണ് നൗഷാദിനെ കണ്ടു മുട്ടുന്നത്. കടയിലുള്ള വസ്ത്രങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തകള്‍ക്ക് മുന്‍പില്‍ വാരിയിടുന്ന നൗഷാദിനെ കണ്ടപ്പോള്‍ താന്‍ അത്ഭുതപ്പെട്ടു പോയെന്ന് രാജേഷ് ശര്‍മ പറയുന്നു. ബിഹൈന്‍ഡ് വുഡ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സംഭവത്തെക്കുറിച്ച് വിവരിച്ചത്.

കുട്ടികള്‍ക്ക് വേണ്ടിയുള്ള വസ്ത്രം വേണോ എന്ന് ചോദിച്ചാണ് നൗഷാദ് എന്നെ വിളിച്ചു കൊണ്ടു പോയത്. പോകുമ്പോള്‍ എനിക്ക് സംശയമുണ്ടായി ഇയാള്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്‌നം ഉണ്ടോ എന്നൊക്കെ. കടയില്‍ ചെന്നപ്പോള്‍ നൗഷാദ് എല്ലാം വാരിയിടുകയാണ്. ഞാന്‍ അപ്പോള്‍ ചോദിച്ചു, ഇത് നിങ്ങളുടെ കട തന്നെയാണോ. അപ്പോള്‍ നൗഷാദ് പറഞ്ഞു, ഫുട്പാത്തിലെ കച്ചവടക്കാരനാണ് ഞാന്‍, എന്റെ കയ്യില്‍ ബ്രാന്‍ഡസ് വസ്ത്രം ഒന്നുമില്ല. എന്റെ കയ്യില്‍ ഉള്ളതെല്ലാം തരാം. അദ്ദേഹത്തിന്റെ മക്കള്‍ക്ക് വേണ്ടിയുള്ള സാധനങ്ങളാണ് എന്ന് എല്ലാവരും ഓര്‍ക്കണം. നമ്മള്‍ എല്ലാവരും സെയ്ഫ് സോണില്‍ നിന്നുകൊണ്ടാണ് സേവനം ചെയ്യുന്നത്. എന്നാല്‍ അദ്ദേഹം അങ്ങനെയല്ല, ധനികനല്ല. ആ മനുഷ്യന്‍ സാധനങ്ങള്‍ നിറക്കുയ്ക്കുകയാണ്. ഏകദേശം ഒരു ലക്ഷത്തിന്് മേലെ രൂപ വരുന്ന സാധനകള്‍ തന്നു. അപ്പോള്‍ ഞാന്‍ മനസ്സിലാക്കി നൗഷാദിനല്ല, നമ്മള്‍ക്കാണ് മാനസിക പ്രശ്‌നമുള്ളത്.

നൗഷാദിന് സഹായം വാഗ്ദാനം ചെയ്ത് കൊണ്ട് ധാരാളം ആളുകള്‍ ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. തല്‍ക്കാലം ഞാന്‍ അതൊന്നും പ്രോത്സാഹിപ്പിക്കാനില്ല. നൗഷാദ് എന്നെ ഒരു ദൗത്യം ഏല്‍പ്പിച്ചിട്ടുണ്ട്. അത് പൂര്‍ത്തിയാക്കണം.

നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ നന്‍മയുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ പറ്റിക്കുമോ എന്നൊക്കെ കരുതി അത് പുറത്ത് കാണിക്കുകയില്ല. നൗഷാദിന് ആ ഭയമില്ല. നമുക്ക് ഒരവസരം കിട്ടുമ്പോള്‍ അത് പ്രകടിപ്പിക്കണം.

കഴിഞ്ഞ പ്രളയത്തില്‍ നാമെല്ലാവരും സജീവമായി പ്രവര്‍ത്തിച്ചു. എന്നാല്‍ ഇത്തവണ എല്ലാവര്‍ക്കും മടിയാണ്. നമ്മള്‍ പറ്റിക്കപ്പെടുന്നുണ്ടോ എന്നെല്ലാം. സത്യത്തില്‍ അങ്ങനെയൊന്നും ഇല്ല. നമ്മളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഏത് പ്രവര്‍ത്തനം നടത്തുമ്പോഴും മോശം പറയുന്ന ആളുകള്‍ ഉണ്ട്. അതൊന്നും ഗൗനിക്കരുത്. നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ ഒരു നൗഷാദുണ്ട്.

ഞങ്ങള്‍ കഴിഞ്ഞ ദിവസം ചില വലിയ സ്ഥാപനങ്ങളുടെ മുതലാളികളുടെ അടുത്തു പോയി. അവര്‍ തരാന്‍ പറ്റില്ല എന്ന് പറഞ്ഞു. അപ്പോള്‍ അവിടെ ജോലി ചെയ്യുന്നവരുടെ അടുത്ത് പോയി സഹായം ചോദിച്ചു. ആദ്യം അവര്‍ മിണ്ടിയില്ല. എന്നാല്‍ അവിടെ നിന്ന് ഇറങ്ങിയപ്പോഴേക്കും ജോലിക്കാര്‍ ഒരു കവര്‍ നിറയെ സാധനങ്ങളുമായി ഓടി വന്നു. പേര് പോലും പറയാതെ അവര്‍ ഓടി മറഞ്ഞു. നമ്മള്‍ ഇറങ്ങി പ്രവര്‍ത്തിച്ചാല്‍ പലരിലും ആ നന്‍മ കാണാന്‍ സാധിക്കും. എല്ലാവരും ഒരുമിച്ച് നിന്നാല്‍ ഞങ്ങള്‍ അതിജീവിക്കും.

Actor Rajesh Sharma talks about Noushad

Sruthi S :