നീയാണ് ഈ സിനിമയിലെ നായകനെന്ന് പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു കൊണ്ട് വിനയൻ സാറിന്റെ കാലിൽ വീണു !!
എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നതെന്നും,ഇങ്ങനെ ഒരു മഹാഭാഗ്യം തനിക്ക് കിട്ടുമെന്ന് വിചാരിച്ചിരുന്നില്ലെന്നും രാജാമണി പറയുന്നു.ഒരുപാടു പേർ കലാഭവൻ മണിയുടെ ജീവിതകഥ പറയുന്ന ഈ ചിത്രത്തിലെ ആ വേഷം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ ആ ഭാഗ്യം ലഭിച്ചത് തനിക്കാണെന്നും രാജാമണി പറഞ്ഞു.
“കഴിഞ്ഞ ഓണത്തിന് എംജി ശ്രീകുമാർ ചേട്ടന്റെ കൂടെ ഒരു യു.എസ് ട്രിപ്പിനിടെയായിരുന്നു എന്റെ സുഹൃത്തും വിനയൻ സാറിന്റെ അസ്സോസിയേറ്റുമായ രതീഷിന്റെ വാട്ട്സാപ്പ് മെസ്സേജ് എനിക്ക് ലഭിച്ചത്. എത്രയും പെട്ടെന്ന് വിനയൻ സാറിനെ കോണ്ടാക്ട് ചെയ്യാനായിരുന്നു അവൻ പറഞ്ഞത്. കൂടെ വിനയൻ സാറിന്റെ നമ്പറുമുണ്ടായിരുന്നു.അമേരിക്കയിൽ ആ സമയത്ത് പകലാണ്. നാട്ടിൽ രാത്രി ഒരുപാട് വൈകിയിട്ടുണ്ടാകും എന്നും അറിയാമായിരുന്നു.”
“ആ സമയത്ത് അദ്ദേഹത്തിന് വിളിക്കാൻ ഒരു മടി ഉണ്ടായിരുന്നു. പക്ഷെ, രണ്ടും കൽപിച്ച് ഞാൻ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം ഫോൺ എടുക്കുകയും നാട്ടിലെത്തിയാൽ ഉടൻ തന്നെ അദ്ദേഹത്തെ ചെന്ന് കാണണമെന്ന് പറയുകയും ചെയ്തു.” – രാജാമണി പറയുന്നു.
കലാഭവൻ മണിയുടെ ഡ്യൂപ്പ് ചെയ്യുന്ന, അദ്ദേഹത്തെ അനുകരിക്കുന്ന ഒരുപാട് പേര് ഈ സിനിമയിലെ ആ കഥാപാത്രത്തിനായി വിനയൻ സാറിനെ വന്നു കണ്ടിരുന്നെന്നും എന്നാൽ അദ്ദേഹം അവരെയെല്ലാം പറഞ്ഞു വിടുകയായിരുന്നെന്നും രാജാമണി പറയുന്നു. നാട്ടിലെത്തിയ ഉടൻ വിനയനെ പോയി കണ്ട രാജാമണിയോട് കലാഭവൻ മണിയെ കുറിച്ചായിരുന്നത്രെ ചോദിച്ചത് മുഴുവനും. ആ കൂടിക്കാഴ്ചയുടെ അവസാനം കീശയിൽ നിന്ന് ഒരു അഡ്വാൻസ് കയ്യിൽ തന്ന് “നീയാണ് ഈ സിനിമയിൽ കലാഭവൻ മണിയെ അവതരിപ്പിക്കുന്നത്” എന്ന് വിനയൻ പറഞ്ഞപ്പോൾ താൻ കരഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ കാലിൽ വീണെന്ന് രാജാമണി പറഞ്ഞു.
Actor Rajamani about his role in Chalakkudikkaran Changathi